തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഫാ.ടോം ഉഴുന്നാലില്‍

എത്രയും വേഗം തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹം താന്‍ വളരെയധികം ദുഖിതനും നിരാശനുമാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. അബൂദബിയിലുള്ള ഒരു ബന്ധു വഴി അദ്ദേഹത്തിന്റെ കേരളത്തിലെ ബന്ധുക്കള്‍ക്കു ലഭിച്ച വീഡിയോയാണു ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഫാ.ടോം ഉഴുന്നാലില്‍

തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, തന്നെ എത്രയും വേഗം ജീവന്‍ രക്ഷിക്കണമെന്ന് യമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലില്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്ത്. തന്റെ വിഷയത്തില്‍ ഗൗരവതരമായ നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും എത്രയും വേഗം തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്ന വീഡിയോ ആണു ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

താന്‍ വളരെയധികം ദുഖിതനും നിരാശനുമാണെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ പറയുന്നു. അബൂദബിയിലുള്ള ഒരു ബന്ധു വഴി അദ്ദേഹത്തിന്റെ കേരളത്തിലെ ബന്ധുക്കള്‍ക്കു ലഭിച്ചതാണ് വീഡിയോ.


ഒരു യൂറോപ്പുകാരന്‍ ആയിരുന്നെങ്കില്‍ തനിക്ക് ഇത്തരമൊരു ഗതി വരില്ലായിരുന്നു. ഇന്ത്യക്കാരനായതാണു ഇങ്ങനൊരു സ്ഥിതിക്കു കാരണമെന്നും തന്നോടൊപ്പം ബന്ധിയാക്കിയ ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചെന്നും ഫാദര്‍ പറയുന്നു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും പലതവണ അപേക്ഷിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

ഓരോ ദിവസവും തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. വൈദ്യസഹായം ലഭ്യമാക്കണം. മോചനത്തിനായുള്ള ശ്രമങ്ങള്‍ വാര്‍ത്തകളില്‍ ഒതുങ്ങുകയാണെന്നും സഭയോ മാര്‍പ്പാപ്പയോ ഇടപെട്ടിട്ടില്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വീഡിയോ പുതിയതാണോ അല്ലയോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ഇതിനായി ഇത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു അയച്ചുകൊടുത്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനു തയ്യാറാവാതിരുന്ന മന്ത്രാലയം വീഡിയോ വ്യാജമാണെന്ന മറുപടി മാത്രമാണു നല്‍കിയിരിക്കുന്നത്. വീഡിയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇത് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് യമനിലെ ഏദനിലെ ഒരു പള്ളിയില്‍ നിന്ന് ഭീകരര്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍ മോചനം ഉടനുണ്ടാവുമെന്നു അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതോടെ അദ്ദേഹത്തിന്റെ മോചനം നീളുകയാണ്.

അതേസമയം, സര്‍ക്കാരുകളും സഭയുമാണ് മോചനത്തിനായി ശ്രമിക്കേണ്ടതെന്നും അവരുടെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നും ഫാദര്‍. ടോം ഉഴുന്നാലിലിന്റെ ബന്ധു സാജന്‍ ഉഴുന്നാലില്‍ പറഞ്ഞു. സഭയും സര്‍ക്കാരുമാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെടേണ്ടത്. എന്നാല്‍ നിസ്സഹകരണമാണ് ഇരു ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും സാജന്‍ ആരോപിക്കുന്നു. മുമ്പും ഇത്തരത്തില്‍ ഒരു വീഡിയോ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.https://www.youtube.com/watch?v=sv8S6DkTDF8

Read More >>