കൊടിഞ്ഞി ഫൈസല്‍ വധം: പ്രധാന പ്രതികളായ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

മലപ്പുറം പുല്ലൂന്നി സ്വദേശികളായ അപ്പൂസ്, ബാബു, കുട്ടാപ്പു എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരിട്ടുബന്ധമുള്ളവരാണ് ഇവര്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ മൂന്നുപേരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുളള സിഐ ഹനീഫ അറിയിച്ചു. ഇതോടെ കേസില്‍ റിമാന്‍ഡിലായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം 11 ആയി.

കൊടിഞ്ഞി ഫൈസല്‍ വധം: പ്രധാന പ്രതികളായ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നു പ്രധാന പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം പുല്ലൂന്നി സ്വദേശികളായ അപ്പൂസ്, ബാബു, കുട്ടാപ്പു എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരിട്ടുബന്ധമുള്ളവരാണ് ഇവര്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ മൂന്നുപേരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുളള സിഐ ഹനീഫ അറിയിച്ചു. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍പേര്‍ മതം മാറി ഇസ്ലാമിലേക്കു പോകുന്നത് തടയുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശമെന്നും ഇത് ആസൂത്രിതമായിരുന്നെന്നും പോലീസ് വ്യക്തമാക്കി.


നേരത്തെ കേസില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് അടക്കം എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. വിനോദ്, ഹരിദാസ്, ഷാജി, സുനി, ലികേഷ്, പ്രദീപ്, സതീഷ്, ജയപ്രകാശ് എന്നിവരാണ് മുമ്പ് അറസ്റ്റിലായി റിമാന്‍ഡിലുള്ളത്. ഇതോടെ കേസില്‍ റിമാന്‍ഡിലായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം 11 ആയി.

ഇപ്പോള്‍ റിമാന്‍ഡിലായ മൂന്നുപേരില്‍ ബാബുവിന്റെ അറസ്റ്റ് ഇന്നലെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മൂവരേയും തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. മുഖം മറച്ചാണ് ബാബുവിനെ കോടതിയില്‍ എത്തിച്ചത്. പുല്ലൂന്നി കേന്ദ്രീകരിച്ച് ആര്‍എസ്എസ് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് ഇപ്പോള്‍ പിടിയിലായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫൈസല്‍ മതംമാറിയതില്‍ സഹോദരീ ഭര്‍ത്താവ് വിനോദിനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നതായും മകനെ കൊല്ലുമെന്ന് ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഫൈസലിന്റെ അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിനോദ് അടക്കം എട്ടുപേര്‍ ആദ്യം അറസ്റ്റിലായിരുന്നെങ്കിലും സംഘടനയുടെ പേര് പുറത്തുപറയാന്‍ പോലിസ് തയ്യാറായിരുന്നില്ല. ഇപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചത്.

നവംബര്‍ 19ന് പുലര്‍ച്ചെ നാലിനാണ് കൊടിഞ്ഞിയില്‍ വച്ച് ഫാറൂഖ് നഗര്‍ സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെട്ടത്. ഗള്‍ഫില്‍നിന്നു നാട്ടിലെത്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തിരിച്ചുപോവുന്നതിന്റെ തലേദിവസമായിരുന്നു ഫൈസല്‍ കൊല്ലപ്പെടുന്നത്. തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ താനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ കൊടിഞ്ഞി പാലാ പാര്‍ക്കിലെ വാടകവീട്ടില്‍നിന്ന് സ്വന്തം ഓട്ടോയില്‍ പോകുമ്പോഴായിരുന്നു കൊലപാതകം. എട്ടുമാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് ഭാര്യയും രണ്ടു മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെതന്നെ മതം മാറിയിരുന്നു. നാട്ടില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസം. ഫൈസലിന്റെ കൊലപാതകത്തിനുശേഷം അമ്മയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

Read More >>