വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ; എട്ടു വയസുകാരി മരിച്ചു

ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ അടക്കമുള്ള ചിലരില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാൽ ഛര്‍ദ്ദി, വയറിളക്കം മുതലായ അസ്വസ്ഥതകള്‍ ഉണ്ടാവും. തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളേയും ഇതു ബാധിക്കാനുള്ള സാധ്യതയുണ്ട്.

വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ; എട്ടു വയസുകാരി മരിച്ചു

പാലക്കാട്: കടമ്പഴിപ്പുറത്ത് ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. കടമ്പഴിപ്പുറം മാവടി ചോലയില്‍ ഗോപാലകൃഷ്ണന്റെ മകളും ജി എല്‍ പി സ്‌കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ അനഘയാണ് വെള്ളിയാഴ്ച്ച മരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന മിഥുന്‍ എന്ന കുട്ടിയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച കടമ്പഴിപ്പുറത്ത് ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കല്യാണത്തിന് നെയ്‌ച്ചോറും കോഴിക്കറിയുമാണ് പ്രധാന ഭക്ഷണമായി നല്‍കിയിരുന്നത്. ഇത് കഴിച്ചവര്‍ക്കാണ് രോഗബാധയുണ്ടായത്. ശനിയാഴ്ച്ച ഭക്ഷണം കഴിച്ചെങ്കിലും ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമായാണ് പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമായി വന്ന 74 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സക്കു ശേഷം ചിലരെ വിട്ടയച്ചെങ്കിലും 17 പേര്‍ കടമ്പഴിപ്പുറത്തെ പ്രാഥമികരോഗ്യ കേന്ദ്രത്തിലും മറ്റും കിടത്തി ചികിത്സക്ക് വിധേയമായി. ഇതില്‍ 13 പേര്‍ ഇപ്പോഴും  ചികിത്സയില്‍ തുടരുകയാണ്.


[caption id="attachment_70389" align="alignleft" width="300"] അനഘ[/caption]

ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ അടക്കമുള്ള ചിലരില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പെട്ടെന്ന് വ്യാപിക്കുന്ന ഈ ബാക്ടീരിയ കേരളത്തില്‍ കുറെ കാലത്തിന് ശേഷം ഇപ്പോഴാണ് കണ്ടെത്തുന്നത്.  ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാൽ  ഛര്‍ദ്ദി, വയറിളക്കം മുതലായ അസ്വസ്ഥതകള്‍ ഉണ്ടാവും. തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളേയും ഇതു ബാധിക്കാനുള്ള സാധ്യതയുണ്ട്.

തൃശ്ശൂരില്‍ നിന്നുള്ള ഉന്നത മെഡിക്കല്‍ സംഘം ഇന്നു സ്ഥലത്ത് പരിശോധന നടത്തും. ഇതിനു ശേഷമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഔദോഗികമായി പുറത്തു വിടുകയുള്ളു. അനഘയുടെ ശരീരത്തില്‍ കണ്ടെത്തിയത് ഷിഗെല്ല ബാക്ടീരിയ അല്ലെന്നും വിശദീകരണമുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മിഥുന് ഡെങ്കിപ്പനിയും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിശദീകരണം.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അനഘയുടെ നില വഷളായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ പ്രവേശിപ്പിക്കപ്പെട്ട് മൂന്നു ദിവസത്തിനു ശേഷമാണ് മരണം സംഭവിച്ചത്. അനഘയുടെ ശരീരത്തില്‍ നിന്ന് മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ നിന്നെടുത്ത സിറത്തിലാണ് ഇത് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി സിറം മണിപ്പാലിലേയ്ക്കയച്ചു. പരിശോധനാ ഫലം കിട്ടിയ ശേഷമെ ബാക്ടീരിയ ഏതെന്നും മറ്റും സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.

Story by
Read More >>