പെരുമണ്ണു ദുരന്തത്തിന് എട്ടാണ്ട്‌; കേസിൽ ഇനിയും വിചാരണ തുടങ്ങിയില്ല

ഇരിക്കൂർ പെരുമണ്ണ് നാരായണവിലാസം സ്‌കൂളിൽ നിന്നും വൈകീട്ട് സ്‌കൂൾ വിട്ടു മടങ്ങുകയായിരുന്ന കുരുന്നുകളാണ് 2008 ഡിസംബർ നാലിന് ദുരന്തത്തിൽ പെട്ടത്. ഒരേ വരിയിൽ നടന്നുവരികയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് അമിതവേഗതയിൽ വന്ന ജീപ്പ് പാഞ്ഞുകയറുകയായിരുന്നു.

പെരുമണ്ണു ദുരന്തത്തിന് എട്ടാണ്ട്‌; കേസിൽ ഇനിയും വിചാരണ തുടങ്ങിയില്ല

കണ്ണൂർ: സ്‌കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്കു ജീപ്പു പാഞ്ഞുകയറി പത്ത് കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിന് ഇന്ന് എട്ടുവയസ്സ്. ഇരിക്കൂർ പെരുമണ്ണ് നാരായണവിലാസം സ്‌കൂളിൽ നിന്നും വൈകിട്ടു സ്‌കൂൾ വിട്ടു മടങ്ങുകയായിരുന്ന കുരുന്നുകളാണ് 2008 ഡിസംബർ നാലിന് ദുരന്തത്തിൽ പെട്ടത്. ഒരേ വരിയിൽ നടന്നുവരികയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് അമിതവേഗതയിൽ വന്ന ജീപ്പ് പാഞ്ഞുകയറുകയായിരുന്നു.

പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവർ അപകടത്തിൽ മരണപ്പെട്ടു. പത്തിലധികം കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദുരന്തത്തിന് ദൃക്‌സാക്ഷികളാകേണ്ടിവന്ന നിരവധിക്കുരുന്നുകൾ ഇപ്പോഴും ഇതിന്റെ മാനസിക ആഘാതവുമായാണ് ജീവിക്കുന്നത്.


ദുരന്തം നടന്നതിനു സമീപത്തുള്ള ചെങ്ങളവീട്ടിൽ കൃഷ്ണവാര്യർ എന്ന മനുഷ്യസ്നേഹി നൽകിയ സ്ഥലത്താണു കുഞ്ഞുങ്ങളെ സംസ്കരിച്ചത്. ഇവിടെ ജനകീയ കൂട്ടായ്മയിൽ 20 ലക്ഷം രൂപ ചിലവിൽ സ്മാരകം നിർമ്മിച്ചിട്ടുണ്ട്.സംസ്ഥാനത്തു തന്നെ ഇത്തരത്തിൽ സ്‌കൂൾ കുട്ടികൾ കൊല്ലപ്പെട്ട സംഭവം വേറെയില്ല. എന്നാൽ യാതൊരു വിധ ഗൗരവസ്വഭാവവും നൽകാതെയാണു പോലീസ് കേസ് കൈകാര്യം ചെയ്തത്. സംഭവം നടന്നയുടൻ അറസ്റ്റിലായ ജീപ്പു ഡ്രൈവർക്കു ദിവസങ്ങൾക്കുള്ളിൽ തന്നെ ജാമ്യം ലഭിച്ചു. പോലീസിന്റെ അനാസ്ഥമൂലമാണു കുറ്റക്കാരനായ ജീപ്പുഡ്രൈവർക്കു ജാമ്യം ലഭിക്കാനിടയായതെന്നു അപ്പോൾ തന്നെ ആക്ഷേപമുയർന്നിരുന്നു. ശാസ്ത്രീയ തെളിവുകൾ പോലും കൃത്യമായി ശേഖരിക്കാതെ തികഞ്ഞ അലംഭാവത്തോടെയാണു പോലീസ് അന്വേഷണം നടത്തിയത്. ഇതിനിടയിൽ കുറ്റക്കാരനായ ജീപ്പ് ഡ്രൈവർ വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. 2010 നവംബർ 12നു തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നാളിതുവരെയായി ഇതിന്റെ വിചാരണ ആരംഭിച്ചിട്ടില്ല എന്നതും കടുത്ത നീതി നിഷേധമാണ്. കുറ്റപത്രത്തിൽ ഏറെ പിഴവുകളുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സ്‌മൃതിമണ്ഡപത്തിൽ ഇന്ന് പുഷ്പാർച്ചനയും സ്‌കൂളിൽ അനുസ്മരണസമ്മേളനവും നടക്കും. എൻഡോവ്മെന്റ് വിതരണമടക്കം വിപുലമായ അനുസ്മരണപരിപാടികൾ ജനകീയകൂട്ടായ്മയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

Read More >>