തൂവെള്ള നിറമുള്ള പഞ്ചാര വില്ലന്‍!

ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പഞ്ചസാര സ്വാധീനിക്കുന്നു എന്നുള്ളത് അതിശയോക്തിയല്ല, സത്യമാണ്.

തൂവെള്ള നിറമുള്ള പഞ്ചാര വില്ലന്‍!

ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പായി ശരീരഭാരം അല്‍പമെങ്കിലും നിയന്ത്രിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നുള്ളതാണ്. ശരീരഭാരത്തിന്‍റെ ക്രമീകരണം മാത്രമല്ല, ആരോഗ്യപരമായ മറ്റു പല പ്രയോജനങ്ങളും നിങ്ങള്‍ക്ക് ഇത്തരത്തില്‍ നേടാവുന്നതാണ്.

പഞ്ചസാര ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പഞ്ചസാര സ്വാധീനിക്കുന്നു എന്നുള്ളത് അതിശയോക്തിയല്ല, സത്യമാണ്. വായില്‍ ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുക വഴി പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിക്കുന്നു. ഇത്തരത്തില്‍ ഉള്ള ബാക്ടീരിയ ഭക്ഷണത്തിലൂടെ രക്തത്തില്‍ കലരുകയും ശരീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.


ലഹരിവസ്തുക്കള്‍ പോലെ തലച്ചോറിനെ സ്വാധീനിക്കുവാനും പഞ്ചസാരയ്ക്ക് കഴിയും എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുക്കൊണ്ടാണ് മധുരം ചേര്‍ത്ത പാനീയങ്ങളും ഭക്ഷണവും നമ്മുക്ക് സന്തോഷം പകരുന്നതും, പഞ്ചസാരയില്ലാതെ ഇവ ഭക്ഷിക്കേണ്ടി വരുമ്പോള്‍ ഒരു തരം മന്ദത അനുഭവപ്പെടുന്നതും എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

എങ്ങനെയാണ് പഞ്ചസാര തടി കൂട്ടുന്നത്‌?

പഞ്ചസാര കഴിക്കുമ്പോള്‍ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് ഗ്ലുക്കോസ് ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് രക്തകുഴലുകളില്‍ സംഭരിക്കപ്പെടാതെ ഇന്‍സുലിന്‍ അവയെ പുറന്തള്ളുന്നു. ഇത് കഠിനമായ വ്യായാമത്തിലൂടെയും മറ്റും കോശങ്ങളില്‍ നിന്നും മാറ്റാത്ത പക്ഷം അവ കൊഴുപ്പായി അടിഞ്ഞു കൂടുന്നു. ഇത് ദുര്‍മേദസിന് കാരണമാകുന്നു.

ആഹാരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്‌ ഇക്കാര്യങ്ങളെ സഹായിക്കും:

  • അമിതവണ്ണം നിയന്ത്രിക്കാം.

  • പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകളെ കുറയ്ക്കുന്നു.

  • അമിതവിശപ്പ് ഇല്ലാതാക്കാം

  • ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

  • പല്ലുകളുടെ ആയുസ്സ് വര്‍ദ്ധിക്കും

  • നല്ല ഉറക്കം ലഭിക്കും, അങ്ങനെ പ്രസരിപ്പുള്ള ജീവിതവും!


പഞ്ചസാര ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു ദൂഷ്യവശം ഇത് ശരീരത്തിലുള്ള വിറ്റാമിന്‍ ബിയുടെ അളവ് കുറയ്ക്കും എന്നുള്ളതാണ്. വിറ്റാമിന്‍ ബി നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷികമാണ്. കൂടാതെ തലമുടി, നഖം,മറ്റു അവയവങ്ങള്‍ എന്നിവയ്ക്കും വിറ്റാമിന്‍ ബി ആവശ്യമാണ്. പഞ്ചസാര ഒഴിവാക്കുന്നതോടെ ശരീരസൗന്ദര്യത്തിനും കാര്യമായ നല്ല മാറ്റം ഉണ്ടാകും.