അടഞ്ഞ ഹാളില്‍ നിന്ന് പുഴയിലേയ്ക്ക്; ഡിവൈഎഫ്‌ഐ കണ്ണൂര്‍ സമ്മേളന മോഡല്‍ കസറി

അടഞ്ഞ ഹാളില്‍ നടക്കുന്ന അറുബോറന്‍ സമ്മേളനങ്ങള്‍ മടുത്തോ- ഇതാ കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നൊരു പ്രകൃതിരമണീയമായ സമ്മേളന മോഡല്‍- വീഡിയോയും കാണാം.

അടഞ്ഞ ഹാളില്‍ നിന്ന് പുഴയിലേയ്ക്ക്; ഡിവൈഎഫ്‌ഐ കണ്ണൂര്‍ സമ്മേളന മോഡല്‍ കസറി

അടഞ്ഞ ഹാളില്‍ നടക്കുന്ന അറുബോറന്‍ സമ്മേളനങ്ങള്‍ മടുത്തോ? എങ്കിലിതാ കണ്ണൂരില്‍ നിന്നൊരു സമ്മേളന മോഡല്‍- പുഴയിലായിരുന്നു സമ്മേളനം. പെരിങ്ങോം ബ്ലോക്കില്‍ സ്പീക്കര്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ഓലയമ്പാടി മേഖലാക്കമ്മറ്റിയാണ് പ്രകൃതിരമണീയമായ സമ്മേളനം നടത്തി കയ്യടി നേടിയത്. ആരെല്ലാമോ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കയ്യടികളോടെ വൈറലാവുകയാണ്.

സ്വാഭാവികമായും ഏതാണീ മേഖലാക്കമ്മറ്റി എന്നു നമ്മള് തിരക്കി ചെല്ലുമല്ലോ. നമ്മളങ്ങനെ സ്‌കൂള്‍ അധ്യാപകനായ മേഖലയുടെ പുതിയ പ്രസിഡന്റ് രജീഷിനെ കണ്ടത്തുന്നു. കഴിഞ്ഞ കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു രജീഷ്.


ola-2

കണ്ണൂരിലെ മലയോരമാണ് ഓലയമ്പാടി. കര്‍ണ്ണാടകയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം. ആ വനപ്രദേശമായ ചെറുപുഴയില്‍ നിന്ന് ഊറിവരുന്ന നീര്‍ച്ചാലുകള്‍ ചേര്‍ന്നാണ് പെരുവാമ്പ പുഴയാകുന്നത്. പെരുവാമ്പപ്പുഴ കാല് നീട്ടിവെച്ച് നടന്ന് വണ്ണാത്തി പുഴയില്‍ ചേരും. കൃഷിയും പച്ചപ്പിന്റെ ഈറനുമുള്ള പ്രദേശം.

കഴിഞ്ഞ വര്‍ഷം സമ്മേളനം നടന്നത് സ്‌കൂളിലെ ഹാളിലായിരുന്നു. ഫാനിട്ടാലും ചൂട് പെരുക്കും. ഉച്ചയോടെ പ്രതിനിധികള്‍ ഉരുകാന്‍ തുടങ്ങും. ഇരുന്നും കേട്ടും സ്വാഭാവികമായും മടുക്കും. സമ്മേളനം ഹൃദ്യമായ അനുഭവമാക്കാന്‍ എന്താണ് വഴിയെന്ന അന്വേഷണം പ്രകൃതിയിലേയ്ക്ക് കമ്മറ്റിയെ വിളിച്ചു. ഫ്‌ളക്‌സോ പ്ലാസ്റ്റിക്കോ വേണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്. ഭക്ഷണവും ജൈവമാകണമെന്ന് തീരുമാനിച്ചു. കായും കനിയും മുളകും വേപ്പിലയുമെല്ലാം വീടുകളില്‍ നിന്ന് ശേഖരിക്കാന്‍ തീരുമാനമായി. അമ്പതോളം കയ്യെഴുത്തു പോസ്റ്ററുകളും രണ്ടു ബാനറും മാത്രം. അപ്പോള്‍ സ്ഥലമോ... ആ ചോദ്യം തലമാറി ചിന്തിച്ചെത്തിയത് പെരുവാമ്പപ്പുഴയുടെ നടുവിലാണ്.

സാധാരണ ഡിസംബര്‍ മാസത്തില്‍ നിറഞ്ഞൊഴുകുന്ന പുഴയാണ്. ഇത്തവണ അതുണ്ടായില്ല. വേഗം ഒഴുകി പോകാനുള്ള ധൃതി തന്നെ കാരണം. തടഞ്ഞു നിര്‍ത്താന്‍ ഒന്നുമില്ലാത്തതു തന്നെ കാരണം. പുഴയില്‍ സമ്മേളനം നടത്താമെന്ന ആശയത്തിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രദേശത്തെ യുവാക്കളെ പ്രേരിപ്പിക്കണമെന്നതുമാണ് ഇത്തവണ സമ്മേളനത്തിന്റെ കേന്ദ്ര പ്രമേയം. അപ്പോളാക്കാര്യം തീരുമാനിക്കാന്‍ പുഴയുടെ നടുവില്‍ തന്നെയാണല്ലോ നല്ല സ്ഥലം.

ola-4

11 യൂണിറ്റ് കമ്മറ്റികളില്‍ നിന്നായി 100 പ്രതിനിധികള്‍. അവര്‍ക്കുള്ള കസേരകള്‍ വാടകയ്‌ക്കെടുത്തു. ചുവന്ന നിറം പ്രത്യേകം പറഞ്ഞെടുത്തെന്ന് പറയണ്ടല്ലോ. പ്ലാസ്റ്റിക് ഗ്ലാസില്ല. വെള്ളത്തിന്റെ കൂടെ സ്റ്റീല്‍ഗ്ലാസ് വെച്ചു. സമ്മേളനത്തിന്റെ തലേന്ന് പുഴയുടെ തീരം വൃത്തിയാക്കി. അടുത്തൊരു വീട്ടില്‍ ഭക്ഷണമുണ്ടാക്കി. അവശിഷ്ടങ്ങള്‍ തീരത്തു വീഴാതിരിക്കാന്‍ ആ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു.

സമ്മേളനം തുടങ്ങി. ഫാനില്ലാതെ തന്നെ സുഖകരമായ അന്തരീക്ഷം. മൈക്കിന്റെ ആവശ്യമേയില്ല. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്ന് സംഘടിപ്പിച്ചു. കൈവയര്‍ വലിച്ച് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊന്നും. ചെറിയ ശബ്ദം മാത്രം മതിയല്ലോ. സമ്മേളന സ്ഥലമായി പുഴയെ തിരഞ്ഞെടുത്തതിനെ സമ്മേളനത്തിന് എത്തിയവരും പ്രതിനിധികളും പ്രത്യേകം അഭിവാദ്യം
ചെയ്തു.

പെരുവാമ്പ പുഴയടക്കം സംരക്ഷിക്കാനുള്ള തീരുമാനമെടുത്ത് സമ്മേളനം സമാപിച്ചപ്പോഴും പുഴയില്‍ നിന്ന് പോകാന്‍ പ്രതിനിധികള്‍ക്ക് മടി. സമ്മേളനത്തിന് ഇത്രയും പേര്‍ക്ക് ഭക്ഷണമുള്‍പ്പടെ ഒരാള്‍ക്ക് 50 രൂപ മാത്രം. ചെലവു കുറഞ്ഞ പ്രകൃതിരമണീയമായ സമ്മേളനം കഴിഞ്ഞ് പിരിഞ്ഞപ്പോള്‍ തീരം ഒന്നു കൂടി വൃത്തിയാക്കി. സമ്മേളനം എല്ലാവര്‍ക്കും സന്തോഷകരമായ അനുഭവമായിരുന്നു- രജീഷ് പറഞ്ഞു. എന്‍.വി സുരേഷാണ് പുതിയ സെക്രട്ടറി. എന്‍. രഞ്ജിത് ട്രഷററും.

പുഴയിലെ സമ്മേളനം ഒരാശയമാണ് മുന്നോട്ട് വെയ്ക്കുന്നത്. പ്രകൃതിയോട് ചേര്‍ന്നിരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന സമ്മേളനത്തില്‍ നിന്ന് പ്രചോദനമുയരുമെന്നുറപ്പ്. ഓരോ സമ്മേളനം കഴിയുമ്പോഴും ഒരു കുന്നു മാലിന്യങ്ങള്‍ സമൂഹത്തിനു നേരെ വലിച്ചെറിയപ്പെടുന്ന പതിവിന് ഒരു അന്ത്യം വേണമല്ലോ- കണ്ണൂരില്‍ നിന്നും പ്രചരിച്ച ഈ ഹരിതാശയം എന്തായാലും അഭിനന്ദനാര്‍ഹം തന്നെ.

ആ വീഡിയോ കൂടി കാണൂ... പുഴയിലെ സമ്മേളന സ്ഥലമിതാ. കവിത ഇത്തിരി കുറച്ചാണ് വെച്ചിരുന്നതെങ്കില്‍ പുഴയുടേയും കാടിന്‍റെയും 'കളകിളിയാരവം' കേള്‍ക്കാമായിരുന്നു...

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/12/WhatsApp-Video-2016-12-05-at-14.05.15.mp4"][/video]