പ്രതിയെ കുടുക്കിയ ഫോണ്‍ സംഭാഷണം നാരദയ്ക്ക്; പ്രതിയുടെ പിതാവും കൊല്ലപ്പെട്ടയാളുടെ മകളും പുറത്തെത്തിച്ചത് ദൃശ്യം മോഡല്‍ കൊലപാതകം

കൂട്ടുകാരിയുടെ ഭര്‍ത്താവിനു വൃക്ക നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ അതേ നൈസിയാണ് ഒളിച്ചോടിയെന്നു വിശ്വസിച്ചിരുന്ന പിതാവിന്റെ കൊലപാതകം കണ്ടെത്തിയത്. പ്രതി കുടുങ്ങാന്‍ തെളിവായ ഫോണ്‍ സംഭാഷണം നടത്തിയതു നൈസിയും പ്രതിയുടെ പിതാവും തമ്മില്‍. ഫോണ്‍ സംഭാഷണം നാരദ പുറത്തുവിടുന്നു

പ്രതിയെ കുടുക്കിയ ഫോണ്‍ സംഭാഷണം നാരദയ്ക്ക്; പ്രതിയുടെ പിതാവും കൊല്ലപ്പെട്ടയാളുടെ മകളും പുറത്തെത്തിച്ചത് ദൃശ്യം മോഡല്‍ കൊലപാതകം

കൊല്ലപ്പെട്ടയാളുടെ മകളും കൊന്നയാളുടെ പിതാവും നടത്തിയ ധീരമായ ഇടപെടലിലൂടെ നാടിനെ നടുക്കിയ ദൃശ്യം മോഡല്‍ കൊലപാതകം പുറത്തായി. എട്ടു വര്‍ഷം മുന്‍പു പിതാവിനെ കൊന്നു കുഴിച്ചുമൂടിയ പ്രതിയെ പോലീസിനു പിടികൂടാനായതു മകള്‍ നൈസി മാത്യുവിന്റെ തന്ത്രപരമായ ഇടപെടലിലൂടെ. ഇതിനു സഹായിച്ചതാവട്ടെ പ്രതിയുടെ പിതാവിന്റെ തുറന്നു പറച്ചിലും. പ്രതിയുടെ പിതാവു വാസുവുമായി നൈസി നടത്തിയ ടെലിഫോണ്‍ സംഭാഷണം നാരദാ ന്യൂസ് പുറത്തുവിടുന്നു.


കളളനോട്ടു കേസിലെ പ്രതിയായ ടി.വി പുരം പളളിപ്രത്തുശേരി ചെട്ടിയാം വീട്ടില്‍ അനീഷ് എട്ടു വര്‍ഷം മുന്‍പ് കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെയാണു പുറംലോകമറിഞ്ഞത്. കൂട്ടുകാരിയുടെ ഭര്‍ത്താവിനു വൃക്ക നല്‍കിയതിലൂടെ വര്‍ത്തകളില്‍ ഇടംനേടിയ ആളാണു നൈസി.

തലയോലപ്പറമ്പില്‍ കള്ളനോട്ട് അടിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ നിന്നു പിടിക്കപ്പെട്ട ടിവി പുരം പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷ് (38) പോലീസിനോടു പറഞ്ഞ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. തലയോലപ്പറമ്പിലെ ആശുപത്രിക്കവലയില്‍ സ്റ്റിക്കര്‍ വര്‍ക്ക് സ്ഥാപനം
നടത്തിയിരുന്ന അനീഷുമായി മാത്യുവിന് അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം സിഐ നവാസ് നാരദാ ന്യൂസിനോടു പറഞ്ഞു. ഇയാള്‍ വീടിന്റെ ആധാരം പണയം വച്ചു മാത്യുവിന്റെ കയ്യില്‍ നിന്നു പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചതാണു കൊലപാതകത്തിനു കാരണമെന്നും സിഐ പറഞ്ഞു. കൊല്ലപ്പെട്ട ദിവസം രാത്രി പത്തുമണിക്കു മാത്യുവും അനീഷും ഒരുമിച്ചുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.

https://soundcloud.com/news-narada/nicey-mathew-conversation

മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം കടയുടെ പുറകുവശത്തായി കുഴിച്ചിടുകയായിരുന്നു. അനീഷ് പോലീസിനോടു വെളിപ്പെടുത്തിയ ഈ സ്ഥലത്ത് ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇരുനിലക്കെട്ടിടമാണ്. ഈ കെട്ടിടത്തിന്റെ ഉള്‍വശം കുഴിച്ചു മൃതദേഹം കണ്ടെത്താനുളള ശ്രമത്തിലാണു പൊലീസ്.  ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും വൈക്കം സിഐ പ്രതികരിച്ചു.

2008 ലാണു മാത്യുവിനെ കാണാതെയാകുന്നത്. സമ്പന്നനും പണമിടപാടുകാരനുമായ മാത്യുവിന്റെ തിരോധാനത്തോടെ നിരവധി കഥകളാണ് ഇവിടെ പ്രചരിച്ചിരുന്നത്. പള്ളിക്കവലയ്ക്കടുത്തുള്ള സിനിമാ തിയേറ്ററിനു സമീപം മാത്യുവിന്റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമാണോയെന്ന സംശയത്തിനു വഴിവച്ചിരുന്നു. മാത്യു ഇടപാടുകാരെ വഞ്ചിച്ചു പണവുമായി മുങ്ങിയതാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. മാത്യുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നവര്‍ ഇതിന്റെ പേരില്‍ കുടുംബത്തെ വേട്ടായാടിയിരുന്നു. നൈസിയും രണ്ടു സഹോദരിമാരും അമ്മയും മാത്യുവിന്റെ തിരോധാനത്തോടെ ജീവിതത്തോട് ഏറെ മല്ലിടേണ്ടി വന്നു.

[caption id="attachment_67089" align="alignleft" width="429"] കൊല്ലപ്പെട്ട മാത്യുവും പ്രതി അനീഷും[/caption]

മാത്യു തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മാത്യുവിന്റെ തിരോധാനത്തോടെ അവർ സാമ്പത്തികവുമായി തകര്‍ന്നിരുന്നു. പിതാവിനെ കാണാതായ കാലം മുതല്‍ നൈസി കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. അനീഷിന്റെ പിതാവുമായി നൈസി നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് കേസില്‍ നിര്‍ണായകമായത്. മാത്യുവിനെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന് അനീഷിന്റെ പിതാവാണ് നൈസിയോടു വെളിപ്പെടുത്തിയത്. ഈ മാസം നാലാം തീയതി നൈസി പ്രതിയുടെ പിതാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം തെളിവായി നല്‍കി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. രണ്ടു മാസം മുന്‍പ് കള്ളനോട്ടു കേസില്‍ അറസ്റ്റിലായ അനീഷിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണു കൊലപാതകം പുറംലോകമറിഞ്ഞത്.

Read More >>