പള്ളിമേടയിലെ പീഡനം; വൈദികൻ എഡ്വിന്‍ ഫിഗറസിന് ഇരട്ടജീവപര്യന്തം

ഇരട്ട ജീവപര്യന്തത്തിന് പുറമെ എഡ്വിന്‍ ഫിഗറസ് 215000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

പള്ളിമേടയിലെ പീഡനം; വൈദികൻ എഡ്വിന്‍ ഫിഗറസിന് ഇരട്ടജീവപര്യന്തം

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പള്ളിവികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗറസിന് ഇരട്ടജീവപര്യന്തം ശിക്ഷ. വൈദികനടക്കം ആറു പേര്‍ ഉള്‍പ്പെട്ട കേസിലാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ എഡ്വിന്‍ ഫിഗറസ് 215000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങള്‍  ഉള്‍പ്പെടുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.


വൈദികനെ നാടുവിടാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറിസിന് ഒരു വര്‍ഷം തടവും പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ മാതാ പള്ളിവികാരിയായിരുന്ന എഡ്വിന്‍ ഫിഗറസ് പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പള്ളിയില്‍ പോയി ഏറെ വൈകിയിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ അന്വേഷിച്ച് ചെന്നപ്പോള്‍ കൂട്ടികാരിയുടെ അടുത്ത് പോയതാണെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.

തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ പുത്തന്‍വേലിക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായെങ്കിലും ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല.പീഡനവിവരം മറച്ചുവെച്ചതിന് 2012ലെ പോക്‌സോ നിയമപ്രകാരം ഡോ അജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേരളത്തില്‍ ആദ്യമായി പീഡനകേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഈ കേസിലാണ്.  എന്നാൽ പ്രൊബേഷന്‍ കാലയളവായതിനാല്‍ ഇവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ എഡ്വിന്‍ ഫിഗറസ് ഒളിവില്‍ പോകുകയായിരുന്നു. ബംഗ്‌ളൂരു വഴി വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാന്‍ കഴിയാതെ വന്നതോടെ ഒളിവില്‍ പോകാന്‍ സഹായിച്ച കുറ്റം ചുമത്തി ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2015ജനുവരി മുതല്‍ പലതവണ പീഡനം നടന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും സഹായത്തോടെയാണ് പൊലീസിനെ സമീപിച്ചത്.  ഇതിനിടയിൽ കേസ് ഇല്ലാതാക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമങ്ങളുണ്ടായിരുന്നു.

2015 ഡിസംബര്‍ എട്ടിനാണ് വൈദികൻ പൊലീസിൽ കീഴടങ്ങിയത്. എഡ്വിന്‍ ഫിഗറസിന്റെ ജാമ്യാപേക്ഷ പല തവണ തള്ളിയ ഹൈക്കോടതി എത്രയും വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എഡ്വിന്‍ ഫിഗറസിനും(45) സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിനും പുറമെ ബന്ധുക്കളായ ബെന്‍ഗ്യാരന്‍ ഫിഗറസ്, സ്റ്റാന്‍ലി ഫിഗറസ്, ഡോ അജിത, ക്ലാരന്‍സ് ഡിക്കോത്ത എന്നിവരും കേസില്‍ പ്രതികളാണ്.

ലത്തീന്‍ സഭയുടെ കീഴിലുള്ളതാണ് ലൂര്‍ദ്ദ് മാതാ പള്ളി. പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് പതിവായി വിളിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. പുരോഹിതന്മാര്‍ക്കടക്കം ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്ന ഫാ. എഡ്വിന്‍ ഗായകനും പ്രഭാഷകനുമാണ്. ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങള്‍ എഡ്വിന്‍ പുറത്തിറക്കിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സംഗീതത്തോടുള്ള താത്പര്യം വൈദികൻ മുതലെടുത്തതായും ആരോപണമുണ്ട്.

Read More >>