പുടിനെ വാഴ്ത്തി വീണ്ടും ട്രംപ്; ഊര്‍ജ്വലനായ വ്യക്തിയാണ് പുടിനെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്

വൈകിയാണെങ്കിലും പുടിന്റേത് മികച്ച നീക്കമാണെന്നും അദ്ദേഹം വളരെ ഊര്‍ജസ്വലനായ വ്യക്തിയാണെന്നു തനിക്കറിയാമെന്നുമാണ് ട്രംപിന്റെ ട്വീറ്റ്.

പുടിനെ വാഴ്ത്തി വീണ്ടും ട്രംപ്; ഊര്‍ജ്വലനായ വ്യക്തിയാണ് പുടിനെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തെചൊല്ലി ചൊല്ലി റഷ്യ- അമേരിക്ക ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വാഴ്ത്തി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു. എന്നാല്‍ ഇതിനു അതേ നാണയത്തില്‍തന്നെ മറുപടി നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു റഷ്യന്‍ നിലപാട്.


റഷ്യയുടെ ഈ നടപടിയെയാണു ട്രംപ് പുകഴ്ത്തിയിരിക്കുന്നത്. വൈകിയാണെങ്കിലും പുടിന്റേത് മികച്ച നീക്കമാണെന്നും അദ്ദേഹം വളരെ ഊര്‍ജസ്വലനായ വ്യക്തിയാണെന്നു തനിക്കറിയാമെന്നുമാണ് ട്രംപിന്റെ ട്വീറ്റ്.

നവംബര്‍ എട്ടിനു നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാനും ഹിലരിയെ തോല്‍പ്പിക്കാനുമായി റഷ്യ ഇടപെടല്‍ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ പ്രസിഡന്റ് ബറാക് ഒബാമ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. റഷ്യക്കു കനത്ത തിരിച്ചടി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. തുടര്‍ന്നാണ് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവു വന്നത്.നേരത്തെയും ഒബാമയും പുടിനും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തോടെ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായി. എന്നാല്‍ റഷ്യയെ തലോടുന്ന നിലപാടാണ് ട്രംപ് പ്രചരണകാലം മുതല്‍ തന്നെ സ്വീകരിച്ചുവന്നത്. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വാര്‍ത്തയെ ട്രംപ് തള്ളുകയും ചെയ്തിരുന്നു.

പ്രീണന നയം തുടരുന്ന ട്രംപ് അധികാരത്തില്‍വന്നാല്‍ പ്രശന്ങ്ങളെല്ലാം അവസാനിക്കുമെന്ന പ്രതീക്ഷയാണ് അമേരിക്കന്‍ നടപടിക്കു പകരംവീട്ടുന്നതില്‍നിന്നു പിന്തിരിയാന്‍ പുടിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. അടുത്ത മാസം 20നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

Read More >>