'ഞാന്‍ ഒരു ഫിലിം പ്രൊഫഷണല്‍ അല്ല സര്‍'; ഐഎഫ്എഫ്‌കെയിലെ ഫിലിം പ്രൊഫഷണല്‍ കാറ്റഗറിക്കെതിരെ സംവിധായകന്‍ സുദേവന്‍

ഫിലിം പ്രൊഫഷണല്‍ എന്ന പട്ടം ഇല്ലാതെയാണ് ഇതുവരെ താന്‍ സിനിമകള്‍ എടുത്തുകൊണ്ടിരുന്നത്. ഇനിയും അങ്ങനെ തുടരാന്‍ ബുദ്ധിമുട്ടില്ലെന്നും പ്രത്യേക പദവികള്‍ക്കു വേണ്ടിയല്ല ഇത് പോസ്റ്റ് ചെയ്യുന്നതെന്നും സുദേവന്‍ പറയുന്നു.

21ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഫിലിം പ്രൊഫഷണല്‍ കാറ്റഗറിയ്‌ക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ സുദേവന്‍ രംഗത്ത്. മേളയ്ക്കു രജിസ്‌ട്രേഷന്‍ ചെയ്‌തെങ്കിലും ഒരു സിനിമ യൂണിയന്‍ കാര്‍ഡുകളോ ചാനല്‍ ഐഡി കാര്‍ഡോ ഇല്ലാത്ത തനിക്കുണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് സുദേവന്‍ പടിഞ്ഞാറേപുരയ്ക്കലിന്റെ വിമര്‍ശനം.

ഫേസ്ബുക്കിലൂടെയാണ് ഇതിനെതിരെ സുദേവന്‍ രംഗത്തെത്തിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഫിലിം പ്രൊഫഷണല്‍ എന്ന വിഭാഗം ആശയക്കുഴപ്പം ഉണ്ടാക്കിയതായും തുടര്‍ന്ന് അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. എന്നാല്‍ ആളുകളില്‍ നിന്നും പിരിവെടുത്തു സിനിമ ചെയ്യുന്ന തന്റെ കൈയില്‍ സിനിമ യൂണിയന്‍ കാര്‍ഡുകളോ ചാനല്‍ ഐഡിയോ ഒന്നും ഇല്ലല്ലോയെന്ന് സുദേവന്‍ ചോദിക്കുന്നു.


തുടര്‍ന്ന് ലാപ്‌ടോപ്പില്‍ പരതിയപ്പോള്‍ ഐഎഫ്എഫ്‌കെയുടെ വേദിയില്‍ നിന്നും നെറ്റ്പാക് അവാര്‍ഡ് സ്വീകരിക്കുന്ന ഒരു ഫോട്ടോ കിട്ടി. ഐഡി കാര്‍ഡിനു പകരം അത് അപ് ലോഡ് ചെയ്തു. അല്‍പസമയത്തിനു ശേഷം താങ്കളുടെ അപക്ഷേ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും പരിശോധന കഴിഞ്ഞാല്‍ അറിയിക്കുന്നതാണ്, അപ്പോള്‍ പണമടച്ചാല്‍ മതിയെന്നുമുള്ള മറുപടിയാണു വന്നതെന്നും സുദേവന്‍ വ്യക്തമാക്കുന്നു.

ഫിലിം പ്രൊഫഷണല്‍ എന്ന പട്ടം ഇല്ലാതെയാണ് ഇതുവരെ താന്‍ സിനിമകള്‍ എടുത്തുകൊണ്ടിരുന്നത്. ഇനിയും അങ്ങനെ തുടരാന്‍ ബുദ്ധിമുട്ടില്ലെന്നും പ്രത്യേക പദവികള്‍ക്കു വേണ്ടിയല്ല ഇത് പോസ്റ്റ് ചെയ്യുന്നതെന്നും പറയുന്ന സുദേവന്‍ തുടര്‍ന്ന് മൂന്നു ചോദ്യങ്ങളും അധികൃതരോട് ഉന്നയിക്കുന്നു. സര്‍ക്കാരിന്റെ കീഴില്‍ നടത്തപ്പെടുന്ന ഒരു ഫിലിം ഫെസ്റ്റിവല്‍ ആരെയാണ് ഫിലിം പ്രൊഫഷണല്‍ കാറ്റഗറിയില്‍ ഉദ്ദേശിക്കുന്നത്, സിനിമ വ്യവസായത്തിന്റെ ഭാഗമായുള്ള യൂണിയന്റെ കാര്‍ഡുകള്‍ കൈവശമുള്ളവരെ മാത്രമാണോ, ആണെങ്കില്‍ എന്തുകൊണ്ട്, കഴിഞ്ഞ കൊല്ലത്തെ ഐഎഫ്എഫ്‌കെയില്‍ കോംപറ്റീഷനുള്ള വേള്‍ഡ് സിനിമ സെലക്ഷന്‍ കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തുമ്പോള്‍ താന്‍ ഫിലിം പ്രൊഫഷണല്‍ ആയിരുന്നോ, ക്രീയേറ്റീവ് ആയിരിക്കുക എന്നുള്ളത് ഒരു സംഘടനാ പ്രവര്‍ത്തനമാണോ എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. അങ്ങനെയാണെങ്കില്‍ താനൊരു ഫിലിം പ്രൊഫഷണല്‍ അല്ല സര്‍ എന്നുപറഞ്ഞാണ് സുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുമ്പ് ഇതേ വിഷയത്തില്‍ പ്രതിഷേധവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും രംഗത്തെത്തിയിരുന്നു.

സുദേവന്‍ പടിഞ്ഞാറേപ്പുരയ്ക്കലിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്