ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 2.40 കോടിയുടെ അധിക ചെലവ്; യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം

ഇന്ധന കുടിശ്ശികയിനത്തില്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി ഐഒസിക്കു നല്‍കാനുള്ളത് 120 കോടി രൂപയാണ്. വില ഏറിയതോടെ പ്രതിദിനം 8 ലക്ഷം രൂപയാണ് അധികമായി ഇന്ധനയിനത്തില്‍ ചെലവാകുന്നത്. ഈ നിലയ്ക്ക്, പ്രതിമാസ ചെലവില്‍ 2.40 കോടി രൂപയാണ് ഇന്ധനത്തിനായി മാത്രം കോര്‍പറേഷനു അധികമായി കണ്ടെത്തേണ്ടത്. എന്നാല്‍ 3500ഓളം റൂട്ടുകള്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം അധിക തുക കണ്ടെത്തുക എന്നത് സ്വപ്‌നാതീതമാണ്.

ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 2.40 കോടിയുടെ അധിക ചെലവ്; യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഇന്ധന വിലയില്‍ കുത്തനെയുണ്ടായ വര്‍ധന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. നിലവില്‍ ശമ്പള- പെന്‍ഷന്‍ വിതരണത്തിനും മറ്റു ആനുകൂല്യ വിതരണത്തിനും പോലും പണമില്ലാതെ ദുരിതക്കയത്തിലാണ് കെഎസ്ആര്‍ടിസിയുടെ സഞ്ചാരമെന്നിരിക്കെ ഇന്ധനവില വര്‍ധന കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വില വര്‍ധിച്ചതോടെ ഇനിയെന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

ഇന്ധന കുടിശ്ശികയിനത്തില്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി ഐഒസിക്കു നല്‍കാനുള്ളത് 120 കോടി രൂപയാണ്. വില ഏറിയതോടെ പ്രതിദിനം 8 ലക്ഷം രൂപയാണ് അധികമായി ഇന്ധനയിനത്തില്‍ ചെലവാകുന്നത്. ഈ നിലയ്ക്ക്, പ്രതിമാസ ചെലവില്‍ 2.40 കോടി രൂപയാണ് ഇന്ധനത്തിനായി മാത്രം കോര്‍പറേഷനു അധികമായി കണ്ടെത്തേണ്ടത്. എന്നാല്‍ 3500ഓളം റൂട്ടുകള്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം അധിക തുക കണ്ടെത്തുക എന്നത് സ്വപ്‌നാതീതമാണ്. അതിനാല്‍തന്നെ സ്ഥിതി കൂടുതല്‍ ഞെരുക്കത്തിലായിരിക്കുകയാണ്.


വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനം ഉണ്ടായിട്ടുണ്ടെങ്കിലും ഇതൊന്നും എപ്പോള്‍ ആവിഷ്‌കരിക്കാനാവും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ പോലും ബാങ്കുകളെയാണ് ഇപ്പോഴും കെഎസ്ആര്‍ടിസി ആശ്രയിക്കുന്നത്. നോട്ടുനിരോധന പ്രതിസന്ധി വന്നതോടെ ഇതു രണ്ടും വീണ്ടും കുടിശ്ശികയായി. ഇതിനിടെ, കാനറാ ബാങ്കില്‍ നിന്നും താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് 100 കോടി വായ്പയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. ശമ്പളവും പെന്‍ഷനും മുടങ്ങിയതോടെ തൊഴിലാളികള്‍ പ്രത്യക്ഷമായ പ്രക്ഷോഭവും ആരംഭിച്ചിരുന്നു.

ഇന്ധനവില വര്‍ധിച്ചതോടെ യാത്രാ നിരക്കു കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ രംഗത്തുവന്നതോടെ കെഎസ്ആര്‍ടിസിയും ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍ മുമ്പും പലവട്ടം ഇത്തരം സാഹചര്യത്തില്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണയെങ്കിലും ഇത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് അഡ്മിനിസ്ട്രഷന്‍ ശ്രീകുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇന്നലെയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധന.