അപ്പോൾ മോദി സർക്കാരേ, കള്ളപ്പണക്കാരുടെ പണവും ബാങ്കിലെത്തിയെന്നാണോ?

പിന്‍വലിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്യാവുന്ന സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണിനി ബാക്കി. പിന്‍വലിച്ച നോട്ടുകളുടെ മൂല്യത്തെക്കാളധികം നോട്ടുകള്‍ ബാങ്കുകളിലെത്തിയിട്ടുണ്ടോ? കണക്കുകള്‍ പറയുന്നത് അങ്ങനെയാണ്! അതായത്, കള്ളപ്പണക്കാരെ പിടിക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പാളിയെന്ന് ചുരുക്കം.

അപ്പോൾ മോദി സർക്കാരേ, കള്ളപ്പണക്കാരുടെ പണവും ബാങ്കിലെത്തിയെന്നാണോ?

ഡിസംബര്‍ പത്തിനാണ് പിന്‍വലിച്ച നോട്ടുകളില്‍ എത്ര ഭാഗം ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി വിശദീകരണം നടത്തിയത്. നോട്ട് നിരോധനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് റിസര്‍വ്വ് ബാങ്ക് തയ്യാറാകുമോ എന്ന ഉറപ്പില്ല. ഇനി പറയുന്ന കണക്കുകള്‍ പ്രകാരം പിന്‍വലിച്ച നോട്ടുകളുടെ മൂല്യത്തെക്കാളധികം ബാങ്കുകളിലെത്തിയിട്ടുണ്ടാകുമോ എന്ന സംശയം ഉയരാനിടയുണ്ട്.


രാജ്യത്ത് ക്രയവിക്രയം ചെയ്തിരുന്ന കറന്‍സികളുടെ 86 ശതമാനമാണ് നവംബര്‍ 8ന് രാത്രി ഒറ്റയടിക്ക് അസാധുവായത്. രാജ്യത്തുപയോഗിച്ചിരുന്ന 1774200 കോടി രൂപയില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളുടെ ആകെ മൂല്യം 1547050 കോടി രൂപ വരും. ഇതാണ് ഒരു രാത്രിയില്‍ ഒറ്റയടിയ്ക്ക് പിന്‍വലിച്ചത്.

ചുരുങ്ങിയത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ കുടുങ്ങുമെന്നുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റേയും ബിജെപി നേതാക്കളുടേയും വാദം. പിന്‍വലിച്ചതില്‍ 12.5 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയന്നാണ് ഡിസംബര്‍ പത്തിന് റിസര്‍വ്വ് ബാങ്ക് വിശദീകരിച്ചത്. അതായത് 80 ശതമാനത്തിലധികം. ബാങ്കുകളുടെ ചെസ്റ്റുകളിലെത്തിയ നോട്ടുകളുടെ കണക്ക് മാത്രമാണിത്. മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്തില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലും കടന്ന് അസാധുവാക്കിയ നോട്ടുകള്‍ എത്തിയെന്ന് സാരം.

കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് വിശദീകരിച്ചതിന് ശേഷം ഇത് പണമെണ്ണുന്നതിലെ പ്രശ്‌നങ്ങളാണെന്നായിരുന്നു കേന്ദ്രധനകാര്യ സെക്രട്ടറി ശശികാന്ത ദാസിന്റെ പ്രതികരണം. റിസര്‍വ്വ് ബാങ്കും, മറ്റ് ബാങ്കുകളും ഈ കണക്കുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം റിസര്‍വ്വ് ബാങ്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഡിസംബര്‍ പത്തിന് മുമ്പ് തന്നെ 80 ശതമാനം പിന്‍വലിച്ച നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെങ്കില്‍ ഇപ്പോഴത് 95 ശതമാനമെങ്കിലും ആയിട്ടുണ്ടാകുമെന്ന് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നാരദാന്യൂസിനോട് പറഞ്ഞു. കള്ളപ്പണക്കാരെ പിടിക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പാളിയെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും ഇവര്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ ഇല്ലാതായാല്‍ സംഭവിക്കുന്നത്

നോട്ട് നിരോധനത്തിന് ശേഷം 728050 കോടി രൂപയുടെ പുതിയ നോട്ടുകളാണ് (2000, 500,20, 10 നോട്ടുകള്‍)ബാങ്കുകളിലെത്തിച്ചത്. പിന്നീട് 267050 കോടി രൂപയുടെ നോട്ടുകള്‍കൂടി പുതുതായി അച്ചടിച്ചു. അങ്ങനെ ഇപ്പോഴാകെ പ്രചാരത്തിലുള്ളത് 955200 കോടി രൂപയുടെ നോട്ടുകളാണ്. ഇനി ആവശ്യമുള്ളത് 819000 കോടി രൂപയുടെ നോട്ടുകളും. ഇതിന്റെ പകുതി എങ്കിലും അടുത്ത ദിവസങ്ങളില്‍ ബാങ്കുകളിലെത്തിച്ചാല്‍ മാത്രമേ ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാകൂ.

ആവശ്യത്തിന് പണമെത്തിക്കുന്നത് വരെ ഇപ്പോഴുള്ള നിയന്ത്രങ്ങള്‍ തുടരണമെന്നാണ് ബാങ്ക് മേധാവികൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ടാമത്തെ ശമ്പള ദിനമാണ് അടുത്ത ദിവസത്തേത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പണം ലഭിക്കാതെ ജനങ്ങള്‍ വലയുന്ന സാഹചര്യമുണ്ടാകുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ ഒന്നിന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ ബാങ്കുകള്‍ അടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇനിയും ഈ നില തുടര്‍ന്നാല്‍ ബാങ്ക് ജീവക്കാരുടെ സുരക്ഷയെ തന്നെ അത് ബാധിക്കുമെന്ന് ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ പറയുന്നു.

Read More >>