നോട്ടുനിരോധനം: ഈമാസം അഞ്ചിന് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുമെന്ന് വിഎം സുധീരന്‍

കര്‍ഷകര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി എല്ലാവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരവരുടെ അവകാശപ്പെട്ട പണം പോലും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഫലപ്രദമായയാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

നോട്ടുനിരോധനം: ഈമാസം അഞ്ചിന് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: നോട്ടുനിരോധനം കനത്ത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 5ന് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി വേണ്ടത്ര കരുതല്‍ നടപടികളില്ലാതെ നോട്ട് പിന്‍വലിക്കുന്നതില്‍ എടുത്തുചാട്ടം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്.


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകൂടം തന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയ ഇതുപോലൊരു സാഹചര്യം ഇതിനുമുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി എല്ലാവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരവരുടെ അവകാശപ്പെട്ട പണം പോലും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഫലപ്രദമായയാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഇത് വന്‍ ജനരോഷത്തിന് ഇടവരുത്തിയിരിക്കുകയാണ്. ജനവികാരം മാനിക്കുന്നതിനു തീര്‍ത്തും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 5ന് സംസ്ഥാനത്തെ നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

നരേന്ദ്രമോഡിയുടെ നടപടിമൂലം നട്ടംതിരിയുന്ന ജനങ്ങളെ റേഷന്‍ വിതരണം അവതാളത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. സംസ്ഥാനത്തെ റേഷനിംഗ് സംവിധാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് റേഷനരി നല്‍കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സുധീരന്‍ അറിയിച്ചു.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>