നോട്ടുക്ഷാമം രൂക്ഷം; ശമ്പള ദിനത്തില്‍ ദുരിതംപേറി ജനം

അടുത്ത പത്തു ദിവസം ബാങ്കുകള്‍ മുഖേനയുള്ള പണം വിതരണം അതീവ ദുഷ്‌കരമായിരിക്കുമെന്ന് ബാങ്കുകൾ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പണമെടുക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആവശ്യമായ തുക ലഭിക്കാതെ വന്നാല്‍ അത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും ബാങ്കുകൾക്കുണ്ട്.

നോട്ടുക്ഷാമം രൂക്ഷം; ശമ്പള ദിനത്തില്‍ ദുരിതംപേറി ജനംന്യൂഡല്‍ഹി: ശമ്പളദിനത്തില്‍ ദുരിതം പേറി ജനം. മോദിയുടെ നോട്ടു പിന്‍വലിക്കൽ നടപടിയ്ക്കു ശേഷമുള്ള ആദ്യ ശമ്പളദിനത്തില്‍ തന്നെ രാജ്യത്തെ ബാങ്കുകളിലും എടിഎമ്മുകളിലം കറന്‍സി ക്ഷാമം. പണമെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം നല്‍കാന്‍ ആവശ്യമായ കറന്‍സി ബാങ്കുകളിലും എടിഎമ്മുകളിലും ഇല്ലെന്നാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബാങ്കുകളില്‍ ഇടപാടരംഭിച്ച് ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോള്‍ തന്നെ പല ബാങ്കുകളിലേയും കറന്‍സി കഴിഞ്ഞ സ്ഥിതിയാണ്. പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാതെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നിരിക്കെ അവ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നൂറു രൂപാ നോട്ടുകളില്ലാത്തതും പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ സ്വീകരിക്കാന്‍ പല ഉപഭോക്താക്കളും തയ്യാറാകാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നു.


സാധാരണ ശമ്പള ദിനങ്ങളില്‍ എടിഎമ്മുകളിലൂടെ വിതരണം ചെയ്യാന്‍ ബാങ്കുകളില്‍ നിന്നും 8000 മുതല്‍ 10,000 കോടി രൂപ വരെ ലഭിക്കാറുണ്ട്. എന്നാല്‍ ഇക്കുറി 2000 കോടി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ആഴ്ച്ചയില്‍ 24,000 രൂപ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും ആ തുക പോലും നല്‍കാന്‍ പല ബാങ്കുകള്‍ക്കും സാധിക്കുന്നില്ലെന്നതാണു വസ്തുത. മാസത്തിൻ്റെ തുടക്കത്തിൽ പണം ലഭ്യമല്ലാതെ വരുമ്പോൾ പ്രതിസന്ധിയിലാകുന്നത് സാധാരണ ജനമാണ്.

അടുത്ത പത്തു ദിവസം ബാങ്കുകള്‍ മുഖേനയുള്ള പണം വിതരണം അതീവ ദുഷ്‌കരമായിരിക്കുമെന്ന് ബാങ്കുകൾ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പണമെടുക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആവശ്യമായ തുക ലഭിക്കാതെ വന്നാല്‍ അത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും ബാങ്കുകൾക്കുണ്ട്. തമിഴ്നാട്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര പണം കിട്ടാത്തതിനാല്‍ ജനം ബാങ്ക് അധികൃതരെ പൂട്ടിയിട്ട സംഭവങ്ങളുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ ബാങ്കുകളാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വന്തം പണം പിന്‍വലിക്കാന്‍ സാധിക്കാത്തതില്‍ ജനം രോഷാകുലരാണ്. കറന്‍സി ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ചില ബ്രാഞ്ചുകള്‍ പിന്‍വലിക്കാവുന്ന തുക 4,000 രൂപയായി നിജപ്പെടുത്തി. പലയിടങ്ങളിലും അനിഷ്ട സംഭവങ്ങല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് മിക്ക ബാങ്കുകളും പൊലീസ് സംരക്ഷണത്തിലാണ്.

Read More >>