മോദിയുടെ എടുത്തു ചാട്ടം സമ്പദ്ഘടനയെ നശിപ്പിക്കാൻ പോവുന്നതെങ്ങനെ ?

ചുരുക്കത്തിൽ എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥയാണു നിലവിലുള്ളത്. വൻകിട കള്ളപ്പണക്കാർ ഇതിനകം തന്നെ തങ്ങളുടെ പണം സുരക്ഷിതമാക്കുകയും സാധാരണക്കാരും രാജ്യവും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമായി മാറി. ഇതിനു സമാനമായ ചരിത്രപരമായ മണ്ടത്തരം ചെയ്തത് ഗോർബച്ചേവ് മാത്രമാണ്. അതാവട്ടെ സോവിയറ്റ് യൂണിയന്റെ തകർച്ചയെ എളുപ്പമാക്കി.

മോദിയുടെ എടുത്തു ചാട്ടം സമ്പദ്ഘടനയെ നശിപ്പിക്കാൻ പോവുന്നതെങ്ങനെ ?

നസറുദ്ദീൻ മണ്ണാർക്കാട്

രാജ്യത്തിന്റെ ജിഡിപി നടപ്പു വർഷത്തിൽ ചുരുങ്ങിയത് 2% കുറയുമെന്നാണ് ഇന്നലെ പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടത്. അതോടൊപ്പം തന്നെ ഈ കണക്ക് ഏറ്റവും ചുരുങ്ങിയ കണക്കാണ് എന്നു കൂടി അദ്ദേഹം പറഞ്ഞിരുന്നു. അതിനെ ശരിവെയ്ക്കുന്ന തരത്തിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും ഇപ്പോഴത്തെ അവസ്ഥയെ നോക്കിക്കാണുന്നത്. ഈ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ 3 മുതൽ 4 ശതമാനം വരെ ജിഡിപിയിൽ കുറവുണ്ടായാലും അതിൽ അത്ഭുതപ്പെടാനില്ല.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം ജിഡിപി 7.9% ൽ നിന്ന് 7.1% ലേക്ക് കുറഞ്ഞിരുന്നു. ഈ വർഷം നില മെച്ചപ്പെടുത്തും എന്ന പ്രതീക്ഷ പുലർത്തുന്നതിനിടെയാണ് ഈ പുറകോട്ട് പോക്കുണ്ടായത്.
അതിനു പുറമേയാണ് മൂന്നാം പാദത്തിൽ മോദിയുടെ കറൻസി പിൻവലിക്കാനുള്ള തീരുമാനം ഇന്ത്യയെ ബാധിക്കാൻ പോകുന്നത്.

കൃഷിയും ചെറുകിട വ്യവസായങ്ങളും ഇതിനകം തന്നെ താറുമാറായി കഴിഞ്ഞ സ്ഥിതി വിശേഷമാണ് രാജ്യത്തു നിലവിലുള്ളത്. കർഷകർ പ്രതിസന്ധിയിലാകുന്നത്  വരും മാസങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കും. അതിനെ മറികടക്കാൻ ഇറക്കുമതി വർധിപ്പിക്കുക മാത്രമാണ് സർക്കാരിനു ചെയ്യാൻ കഴിയുക.
കഴിഞ്ഞ പത്തു വർഷത്തിനിടെ 21% വളർച്ചയാണ് കാർഷികോത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ചത്. ബ്രസീൽ 15 ശതമാനവും  ചൈന 12 ശതമാനവും അമേരിക്ക 9 ശതമാനവും  വളർന്നപ്പോഴാണ് ഇന്ത്യ മിന്നുന്ന പ്രകടനം നടത്തി മുന്നിലെത്തിയത്. ഈ അവസ്ഥയ്ക്ക് ഈ വർഷം മാറ്റമുണ്ടാവുമെന്ന ആശങ്കയാണ് നില നിൽക്കുന്നത്. കള്ളപ്പണം പിടിക്കാനെന്ന ന്യായം പറഞ്ഞു കൊണ്ട് ഒറ്റയടിക്ക് 84% വരുന്ന 1000 ന്റെയും 500 ന്റെയും കറൻസികൾ പിൻവലിച്ചപ്പോൾ വേണ്ടത്ര പ്ലാനിങ്ങോ ദീർഘ വീക്ഷണമോ ഉണ്ടായില്ല എന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
50 ദിവസങ്ങൾക്കകം പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണു പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. എങ്കിലും വരാനിരിക്കുന്ന അഞ്ചോ ആറോ മാസങ്ങൾ കൂടി മാർക്കറ്റിലെ ലിക്വിഡിറ്റി പ്രശ്നം നില നിൽക്കുവാനാണ് കൂടുതൽ സാധ്യതകളും. കാരണം 16% വരുന്ന ചെറിയ കറൻസികൾ മാത്രം നില നിറുത്തി 84% കറൻസികൾ പിൻവലിച്ചപ്പോൾ വേണ്ടത്ര മുൻകരുതൽ എടുക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.

മുൻ ധനകാര്യ മന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടത് അനുസരിച്ചു മാസം വെറും 300 കോടി എണ്ണം കറൻസികൾ പ്രിന്റ് ചെയ്യാനുള്ള കപ്പാസിറ്റി മാത്രമാണ് നമുക്കുള്ളത്. 2100 കോടി എണ്ണം കറൻസികൾ ആണ് മൊത്തം പ്രിന്റ് ചെയ്യേണ്ടത്. അതായത് റിസർവ് ബാങ്കിന്റെ പ്രിന്റിങ് പ്രസ്സുകൾ പൂർണാർത്ഥത്തിൽ പ്രിന്റിംഗ് നടത്തിയാൽ പോലും ചുരുങ്ങിയത്ഏഴു മാസങ്ങൾ വേണ്ടി വരും പ്രിന്റിംഗ് പൂർത്തിയാവാൻ. അതിനെ മറികടക്കാൻ 2000 രൂപയുടെ കറൻസികൾ കൂടുതൽ പ്രിന്റ് ചെയ്‌താൽ കറൻസികളുടെ എണ്ണം കുറച്ചു ലാഭിക്കാമെന്നു മാത്രം.

കറൻസിയുടെ വിശ്വാസ്യത കുറയുന്നു

ഇപ്പോഴത്തെ നടപടികൾ മൂലം സാധാരണക്കാർക്കിടയിൽ കറൻസിയുടെ വിശ്വാസ്യത കുറയുകയാണ് ചെയ്യുക. എപ്പോൾ വേണമെങ്കിലും വെറും കടലാസു കഷ്ണങ്ങൾ ആയി മാറുമെന്നു ഭയക്കുന്ന സാഹചര്യമാണെന്ന തോന്നൽ സൃഷ്ടിക്കാൻ കഴിഞ്ഞു. അതിനു പുറമെ പുതിയ കറന്സികളിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന റിസർവ് ബാങ്കിന്റെ കുറ്റ സമ്മതം വീണ്ടും ആശങ്ക വർധിപ്പിക്കുകയാണ്. കള്ള നോട്ടുകാർക്ക് സൗകര്യപ്പെടും വിധമാണ് പുതിയ നോട്ടുകളിലെ സുരക്ഷാ വീഴ്ച്ചകൾ. പുതിയ കറൻസികളും ഇക്കാരണങ്ങളാൽ തന്നെ പിൻവലിക്കപ്പെടുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

അന്താരാഷ്‌ട്ര വിപണിയിലും കഴിഞ്ഞ 39 മാസങ്ങൾക്കിടയിലെ വലിയ തകർച്ചയെ നേരിടുകയാണ് ഇന്ത്യയുടെ രൂപ. ഇന്ത്യൻ മാർക്കറ്റിൽ നിന്നു നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കാണ് രൂപയെ ദുർബലമാക്കിയത്. ഇതും നല്ല സൂചനയല്ല. വിദേശ നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്ന വാർത്തകളാണിതെല്ലാം. എഫ്.ഡി. ഐയിൽ ഉണ്ടാവുന്ന കുറവ് ഒരു വികസ്വര രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയെ ഭാവിയിലും ബാധിക്കാനാണു സാധ്യത.

ചുരുക്കത്തിൽ എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥയാണു നിലവിലുള്ളത്. വൻകിട കള്ളപ്പണക്കാർ ഇതിനകം തന്നെ തങ്ങളുടെ പണം സുരക്ഷിതമാക്കുകയും സാധാരണക്കാരും രാജ്യവും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നില നിൽക്കുന്നത്. ഇതിനു സമാനമായ ചരിത്രപരമായ മണ്ടത്തരം ചെയ്തത് ഗോർബച്ചേവ് മാത്രമാണ്. അതാവട്ടെ സോവിയറ്റ് യൂണിയന്റെ തകർച്ചയെ എളുപ്പമാക്കി.