നോട്ട് നിരോധനം; പറഞ്ഞതും മാറ്റിപ്പറഞ്ഞതും

നവംബര്‍ എട്ടിനു രാത്രി എട്ടുമണിക്ക്, പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെയാണു രാജ്യത്ത് 86% ക്രയവിക്രയം നടക്കുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്. കയ്യിലുള്ള 500, 1000 നോട്ടുകളുമായി ജനം ബാങ്കിലേക്കോടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റിയെടുക്കാവുന്ന പണത്തിനും പിന്‍വലിക്കാവുന്ന പണത്തിനും നിയന്ത്രണം വന്നു. ആ കണക്കുകളില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും മാറ്റം വരുത്തിക്കൊണ്ടിരുന്നു. തുടര്‍ച്ചയായി മാറ്റങ്ങള്‍ കൊണ്ടുവരുന്നതു സര്‍ക്കാരിന്റെ നയം പരാജയപ്പെട്ടതിന്റെ സൂചയെന്നാണു വിമര്‍ശനം. ഇതൊക്കെയാണ് സര്‍ക്കാര്‍ പറഞ്ഞതും പിന്‍വലിച്ചതും ഇപ്പോള്‍ തുടരുന്നതുമായ നിര്‍ദ്ദേശങ്ങള്‍

നോട്ട് നിരോധനം; പറഞ്ഞതും മാറ്റിപ്പറഞ്ഞതും

കള്ളപ്പണക്കാരെ പിടിക്കാനാണു തീരുമാനമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. നിരോധിച്ച നോട്ടുകളുടെ മൂല്യം പതിന്നാലര ലക്ഷം കോടി രൂപ, നിരോധനത്തിനു ശേഷം 24 ദിവസം പിന്നിടുമ്പോള്‍ ഇതില്‍ എട്ടു ലക്ഷം രൂപയോളം മാത്രമാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. അന്‍പതു ദിവസം കാത്തിരിക്കാന്‍ പ്രധാനമന്ത്രി ഇടവിട്ടു പറയുന്നു. പ്രധാനമന്ത്രി പറഞ്ഞതില്‍ പകുതി ദിവസവും പിന്നിട്ടു. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പിലെ ക്യൂ നീളുന്നതല്ലാതെ ഒന്നിനും പരിഹാരമാകുന്നില്ല. അക്കൗണ്ടില്‍ വന്ന ശമ്പളം പോലും കൈപ്പറ്റാന്‍ കഴിയാത്ത അവസ്ഥ.


കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പുറപ്പെടുവിക്കുകയും പിന്നീട് മാറ്റം വരുത്തുന്നതുമായ നിര്‍ദ്ദേശങ്ങള്‍ക്കാല്ലാതെ മറ്റൊന്നിനും മാറ്റമില്ല. ആകെ കണ്‍ഫ്യൂഷനാണ്, എന്തൊക്കെ പറഞ്ഞു, പിന്‍വലിച്ചതെന്തൊക്കെ....

നോട്ട് മാറ്റാന്‍ -  പറഞ്ഞതും മാറ്റിയതും

നവംബര്‍ 08-  കയ്യിലുള്ള പഴയ 1000, 500 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കിലെത്തി മാറാമെന്നു പ്രധാനമന്ത്രി. നിരോധിച്ച നോട്ടുകള്‍ക്കു പകരമായി 4000 രൂപ മാറ്റിത്തരും. അതില്‍ കൂടുതല്‍ നിരോധിച്ച കറന്‍സിയുണ്ടെങ്കില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം.

നവംബര്‍ 13-  നിരോധിച്ച നോട്ടുകള്‍ക്കു പകരം തരുന്നതു നാലായിരത്തില്‍ നിന്നു 4500 ആയി ഉയര്‍ത്തി.

നവംബര്‍ 17-  മാറ്റിയെടുക്കാവുന്ന പണത്തിന്റെ പരിധി 4500ല്‍ നിന്ന് രണ്ടായിരമാക്കി കുറച്ചു.

നവംബര്‍ 24- പഴയ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാനാകില്ല. റിസര്‍വ്വ് ബാങ്കിന്റെ ശാഖകളിലെത്തി മാത്രം മാറ്റാം. വിദേശീയര്‍ക്കു മാത്രം ആഴ്ചയില്‍ 5000 രൂപ വരെ ബാങ്കുകളിലെത്തി മാറ്റിയെടുക്കാം.

പണം പിന്‍വലിക്കാന്‍ -  പറഞ്ഞതും മാറ്റിയതും

നവംബര്‍ 08 - എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപ. ബാങ്കില്‍ നിന്ന് ദിവസവും പിന്‍വലിക്കാവുന്നത് പതിനായിരവും, ആഴ്ചയില്‍ ഇരുപതിനായിരവും

നവംബര്‍ 13 - എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്നത് രണ്ടായിരത്തില്‍ നിന്നു 2500 ആയി ഉയര്‍ത്തി. ബാങ്കില്‍ നിന്ന് ആഴ്ചയില്‍ ആകെ പിന്‍വലിക്കാവുന്നത് 24000 രൂപയാക്കി.

പഴയ നോട്ട് എവിടെ കൊടുക്കാം

നവംബര്‍ 08 - സര്‍ക്കാര്‍ ആശുപത്രി, റെയില്‍വേ, വിമാനടിക്കറ്റ്, പെട്രോള്‍പമ്പ്, ഫാര്‍മസി, പാല്‍ ബൂത്തുകള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളില്‍ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.

നവംബര്‍ 09 - മെട്രോ സ്‌റ്റേഷന്‍, മ്യൂസിയം, ടോൾ പ്ലാസ എന്നിവിടങ്ങളില്‍ നിരോധിച്ച നോട്ട് ഉപയോഗിക്കാം.

നവംബര്‍ 10 - സര്‍ക്കാര്‍ കോളജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഴയ നോട്ട് ഉപയോഗിക്കാം.

നവംബര്‍ 14 - പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്റെ കാലാവധി നവംബര്‍ 24 ആയി നിശ്ചയിച്ചു

നവംബര്‍ 24 - 1000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാനാകില്ല. പെട്രോള്‍ പമ്പ്, മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, വൈദ്യുതി ചാർജ്ജ്, വെള്ളക്കരം, കോളജ്-സ്‌കൂള്‍ ഫീസുകള്‍ എന്നിവയ്ക്ക് 500ന്റെ നോട്ടുകള്‍ ഉപയോഗിക്കാം.

ഡിസംബര്‍ 02 - പെട്രോള്‍ പമ്പുകളിലും, വിമാനടിക്കറ്റ് വാങ്ങുന്നതിനും പഴയ 500രൂപ ഉപയോഗിക്കാനാകില്ല. ഡിസംബര്‍ 15 വരെ നല്‍കിയിരുന്ന സൗകര്യമാണു വെട്ടിക്കുറച്ചത്.

നവംബര്‍ പത്തിനു പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം 2000, 500 രൂപയുടെ നോട്ടെത്തിക്കുമെന്നു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചിരുന്നു. ആദ്യം രണ്ടായിരത്തിന്റെ നോട്ടെത്തി. പിന്നീട് അഞ്ഞൂറിന്റേയും. എങ്കിലും ജനങ്ങളുടെ കൈയ്യിലുണ്ടായിരുന്ന പണത്തിനു പകരമുള്ളത് ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.

Read More >>