നോട്ടുനിരോധനം 5 ലക്ഷം കോടി രൂപയുടെ കള്ളനോട്ട് നിയമവിധേയമാക്കി: പ്രകാശ് അംബേദ്കര്‍

ബാങ്കുകളില്‍ ആവശ്യമെങ്കില്‍ നോട്ടുകള്‍ പരിശോധിക്കാന്‍ സൗകര്യമുള്ളപ്പോള്‍ എ.ടി.എമ്മുകളിലൂടെ ആര്‍ക്കും കളളനോട്ട് നിക്ഷേപിക്കാനാകും. അത് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അവിടെ ലഭ്യമല്ല. എസ്.ബി.ഐ എ.ടി.എം മുഖേനയാണ് ആളുകള്‍ കൂടുതലായി പണം നിക്ഷേപിച്ചത്. ഇത്തരത്തില്‍ 5 ലക്ഷം കോടി രൂപയുടെ കള്ളനോട്ട് നിയമവിധേയമായതായി കരുതുന്നു. രാജ്യത്തെ ഇടത്തരക്കാര്‍ക്ക് നോട്ടുനിരോധനത്തിന്റെ ദുഷ്യവശങ്ങളെക്കുറിച്ച് ഇന്ന് ബോധ്യം വന്നിട്ടുണ്ട്. നേരത്തെ അടിസ്ഥാനവര്‍ഗം നോട്ടുനിരോധനം കൊണ്ടുണ്ടായ ബുദ്ധിമുട്ടിനെപ്പറ്റി പരാതി പറഞ്ഞപ്പോള്‍ അവരത് അവഗണിക്കുകയായിരുന്നു. സമ്പദ് വ്യവസ്ഥ ഏറ്റവും മോശമായ കാലഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നത്, പ്രകാശ് പറയുന്നു.

നോട്ടുനിരോധനം 5 ലക്ഷം കോടി രൂപയുടെ കള്ളനോട്ട് നിയമവിധേയമാക്കി: പ്രകാശ് അംബേദ്കര്‍

ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. എ.ആര്‍ അംബേദ്കറിന്റെ പേരമകനും ഭാരിപ ബഹുജന്‍ മഹാസംഗ് (ബി.ബി.എം) പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ് പ്രകാശ് യശ്വന്ത് അംബേദ്കര്‍. 18.9.1990 മുതല്‍ 17.9.1996 വരെ രാജ്യസഭാംഗമായിരുന്ന പ്രകാശ് മഹാരാഷ്ട്രയിലെ അകോല മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാരദാ ന്യൂസിന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് നോട്ടുനിരോധനത്തെക്കുറിച്ചും അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും സംസാരിക്കുന്നു.


നോട്ടുനിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ നിലപാട്?

എന്ത് നേട്ടമാണ് നോട്ടുനിരോധനത്തിലൂടെ ഉണ്ടാവുകയെന്ന് അറിയാതെയാണ് വ്യക്തമായ ആസൂത്രണമില്ലാതെ പ്രധാനമന്ത്രി ഈ തീരുമാനമെടുത്തത്. ഭീകരവാദികളെ നേരിടാനും കളളപ്പണക്കാരെ പിടിക്കാനും കണക്കില്‍പ്പെടാത്ത പണം പിടികൂടാനുമാണ് നോട്ടുനിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രിക്ക് വേണ്ടത്ര ധാരണയില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രാജ്യത്ത് കള്ളപ്പണമല്ല ഉള്ളത്, മറിച്ച് 'സമാന്തര സമ്പദ് വ്യവസ്ഥ'യാണുളളത്. ഇതിലൂടെ 30 ശതമാനത്തോളം പണം കൈമാറ്റമാണ് നടക്കുന്നത്. നിര്‍മാണ, കാര്‍ഷിക മേഖലകളലില്‍ ജോലിചെയ്യുന്നവരും പാട്ടപെറുക്കി ജീവിക്കുന്നവരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇത്തരം തൊഴിലിടങ്ങളിലൊക്കെ കൈകളില്‍ നിന്ന് കൈകളിലേക്ക് മാറുന്ന പണമിടപാടുകളാണ് നടക്കുന്നത്. ഇത്തരം തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനുള്ള പണമില്ല, അല്ലെങ്കില്‍ ബാങ്കില്‍ പോകാന്‍ സമയമില്ല, അതുമല്ലെങ്കില്‍ എ.ടി.എം ഉപയോഗത്തെക്കുറിച്ചോ പ്ലാസ്റ്റിക് പണത്തേക്കുറിച്ചോ അറിവില്ല. ഇക്കാര്യങ്ങളൊക്കെ പ്രധാനമന്ത്രി എത്രയും വേഗം മനസിലാക്കേണ്ടതുണ്ട്. ഇത്തരമാളുകളുടെ ദ്രവരൂപത്തിലുള്ള പണം കൈമാറ്റം ഇവിടെ തുടരുക തന്നെ ചെയ്യും. ഇത് സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണ്. പണമിടപാടുകള്‍ക്ക് പാശ്ചാത്യരാജ്യങ്ങളെ മാതൃകയാക്കുന്നത് ശരിയല്ല, കാരണം പ്ലാസ്റ്റിക് പണം ഉപയോഗിക്കാന്‍ തയ്യാറാകുന്ന അവര്‍ അതിനായുള്ള മുന്നൊരുക്കങ്ങള്‍ അഞ്ചുവര്‍ഷം മുമ്പേ തന്നെ തുടങ്ങിയിരുന്നു. പണരഹിതമായ (ക്യാഷ്‌ലെസ്) സമ്പദ് വ്യവസ്ഥ നടപ്പിലാകാന്‍ അവര്‍ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്നതാണ് യാഥാര്‍ഥ്യം. നേരത്തെ നികുതി കൃത്യമായി കൊടുത്തിരുന്നവരും ഇനി നികുതി വെട്ടിച്ച് കള്ളപ്പണം സ്വരൂപിക്കാന്‍ ശ്രമിക്കുമെന്നതാണ് നോട്ടുനിരോധനത്തിന്റെ ആകെത്തുക.

നോട്ടുനിരോധനം രാജ്യത്തെ ദളിതരേയും പിന്നോക്ക വിഭാഗങ്ങളേയും ബാധിച്ചുവെന്ന് പറയാനുള്ള കാരണം?

ദളിതരെ മാത്രം ബാധിച്ചുവെന്നല്ല. സാമ്പത്തിക അളവുകോലുകള്‍ വച്ച് ഇന്ത്യയില്‍ ദളിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളും ഒരുപോലെയാണ്. അവരില്‍ ഭൂരിഭാഗവും ഭൂരഹിതരും നിര്‍മാണ തൊഴിലാളികളും കരാര്‍ ജോലിക്കാരും പാട്ട പെറുക്കി ജീവിക്കുന്നവരുമാണ്. ഇക്കൂട്ടരെയെല്ലാം പുതിയ നയം ബാധിച്ചു. ഡല്‍ഹിയിലെ തൊഴില്‍വിപണി ഇതെത്തുടര്‍ന്ന് സ്തംഭിച്ചു. രാജ്യത്താകെ നാലു കോടി തൊഴിലാളികളെ നോട്ടുനിരോധനം ബാധിച്ചതായി ഞാന്‍ കരുതുന്നു.

നരേന്ദ്ര മോഡിയുടെ നോട്ട് നിരോധിക്കാനുള്ള തീരുമാനം ഏകാധിപത്യ സ്വഭാവമുള്ളതായിരുന്നുവെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും, അതൊരു ഏകാധിപത്യ തീരുമാനമായിരുന്നു. കേവലം വികാരത്തിന് മുകളിലെടുത്ത തീരുമാനമാണ്. ഇക്കാര്യത്തില്‍ മോഡി ആരേയും വിശ്വാസത്തിലെടുത്തില്ല. ഒരു തീരുമാനമെടുക്കും മുമ്പ് ഒരാള്‍ അതിന്റെ അനന്തരഫലങ്ങളേയും കുറിച്ച് ബോധവാനാകണം. അര്‍ണാബ് ഗോസ്വാമിയുടെ ടൈംസ് നൗവിലെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ബാങ്കിംഗ് മേഖലയ്ക്ക് പുറത്തുള്ള 30% ജനങ്ങളെ നോട്ടുനിരോധനം ഗുരുതരമായി ബാധിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിന്ന് സത്യമായിരിക്കുന്നു. നോട്ടുനിരോധിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ പഴയ നോട്ട് മാറ്റിവാങ്ങാനും മറ്റുമായി ക്യൂവില്‍ നിന്നവരിലേറെയും സാധാരണക്കാരായിരുന്നു. എന്നാല്‍ പിന്നീടത് ഇടത്തരക്കാരായി മാറി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സേവനങ്ങള്‍ നേടുന്നതിനുള്ള ഉപയോഗ പരിധി കഴിഞ്ഞതുകൊണ്ടാണിത്. അവര്‍ക്കിപ്പോള്‍ ഒരു ചായയോ കാപ്പിയോ കുടിച്ച ശേഷം കൊടുക്കാന്‍ പണമില്ലാതായിരിക്കുന്നു. ഇതില്‍ ഏറെ പ്രധാനപ്പെട്ട കാര്യം ഇടത്തരക്കാര്‍ മിതവ്യയം ശീലിക്കുന്നുവെന്നതാണ്.

നേരത്തെ പറഞ്ഞ കണക്കുകള്‍ക്കും അതീതമായി 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടുകഴിഞ്ഞു. ഇനി സര്‍ക്കാര്‍ എന്ത് ചെയ്യാനാകും സാധ്യത?


കണക്കുകള്‍ പ്രകാരം രണ്ടരക്കോടി രൂപ മാത്രമാണ് നിക്ഷേപിക്കപ്പെട്ടത്. ഈ കണക്ക് ശരിയായാല്‍ത്തന്നെ അച്ചടിച്ച നോട്ടുകളില്‍ രണ്ടു ശതമാനം മാത്രമേ അത് ആകുന്നുള്ളു. 70% നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് എനിക്ക് പറയാനാകും. മൗറിഷ്യസ് വഴി 2001ല്‍ രാജ്യത്തെത്തിയ ഫണ്ടുകളെക്കുറിച്ചും ദുബൈ വഴി ഇന്ത്യയിലെത്തിയ സുരക്ഷിതമല്ലാത്ത ലോണുകളേക്കുറിച്ചും ആരെങ്കിലും പ്രധാനമന്ത്രിയോട് ചോദിക്കണം. അതൊക്കെ എഴുതിത്തള്ളി. നിര്‍മാണ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം അനുവദിക്കുന്നുണ്ടെങ്കിലും നികുതിയടയ്‌ക്കേണ്ടാത്ത പണം കൈവശമുള്ള നിക്ഷേപകന്‍ പിന്തുടരുന്ന നിയമങ്ങളും നിര്‍മാണമേഖലയിലേക്ക് വന്ന നിക്ഷേപത്തെക്കുറിച്ചും എന്താണ് പറയാനുള്ളത്?

താങ്കള്‍ ഉപയോഗത്തിലുള്ള പണത്തെക്കുറിച്ചാണോ നിഷ്‌ക്രിയ പണത്തെക്കുറിച്ചാണോ സംസാരിക്കുന്നത്?


രണ്ടിനേക്കുറിച്ചും. നികുതിയടയ്‌ക്കേണ്ട അളവിലുള്ള പണം ഇപ്പോള്‍ നിങ്ങളുടെ കൈവശമില്ല. കറന്‍സി നോട്ടുകളില്‍ പ്രിന്റുചെയ്തിട്ടുള്ള X തുകയാണിതെന്നാണ് ഗവണ്‍മെന്റ് ആദ്യം പറഞ്ഞത്, എന്നാല്‍ ഡിസംബര്‍ 31ഓടെ ഇത് അവസാനിക്കുകയാണ്. ഒരുതരത്തില്‍ നിങ്ങള്‍ വ്യാജ നോട്ടുകള്‍ നിങ്ങളുടെ സമ്മതമില്ലാതെ പ്രചരിക്കുന്നതിന് കാരണമാകുകയാണ് ചെയ്തത്. ബാങ്കുകളുടെ പണപ്പെട്ടി വലുതാകുകയാണ് ഇനി ചെയ്യുന്നത്. കാരണം അത്തരം കറന്‍സികള്‍ സ്വീകരിച്ചതിലൂടെ നിങ്ങളവയെ നിയമവിധേയമാക്കി. നേരത്തേ ബാങ്കുകള്‍ ഇത്തരം പണം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അല്ലെങ്കില്‍ ബാങ്കുകള്‍ അവ കത്തിച്ചുകളയുമായിരുന്നു. നോട്ടുനിരോധനത്തിന് ശേഷം നിങ്ങള്‍ക്ക് കള്ളനോട്ട് നേരിട്ടെത്തി നിക്ഷേപിക്കാമെന്ന സ്ഥിതിയായി.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത എ.ടി.എം മുഖേന പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ബാങ്കുകളില്‍ ആവശ്യമെങ്കില്‍ നോട്ടുകള്‍ പരിശോധിക്കാന്‍ സൗകര്യമുള്ളപ്പോള്‍ എ.ടി.എമ്മുകളിലൂടെ ആര്‍ക്കും കളളനോട്ട് നിക്ഷേപിക്കാനാകും. അത് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അവിടെ ലഭ്യമല്ല. എസ്.ബി.ഐ എ.ടി.എം മുഖേനയാണ് ആളുകള്‍ കൂടുതലായി പണം നിക്ഷേപിച്ചത്. ഇത്തരത്തില്‍ 5 ലക്ഷം കോടി രൂപയുടെ കള്ളനോട്ട് നിയമവിധേയമായതായി കരുതുന്നു.

എത്ര രൂപയുടെ കള്ളനോട്ട് രാജ്യത്തുണ്ടെന്നാണ് താങ്കള്‍ കരുതുന്നത്?

അഞ്ച് ലക്ഷം കോടിയുടെ കള്ളനോട്ടുണ്ടെന്ന് കരുതുന്നു. ഇപ്പോള്‍ എന്റെ സംശയമിതാണ്. പാക്കിസ്താനില്‍ പ്രിന്റുചെയ്ത നോട്ടുകള്‍ പോലും നിലവിലെ സാഹചര്യം ഉപയോഗിച്ച് മാറ്റിയെടുക്കാനുള്ള സാധ്യതയില്ലേ എന്നാണ്. എന്നാല്‍ പണം വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള സൗകര്യം എ.ടി.എമ്മുകളില്‍പ്പോലും ലഭ്യമല്ല. ഇതുവരെ നിക്ഷേപിക്കപ്പെട്ട പണം നികുതിവിധേയമാണ്. ഇതുവരെ നിക്ഷേപിക്കപ്പെടാത്ത കോര്‍പ്പറേറ്റുകളുടെ കൈവശമുള്ള പണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ പതിപ്പിച്ചാല്‍ അത് പ്രിന്റുചെയ്ത തുകയെ ഇരട്ടിയാക്കും. സുബ്രഹ്മണ്യം സ്വാമി ചോദിച്ചതുപോലെ നോട്ടുനിരോധനത്തിന്റെ നിയമസാധുതയാണ് അടുത്ത വിഷയം. നോട്ടുനിരോധനം സംബന്ധിച്ചുള്ള കൃത്യമായ ഉത്തരവിനെക്കുറിച്ച് ആര്‍ക്കുമറിയില്ല.

നോട്ടുകള്‍ ജനങ്ങളുടെ സമ്പാദ്യമാണ്. അതുകൊണ്ടുതന്നെ അത് റദ്ദാക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണ്. സര്‍ക്കാരില്‍ നിന്ന് സ്വര്‍ണമോ സമാനമായ വസ്തുക്കളോ സ്വീകരിച്ച ശേഷമാണ് ജനങ്ങള്‍ക്ക് തത്തുല്യ തുകയ്ക്ക് സാധനസേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രതിജ്ഞയോടുകൂടി റിസര്‍വ് ബാങ്ക് നോട്ട് അച്ചടിച്ചിറക്കിയത്. അതുകൊണ്ടുതന്നെ നോട്ട് നിരോധിക്കാന്‍ അധികാരമുള്ള ഏക വ്യക്തി റിസര്‍വ് ബാങ്ക് ഗവര്‍ണറാണ്, സര്‍ക്കാരല്ല. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ നോട്ടുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചത്.

നോട്ടുനിരോധനത്തെത്തുടര്‍ന്ന് ജി.ഡി.പിയില്‍ രണ്ട് ശതമാനത്തിന്റെ കുറവ് വരാമെന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടല്ലോ. ഇക്കാര്യത്തില്‍ താങ്കള്‍ക്കെന്താണ് പറയാനുള്ളത്?


മന്‍മോഹന്‍ സിംഗ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അളവില്‍ ജി.ഡി.പി കുറയും. ആരെങ്കിലും ഏതെങ്കിലും ഗ്രാമത്തില്‍ പോയി കൃഷിപ്പണികള്‍ പഴയതുപോലെ നടക്കുന്നുണ്ടോ എന്നൊരു സര്‍വേ നടത്തട്ടെ. അപ്പോള്‍ മനസിലാകും.

ഈ സാഹചര്യത്തില്‍ നോട്ടുനിരോധനം രാജ്യത്തെ ഗുരുതരമായി ബാധിക്കാന്‍ പോകുന്നുവെന്ന് കരുതണം?

അതെ, അതാണ് ഞാന്‍ പറഞ്ഞത്. നോട്ടുനിരോധനം കൊണ്ട് തൊഴിലെടുക്കുന്ന ജനവിഭാഗം വിഷമിച്ചപ്പോള്‍ ആരും ശ്രദ്ധിച്ചില്ല. ഇപ്പോള്‍ ഇടത്തരക്കാരാണ് പ്രതിസന്ധി നേരിടുന്നത്. സാധാരണക്കാര്‍ നേരിട്ട വിഷമം ഇപ്പോള്‍ ഇടത്തരക്കാര്‍ക്ക് മനസിലായിട്ടുണ്ട്. ഇനി പണം പൂഴ്ത്തിവയ്ക്കലിന്റെ കാലമാണ്. ഇടത്തരക്കാര്‍ ചെലവുചുരുക്കുന്നതായി ഞാന്‍ പറയാന്‍ കാരണമിതാണ്. വാങ്ങാനും ചെലവഴിക്കാനുമുള്ള ഇടത്തരക്കാരുടെ ശേഷി കുറഞ്ഞിരിക്കുകയാണ്. ഇത് ചെറുകിട വ്യവസായങ്ങളെ തളര്‍ത്തും. അടുത്ത ഘട്ടത്തില്‍ ഇത് വന്‍കിട വ്യവസായങ്ങളേയും ബാധിക്കും. കറന്‍സി നോട്ടുകള്‍ പൂര്‍ണമായും വിപണിയിലെത്താന്‍ 9 മാസം സമയമെടുക്കുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. നേരത്തെ പണം പൂഴ്ത്തിവയ്ക്കാതിരുന്നവരാണ് ഇപ്പോള്‍ ഇറങ്ങിയ കറന്‍സിയിലെ 80 ശതമാനവും പൂഴ്ത്തിവെക്കുന്നത്‌.  ഇത് വിപണിയില്‍ ആവശ്യത്തിന് പണം വരാത്ത സാഹചര്യം സൃഷ്ടിക്കും.

Read More >>