നോട്ട് നിരോധനം; ക്രിസ്തുമസിനും പുതുവത്സരത്തിനും പൊലിമ കുറയും

ക്രിസ്തുമസ്, പുതുവത്സര കാലത്തെ കേക്ക് വിൽപ്പനയേയും നക്ഷത്രങ്ങളുടേയും അലങ്കാര വസ്തുക്കളുടേയും വിൽപ്പനയെ നോട്ട് നിരോധനം ബാധിച്ചെന്ന് കച്ചവടക്കാർ. മുൻ വർഷത്തെ കച്ചവടത്തിന്റെ പകുതി വിൽപ്പനയേ ഇത്തവണ ഉണ്ടാകൂ എന്നാണ് വിലയിരുത്തൽ

നോട്ട് നിരോധനം; ക്രിസ്തുമസിനും പുതുവത്സരത്തിനും പൊലിമ കുറയും

കൊച്ചി: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് ഇത്തവണ പൊലിമ കുറയുമെന്ന സൂചനയാണ് വിപണികളിൽ നിന്ന് ലഭിക്കുന്നത്.  ആഘോഷങ്ങൾക്ക് മുന്നോടിയായി വിപണി ഉണരേണ്ട സമയമായിട്ടും നോട്ട് നിരോധനം സൃഷ്ടിച്ച മാന്ദ്യമാണ് വിപണിയിൽ പ്രതിഫലിച്ചത്. ക്രിസ്തുമസ് കേക്കിനും, നക്ഷത്രങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവയ്ക്കും  മുമ്പത്തെപോലെ ആവശ്യക്കാരെത്തുന്നില്ലെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

കേക്കായി വേണ്ട, പീസായി മതി

കൊച്ചി നഗരത്തിലെ പ്രമുഖ ബേക്കറികളിലൊന്നും മുമ്പത്തെ പോലെ ക്രിസ്തുമസ് കേക്കിന് ഓർഡർ ലഭിച്ചു തുടങ്ങിയിട്ടില്ല. ഐടി കമ്പനികൾ അടക്കമുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കേക്ക് ഓർഡറിന് 75ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ബെസ്റ്റ് ബേക്കേഴ്സ് ജീവനക്കാരനായ റോഷൻ പറയുന്നു. മുൻ വർഷങ്ങളിൽ ഡിസംബർ ഒന്നു മുതൽ തന്നെ കേക്കുകൾക്കായി ബുക്കിംഗ് ലഭിച്ചു തുടങ്ങും.  ഇത്തവണ അപൂർവ്വമായേ ഓർഡറുകൾ ലഭിക്കുന്നുള്ളൂവെന്നും റോഷൻ പറയുന്നു.


കിലോ കണക്കിന് കേക്കിന്റെ ഓർഡർ ലഭിച്ചിരുന്നിടത്ത് പീസുകളുടെ എണ്ണം പറഞ്ഞാണ് ഇത്തവണ അധികം ഓർഡറുകളും ലഭിച്ചതെന്ന് മറ്റൊരു പ്രമുഖ ബേക്കറിയുടെ ജീവനക്കാരൻ പറയുന്നു. നോട്ട് നിരോധനം വരുന്നതിന് രണ്ട് മാസം മുമ്പേ കേക്ക് നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ മിക്ക ബേക്കറികളും തുടങ്ങിയിരുന്നു.

എന്നാൽ കേക്ക് നിർമ്മാണം നിർത്തിവെയ്ക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ബേക്കറി ഉടമകൾ പറയുന്നു. നോട്ട് നിരോധനത്തിന് ശേഷം എറണാകുളത്തെ ബേക്കറികളിൽ അമ്പത് ശതമാനത്തിനടുത്ത് കച്ചവടത്തിൽ ഇടിവ് വന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.  ദിവസം  ഇരുപതിനായിരം രൂപയിൽ കൂടുതൽ വരുമാനമുണ്ടായിരുന്ന ബേക്കറികളിൽ ഇപ്പോൾ ശരാശരി 4000 രൂപ മുതൽ ഏഴായിരം രൂപ വരെയാണ് ശരാശരി കച്ചവടം.

മുൻകൂർ ശമ്പളമില്ലെങ്കിൽ എല്ലാം താറുമാറാകും

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ മൂന്ന് നാല് ദിവസങ്ങളിൽ കേരളത്തിലെ ബേക്കറികളിൽ 85 ശതമാനമാണ് കച്ചവടത്തിൽ വന്ന ഇടിവെന്ന് ആൾ കേരള ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി എം ശങ്കരൻ നാരദാന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ബേക്കറികളിലെ കച്ചവടം ശരാശരി  45 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ താരതമ്യേന കുറഞ്ഞ ഗ്രാമീണമേഖലകളിൽ അമ്പത് ശതമാനത്തിലേറെയാണ് കച്ചവടത്തിൽ കുറവ് വന്നിട്ടുള്ളത്.

ശമ്പള ദിവസം മാറിയേക്കുമെന്നും മുൻകൂർ ശമ്പളം ഇത്തവണ ഉണ്ടാകില്ലെന്നുമുള്ള സംശയങ്ങളാണ് ആഘോഷം ചുരുക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നതെന്നും പി എം ശങ്കരൻ പറയുന്നു.

സർക്കാർ ജീവനക്കാർക്ക് മുൻകൂർ ശമ്പളം നൽകിയില്ലെങ്കിൽ ബേക്കറികളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്ന് പി എം ശങ്കരൻ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിൽ ഡിസംബർ 20ന് മുമ്പ് ശമ്പളം നൽകുമായിരുന്നു. എന്നാൽ ഇത്തവണ നോട്ട് നിരോധനം മൂലം ശമ്പളം വൈകുമെന്ന സൂചനകളാണ് സർക്കാർ നൽകുന്നത്. ശമ്പള പ്രതിസന്ധിയുണ്ടായാൽ കേക്ക്  നിർമ്മാണമടക്കമുള്ളവ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

സാഹചര്യങ്ങൾ ഈ നിലയിൽ തുടരുകയാണെങ്കിൽ ക്രിസ്തുമസ്, പുതുവത്സര ആഘോഷവേളയിൽ 30 ശമാനമെങ്കിലും കച്ചവടത്തിൽ കുറവ് പ്രതീക്ഷിക്കുന്നെന്ന് പുതുപ്പള്ളി ബെസ്റ്റ് ബേക്കേഴ്സ് ഉടമ സി പി പ്രേമൻ പറയുന്നു. കാർഡ് ഉപയോഗിച്ച് സാധനങ്ങൾ മേടിക്കാൻ വരുന്നവർ കുറവാണ്. ഓൺലൈൻ ഇടപാടുകൾക്കുള്ള മെഷീനുകൾ ബുക്ക് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും എത്തിയിട്ടില്ലെന്നും ബേക്കറി ഉടമകൾ പറയുന്നു.

നക്ഷത്രതിളക്കം കുറയും, പുൽക്കൂട്ടിലും ദാരിദ്ര്യം

നക്ഷത്ര നിർമ്മാണ രംഗത്തും നോട്ട് നിരോധനത്തെ തുടർന്നുള്ള മാന്ദ്യമെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നക്ഷത്രനിർമ്മാണം പകുതിയായി കുറച്ചെന്ന് എറണാകുളം വടുതലയിൽ നക്ഷത്ര നിർമ്മാണം നടത്തുന്ന ജോൺസൺ പറയുന്നു. ' കഴിഞ്ഞ വർഷം ഈ സമയത്ത് ഫോണെടുക്കാൻ പോലും സമയം കിട്ടിയിരുന്നില്ല, ആ തിരക്കൊന്നും ഇത്തവണയില്ല'- ജോൺസൺ പറഞ്ഞു.മുമ്പൊക്കെ പതിനായിരം രൂപയ്ക്കൊക്കെ പർച്ചേയ്സ് നടത്തിയവർ ഇത്തവണ 2000 രൂപ തൊട്ട് പരമാവധി 5000 രൂപയിലൊക്കെ ഒതുക്കിയെന്ന് ബ്രോഡ് വേയിലെ പ്രീമിയർ ഫാൻസി ജീവനക്കാരൻ നാരദാന്യൂസിനോട് പറഞ്ഞു. സീസൺ സമയത്ത് വേണ്ടിവരുന്ന അധിക ജീവനക്കാർക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന് അറിയില്ലെന്നും കച്ചവടക്കാർ പറയുന്നു.

നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവയുടെ വില ആവശ്യക്കാർക്ക് പ്രശ്നമല്ലെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു.25 രൂപ മുതൽ 250 രൂപ വരെയാണ് സാധാരണ നക്ഷത്രങ്ങളുടെ വില. എൽഇഡി നക്ഷത്രങ്ങൾക്ക് 150 രൂപയിൽ മുകളിലാണ് വില.

200 രൂപ മുതൽ 1000 രൂപ വരെയുള്ള പുൽക്കൂടുകളാണ് ഇത്തവണ അധികവും വിപണിയിലിറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ അയ്യായിരംരൂപയ്ക്ക് മുകളിലുള്ള പുൽക്കൂടുകൾ വരെ മേടിക്കാൻ ആളുകളെത്തിയിരുന്നെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ വർഷം മേടിച്ച നക്ഷത്രങ്ങളും മറ്റും ഇത്തണവണയും ഉപയോഗിക്കാമെന്നാണ് മിക്കവരുടേയും കണക്കുകൂട്ടൽ. കരോൾ ഗാനമത്സരവും മറ്റുമെത്തുമ്പോൾ സാന്താക്ലോസിൻ്റെ വേഷത്തിനും മുഖംമൂടിയ്ക്കുമൊക്കൊ  ആവശ്യക്കാരെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ശരാശരി450നും 600 രൂപയ്ക്കുമിടയിലുള്ള  ക്രിസ്മസ് ട്രീകളാണ് ഇത്തവണ അധികവും വിറ്റുപോകുന്നതെന്ന് ഇവർ പറയുന്നു. ഭൂരിപക്ഷം ഫാൻസികളിലും കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ കുറവാണ്. 2000 രൂപയുമായി വരുന്നവർ അഞ്ഞൂറിനും 600രൂപയ്ക്കുമൊക്കെ പർച്ചേസ് ചെയ്തു പോകുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കയ്യിൽ പണമില്ലാത്തതല്ല, നോട്ട് ലഭ്യതയാണ് യഥാർത്ഥ പ്രശ്നമെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

ഓഫറുകളുമായി മാളുകൾ

കൊച്ചി നഗരത്തിലെ മാളുകളിൽ ഡിസംബർ ആദ്യം തൊട്ട് ക്രിസ്തുമസ്, പുതുവത്സര ഓഫറുകൾ തുടങ്ങിയിരുന്നു.  കേക്കുകൾ, സിറപ്പ് വൈൻ, ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കുറവാണ് മാളുകളിൽ.  അവധി ദിവസങ്ങൾ വരുന്നതോടു കൂടി മാളുകളിലെ തിരക്ക് വൻ തോതിൽ ഉയരുമെന്നാണ് കണക്കുകൂട്ടൽ.

Read More >>