നോട്ടുനിരോധനം: വെനസ്വേലയില്‍ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി; പ്രക്ഷോഭം അക്രമാസക്തമായി, മൂന്നു മരണം

രാജ്യത്തെ പ്രധാന റോഡുകളെല്ലാം പ്രക്ഷോഭകര്‍ തടഞ്ഞു. എല്ലായിടത്തും പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. മഡ്യൂറോയുടെ കോലവും ചിത്രങ്ങളും കത്തിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെ നിരവധി കടകളും ട്രക്കുകളുമാണു കൊള്ളയടിക്കപ്പെട്ടത്. കാശില്ലാതെ വന്നതോടെ പല എടിഎമ്മുകളും ഇതിനോടകം തകര്‍ക്കപ്പെട്ടു.

നോട്ടുനിരോധനം: വെനസ്വേലയില്‍ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി; പ്രക്ഷോഭം അക്രമാസക്തമായി, മൂന്നു മരണം

കാരക്കാസ്: ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധിച്ചതിനെ തുടര്‍ന്നു വെനസ്വേലയില്‍ ജനങ്ങളുടെ പ്രക്ഷോഭം അക്രമാസക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനം തെരുവിലിറങ്ങി. ഇതിനിടെ പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രക്ഷോഭകരില്‍പ്പെട്ട നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. നോട്ടുനിരോധനത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.


കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 100 ബൊളിവര്‍ നിരോധിച്ചുകൊണ്ട് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ ഉത്തരവിറക്കിയത്. മാഫിയകളെ തുരത്തുക, കള്ളപ്പണം തടയുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു നടപടി. എന്നാല്‍ തത്തുല്യമായ നോട്ടുകളോ ബദല്‍മാര്‍ഗങ്ങളോ ലഭ്യമാകാതെ വന്നതോടെ ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു.

രാജ്യത്തെ പ്രധാന റോഡുകളെല്ലാം പ്രക്ഷോഭകര്‍ തടഞ്ഞു. എല്ലായിടത്തും പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. മഡ്യൂറോയുടെ കോലവും ചിത്രങ്ങളും കത്തിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെ നിരവധി കടകളും ട്രക്കുകളുമാണു കൊള്ളയടിക്കപ്പെട്ടത്. കാശില്ലാതെ വന്നതോടെ പല എടിഎമ്മുകളും ഇതിനോടകം തകര്‍ക്കപ്പെട്ടു.മിക്ക എടിഎമ്മുകളും ഇപ്പോഴും കാലിയാണ്. അവിചാരിതമായി നോട്ടുകള്‍ പിന്‍വലിച്ചതോടെ ഭക്ഷണം പോലും വാങ്ങാനാകാത്ത ദുരവസ്ഥയിലാണ് തങ്ങളെന്ന് ജനങ്ങള്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥ വന്നതോടെ കടയുടമകള്‍ ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതോടൊപ്പം, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയകളിലും മഡ്യൂറോയ്‌ക്കെതിരെ ശക്തമായ കാംപയിനുകളും പ്രതിഷേധവുമാണ് നടക്കുന്നത്.അതേസമയം, രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനുള്ള പ്രസിഡന്റിന്റെ നീക്കത്തിന്റെ തെളിവാണ് നോട്ടുനിരോധനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മഡ്യൂറോ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനിടെ, രാജ്യത്ത് ജനഹിത പരിശോധന വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. 2017 ജനുവരിയോടെ കറന്‍സി പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയുടെ വിശദീകരണം. അതുവരെ ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയോടു സഹകരിക്കണമെന്നും മഡ്യൂറോ പറഞ്ഞു.

Read More >>