സിപിഐഎം ഭയക്കുക തന്നെ വേണം... ഇടതുപക്ഷത്തെ

പാര്‍ലമെന്ററി സ്വഭാവം കൈവരിച്ചതോടെയാണ്‌ സിപിഐഎം പോലുള്ള ഇടതു പ്രസ്ഥാനങ്ങള്‍ക്ക്‌ വലതുപക്ഷ വ്യതിയാനമുണ്ടായത്‌. ഇടതുപക്ഷം എന്ന വിശേഷണത്തിന്റെ പ്രസക്തി പോലും നഷ്ടപ്പെടുന്നതിലേക്കു പാര്‍ലമെന്ററി ഇടതുപക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്‌. കേരളം, ബംഗാള്‍, ത്രിപുര പോലുള്ള ഇടതുപക്ഷത്തിന്‌ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രസ്ഥാനത്തിനു കാലിടറുന്നു

സിപിഐഎം ഭയക്കുക തന്നെ വേണം... ഇടതുപക്ഷത്തെ

സ്വത്വ പ്രതിസന്ധി നേരിടുന്ന സിപിഐഎമ്മിനു ലഭിച്ച ആയുധങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ ദേശീയഗാന വിവാദവും മാവോയിസ്‌റ്റ്‌ വിഷയങ്ങളുമൊക്കെയെന്നു സംശയിച്ചാല്‍ അതില്‍ അതിശയോക്തിയില്ല. പ്രത്യയശാസ്‌ത്രപരമായി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിലുണ്ടായിരിക്കുന്ന വ്യതിയാനം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നതു കേരളത്തിലാണ്‌. അതിന്റെ പ്രധാന കാരണം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ആശയദാരിദ്ര്യവും അധികാരഭ്രമവും തന്നെ.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭയില്‍ വലിയ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്തിയിരുന്നില്ലെങ്കിലും ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യവേട്ട ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം എല്ലാം ശരിയായിത്തുടങ്ങിയതിന്റെ ലക്ഷണമാണെന്നു സംശയിക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും ദേശീയ വിഷയങ്ങളിലും പൗരനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തുന്ന ഭരണകൂടം ഇടതുപക്ഷത്തിന്റെയാണെന്നുള്ളത്‌ ഞെട്ടലുളവാക്കുന്നു. പൗരനെ സംന്ധിച്ചിത്തോളം ഭരണഘടന അനുശാസിക്കുന്ന, നിഷ്‌കര്‍ഷിക്കുന്ന വ്യക്തി സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന സ്ഥിതിവിശേഷം. പൊലീസിനെ മാത്രം കുറ്റപ്പെടുത്തി ഭരിക്കുന്ന പാര്‍ട്ടിക്കു കൈകഴുകാന്‍ കഴിയുമോ? ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയെന്നാണല്ലൊ സിപിഐഎം പോലും പൊലീസിനെ വിശേഷിപ്പിക്കാറുള്ളത്‌.


സിപിഐഎമ്മിന്റെ ഭയം

പാര്‍ലമെന്ററി സ്വഭാവം കൈവരിച്ചതോടെയാണ്‌ സിപിഐഎം പോലുള്ള ഇടതു പ്രസ്ഥാനങ്ങള്‍ക്ക്‌ വലതുപക്ഷ വ്യതിയാനമുണ്ടായത്‌. ഇടതുപക്ഷം എന്ന വിശേഷണത്തിന്റെ പ്രസക്തി പോലും നഷ്ടപ്പെടുന്നതിലേക്കു പാര്‍ലമെന്ററി ഇടതു പക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്‌. കേരളം, ബംഗാള്‍, ത്രിപുര പോലുള്ള ഇടതുപക്ഷത്തിന്‌ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രസ്ഥാനത്തിനു കാലിടറുന്നു. തങ്ങള്‍ ഇടതുപക്ഷമാണെന്നുള്ള തിരിച്ചറിവില്‍ നിന്നു വ്യതിചലിച്ച്‌ ബൂര്‍ഷ്വ രാഷ്ട്രീയ പാർട്ടികളുടെ വലതുപക്ഷ-മൂലധന- മുതലാളിത്ത നിലപാടിലേക്ക്‌ അതിവേഗം കുതിക്കുകയാണ്‌ സിപിഐഎം ഇപ്പോള്‍. പ്രത്യേകിച്ച്‌ കേരളത്തില്‍.

അടിയന്തിരാവസ്ഥയെ അനുസ്‌മരിക്കുന്ന പൊലീസ്‌ രാജ്‌ അരങ്ങേറുമ്പോള്‍ ഇടതുപ്രസ്ഥാനങ്ങള്‍ മൗനംഭജിക്കുന്നതാണ്‌ ഏറെ അപകടകരം. 1939ല്‍ പിണറായിയിലെ പാറപ്പുറത്ത്‌ രൂപംകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിന്നീട്‌ നിരവധി ചോരച്ചാലുകള്‍ നീന്തിയും തീക്ഷ്‌ണവും സങ്കീര്‍ണ്ണവുമായ പാതകള്‍ താണ്ടിയുമാണ്‌ കേരളത്തില്‍ നിലയുറപ്പിച്ചത്‌. പുന്നപ്ര-വയലാറും കയ്യൂരും ഉള്‍പ്പെടെ പോരാട്ടങ്ങളുടെ നിലപാട്‌ ഭൂമികയില്‍ സാമ്രാജ്യത്വത്തിനും ജന്മിത്വ-ദിവാന്‍ വാഴ്‌ച്ചയ്‌ക്കുമെതിരെ പോരാടാന്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്ക്‌ ഉപോല്‍ബലകമായ ചാലക ശക്തിയായതു പ്രത്യയശാസ്‌ത്രപരമായ മേന്‍മയും ശക്തമായ നിലപാടും തന്നെയായിരുന്നു. അതിനെയെല്ലാം തള്ളിപ്പറയുന്ന നിലപാടിലേക്കു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വലതു പക്ഷത്തോടു മത്സരിക്കുകയാണിപ്പോള്‍.

ഭൂതകാലത്തിന്റെ മേന്‍മയ്‌ക്കപ്പുറം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്തുനേട്ടങ്ങളാണ്‌ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാനുള്ളത്‌? വലതുപക്ഷ ഭൂതത്തെ ആവാഹിച്ച ഇടതുപക്ഷ ഭരണത്തില്‍ പൊലീസിനെ കയറൂരി വിടുമ്പോള്‍ സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം രണ്ടു ലക്ഷ്യങ്ങളുണ്ട്‌. ഒന്നു പാര്‍ലമെന്ററി ഇടതുപക്ഷത്തിനു ബദലായി ഉയര്‍ന്നുവരുന്ന ഇടതു ശബ്‌ദങ്ങളെ നിശ്ചലമാക്കുക. മറ്റൊന്ന്‌ അധികാരം നിലനിര്‍ത്തുക തന്നെ . ഇവിടെയാണ്‌ നിരവധി അപകടകരമായ വഴികള്‍ തുറക്കപ്പെടുന്നത്‌. യഥാര്‍ത്ഥ ഇടതുപക്ഷമാകാന്‍ സിപിഐഎമ്മിന്‌ ഒരുകാലത്തും കഴിയില്ലെന്ന സന്ദേശമാണ്‌ പൊലീസ്‌ രാജിലൂടെയും മറ്റും പുറത്തുവരുന്നത്‌.

സ്വതന്ത്ര ഇടതുശബ്ദം

കേരളത്തില്‍ പാര്‍ലമെന്ററി ഇടതുപക്ഷത്തിന്‌ ബദലായൊരു ശബ്ദം ഉയര്‍ന്നുവരുന്നത്‌ ഒരിക്കലും അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്‌. അതു മാവോയിസമല്ലെന്നു കൂടി പറയട്ടെ. കാരണം കേരളത്തിലെ പത്തു ശതമാനം ജനങ്ങളില്‍പോലും മാവോയിസ്‌റ്റ്‌ ആശയത്തിന്‌ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു. ദളിത്‌-ആദിവാസി-മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നുമ്പോള്‍ കേരളംപോലുള്ള ഇടത്ത്‌ സായുധ പോരാട്ടത്തിലൂടെ അധികാരം പിടിക്കാന്‍ മാവോയിസ്‌റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു ശതമാനംപോലും സാധ്യതയില്ല. പുതിയ സാഹചര്യത്തില്‍ മാവോയിസ്‌റ്റ്‌ പ്രസ്ഥാനങ്ങളുടെ പ്രസക്തി കേരളത്തില്‍ അത്രത്തോളം പരിഗണനാവിഷയവുമല്ല. അതുകൊണ്ടുതന്നെ സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം മാവോയിസ്‌റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി കാര്യമായെടുക്കേണ്ട കാര്യവുമില്ല.

നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്‌റ്റ്‌ നേതാക്കള്‍ വെടിയേറ്റു മരിച്ചപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന കേരളത്തിലെ പ്രബല ജനവിഭാഗം ഭരണകൂട നടപടിയെ ചോദ്യം ചെയ്‌തതൊന്നും അവര്‍ മാവോയിസ്‌റ്റുകളായതുകൊണ്ടുമല്ല. പക്ഷേ അതിനപ്പുറത്തേക്കൊരു ഇടതുശബ്ദം കേരളത്തില്‍ രൂപപ്പെട്ടു തുടങ്ങുന്നത്‌ സോഷ്യല്‍ മീഡിയ സജീവമായ പുതിയ കാലത്താണ്‌. ഹൈടെകും ബ്ലൂചിപ്പും സ്വപ്‌നംകാണുന്ന പുതുതലമുറയില്‍ നിന്നുപോലും കൃത്യതയാര്‍ന്നൊരു രാഷ്ട്രീയ നിലപാട്‌ പുറത്തുവരുന്നു. എഴുത്തുകാരും ബുദ്ധിജീവികളും മനുഷ്യാവകാശ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്ന ഒരു ലിബറല്‍ പ്ലാറ്റ്‌‌ഫോമാണ്‌ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു ചുരുക്കം. പാര്‍ലമെന്ററി ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്ന ഘടകവും ഇതു തന്നെയാണ്‌.

ന്യൂജന്‍ രാഷ്ട്രീയം

പാര്‍ലമെന്ററി സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്കു ബദലായുള്ള രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്ന ആക്ടിവിസ്റ്റുകളില്‍ ഏറിയ പങ്കും യുവജനതയാണെന്നുള്ളതാണു ശ്രദ്ധേയം. പരിസ്ഥിതി-ആദിവാസി-ദളിത്‌ വിഷയങ്ങളിലും സമകാലിക സംഭവങ്ങളിലും സ്‌ത്രീപക്ഷ-ദേശീയ പ്രശ്‌നങ്ങളിലും ഉണ്ടാകുന്ന ഇടപെടലുകള്‍ സ്വതന്ത്രമാണ്‌. ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതും മുന്നോട്ടു വെയ്‌ക്കുന്നതും പുതിയ രാഷ്ട്രീയമല്ല. മറിച്ച്‌ മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ആശയങ്ങളില്‍ നിന്നു തന്നെയാണ്‌ ഇവരുടെ പ്രത്യയശാസ്‌ത്രവും രൂപപ്പെടുന്നത്‌. അനാര്‍ക്കിസ്റ്റുകള്‍ എന്നു പറഞ്ഞ്‌ മുഖ്യധാരാ സമൂഹം മാറ്റിനിര്‍ത്തപ്പെടുന്നവരും ഇവരിലുണ്ട്‌.

എറണാകുളത്തെ ചുംബനസമരത്തിലും മനുഷ്യസംഗമത്തിലുമെല്ലാം വേറിട്ട നിലപാട്‌ സ്വീകരിച്ച യഥാര്‍ത്ഥ ഇടതുപക്ഷമായിവര്‍ മാറിക്കൊണ്ടിരിക്കുന്നു. മതമൗലിക സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്‌ത അമാനവ സംഗമത്തെ തള്ളിപ്പറയാന്‍പോലും ഇവര്‍ നിര്‍ബന്ധിതരായി. മാവോയിസ്‌റ്റ്‌ ആശയമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ്‌ വേട്ടയാടുക സ്വാഭാവികമാകുമ്പോള്‍ ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്നവര്‍ക്കൂടി ഭരണകൂടത്തിന്റെ കണ്ണില്‍ കരടാവുമ്പോഴാണ്‌ കോഴിക്കോട്ടുള്ള നദീറിനെപ്പോലുള്ളവര്‍ക്കു മാവോയിസ്‌റ്റ്‌ മുദ്ര ചാര്‍ത്തപ്പെടുന്നത്‌.

ദേശീയഗാന വിവാദത്തിലുള്‍പ്പെടെ സവര്‍ണ്ണ-ഫാസിസ്റ്റ്‌ നിലപാടിന്‌ അനുഗുണമായ പൊലീസ്‌ നടപടിയെ സോഷ്യല്‍ മീഡിയയിലൂടെ വിമർശിച്ചവർ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാകുന്നത്‌ ഇങ്ങനെയാണ്‌. ഭരണകൂടത്തിന്റെ നിരീക്ഷണ വലയങ്ങളില്‍ നിന്ന്‌ ഒരു രീതിയിലും പുറത്തുകടക്കാനാവാത്ത അവസ്ഥയിലേക്ക്‌ ലിബറല്‍ ലെഫ്‌റ്റിസ്റ്റുകള്‍ ഞെരുങ്ങുന്ന സ്ഥിതി വിശേഷമാണിപ്പോള്‍ കേരളത്തില്‍ കാണാന്‍ കഴിയുന്നത്‌.

എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അരാഷ്ട്രീയതയും

സ്‌കൂള്‍-കോളജ്‌ തലങ്ങള്‍ മുതല്‍ വിദ്യാര്‍ഥികളില്‍ സ്വതന്ത്രമായ രാഷ്ട്രീയബോധവും നിലപാടും രൂപപ്പെടുത്തിയെടുക്കുന്ന എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഐഎമ്മിന്റെ വാലാകുന്നതിനപ്പുറത്തേക്കു യാതൊരു പുരോഗമ മുന്നേറ്റങ്ങളിലും കുറച്ചുകാലമായി ഭാഗവാക്കാവാറില്ല.

ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ സംഘടനകളായിരുന്നു മേല്‍പ്പറഞ്ഞവ രണ്ടും. യുഡിഎഫ്‌ ഭരിക്കുമ്പോള്‍പോലും ഇവരുടെ സമരങ്ങള്‍  ദുര്‍ബലമാവുന്നതിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

പരിസ്ഥിതി-സ്‌ത്രീവിമോചന-ആദിവാസി-ദളിത്‌ വിഷയങ്ങളിലൊന്നും ഇപ്പോള്‍ ഈ രണ്ടു സംഘടനകളും കാര്യമായ ഇടപെടാറില്ല. കേരളത്തിലെ ക്യാമ്പസുകളില്‍ അരാഷ്ട്രീയത ഫണം വിടര്‍ത്തുമ്പോള്‍ അതില്‍ എസ്‌എഫ്‌ഐയുടെയും എഐഎസ്‌എഫിന്റെയുമൊക്കെ പങ്ക്‌ അനിര്‍വചനയീയമാണെന്ന്‌ തന്നെ പറയേണ്ടിവരും. മഹാരാജാസ്‌ കോളജ്‌ വിഷയത്തിലുള്‍പ്പെടെ എസ്‌എഫ്‌ഐയുടെ ആടിക്കളിച്ച നിലപാട്‌ മേല്‍പ്പറഞ്ഞ അരാഷ്ട്രീയതയുടെ ബാക്കിപത്രമാണ്‌.

ദല്‍ഹി ജെഎന്‍യുവില്‍ എസ്‌എഫ്‌ഐയെ തള്ളി ഐസയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ നിലനിന്നതിന്റെ പിന്നിലും ഈ രാഷ്ട്രീയ-അരാഷ്ട്രീയ കോണ്‍ഫ്‌ളിക്‌റ്റ്‌ തന്നെ. സാംസ്‌കാരികമേഖലയില്‍ പു.ക.സയും ശാസ്‌ത്രസാഹിത്യപരിഷത്തുമെല്ലാം പാര്‍ട്ടിയുടെ പോഷസംഘടനകളെപ്പോലെ പെരുമാറുമ്പോഴാണ്‌ സ്വതന്ത്ര ഇടതുപക്ഷം എന്ന ആശയം ഉടലെടുക്കുന്നത്‌. സിപിഐ, സിപിഐഎം പ്രസ്ഥാനങ്ങള്‍ക്ക്‌ ഇതു നേരിട്ട്‌ ഭീഷണിയല്ലെങ്കില്‍പ്പോലും ഇടപെടലുകള്‍ പലപ്പോഴും പാര്‍ലമെന്ററി ഇടതുപക്ഷത്തിന്‌ തിരിച്ചടിയാകുകതന്നെ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.
This article was prepared or accomplished by S Vinesh Kumar in his personal capacity. The opinions expressed in this article are the author's own and do not reflect the view of Narada News.