വര്‍ദ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേയ്ക്ക്; ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും

കേരളത്തിലെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പു ലഭിച്ചിട്ടുണ്ട്.

വര്‍ദ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേയ്ക്ക്; ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും

വര്‍ദ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തമിഴ്‌നാട് തീരത്തെത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളിലും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് എഗ്മോര്‍, ടി നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.

ശക്തമായ കാറ്റും മഴയുമാണ് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതായി അറിയിപ്പു ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ നാവിക സേനയ്ക്കും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ആളുകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.

ദുരന്ത നിവാരണ സേനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സേന സജ്ജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പു ലഭിച്ചിട്ടുണ്ട്.

Read More >>