'സൈബര്‍ ആങ്ങളമാര്‍' വീണ്ടും രംഗത്ത്; മുടി മറയ്ക്കാത്തതിന് ഗായികയ്ക്ക് 'ഉപദേശം'

എ.എസ് മീഡിയ ചാനലിലെ മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയെയാണ് തലമുടി പുറത്തുകാണിച്ചതിനാല്‍ ശിക്ഷ ലഭിക്കുമെന്ന് പറഞ്ഞ് 'ആങ്ങളമാര്‍' ഭീഷണിപ്പെടുത്തുന്നത്.

അന്‍സിബ ഹസനേയും ഐ.എ.എസ് ഉദ്യോഗസ്ഥ എ ഷൈനമോളെയും 'മര്യാദ' പഠിപ്പിച്ച ശേഷം 'സൈബര്‍ ആങ്ങളമാര്‍' യുവഗായികയ്ക്ക് നേരെ രംഗത്തെത്തി. എ.എസ് മീഡിയ ചാനലിലെ മാപ്പിളപ്പാട്ട് മത്സരാര്‍ഥിയായ അസ്‌ന സലാഹുദ്ദീനെയാണ് ഇവര്‍ 'മര്യാദ പഠിപ്പിക്കാനെ'ത്തിയത്. ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ടിരിക്കുന്ന അസ്‌ന പാടുന്ന വീഡിയോയ്ക്ക് താഴെ കമന്റുകളായാണ് ഉപദേശം.
|

'ഒരു പെണ്‍കുട്ടിയുടെ നാശത്തിനായാണ് എല്ലാവരും അഭിനന്ദിയ്ക്കുന്നത്. നാളെ പടച്ച റബ്ബിന്റെ മുന്നില്‍ സാക്ഷി പറയേണ്ടുന്ന തെറ്റാണ് എല്ലാവരും ചെയ്യുന്നത്. ആ കുട്ടി പാടിക്കോട്ടെ.. വീടിന്റെ അകത്തളങ്ങളില്‍' എന്ന് ഒരു 'ആങ്ങള' വീടിനകത്ത് പാടാന്‍ അനുമതി നല്‍കുമ്പോള്‍ 'വളരെ മനോഹരമായി പാടി പക്ഷേ അവളുടെ വസ്ത്രധാരണം വളരെ മോശം. തലമുടി കാണുന്നുണ്ട്. ദുനിയാവ് മാത്രം എന്നുള്ള ചിന്ത മാറണം പരലോകം ഉണ്ടെന്ന് വിശ്വസിക്കണം. അങ്ങനെയാണെങ്കില്‍ വസ്ത്രം നന്നാവും' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'സംഭവം ഉഷാറായിട്ടുണ്ട്... പക്ഷെ എല്ലാ ബഹുമാനത്തോടെയും പറയട്ടെ... ഇങ്ങനെ ഉള്ള മദ്ഹ് ഗാനം പാടുമ്പോള്‍ തല മുഴുവന്‍ മറച്ചിരുന്നെങ്കില്‍ ഈ മദ്ഹ് ഗാനത്തിന് നല്‍കുന്ന ഒരു മര്യാദയാകുമായിരുന്നു' എന്നുപോകുന്നു മറ്റൊരാളുടെ കമന്റ്. 'സ്ത്രീകള്‍ പാട്ടുപാടുന്ന കാലം വന്നാല്‍ നിങ്ങള്‍ ക്വിയാമത് നാള്‍ പ്രതീക്ഷിക്കുക.( നബി സ്വല്ലല്ലാഹു അലൈഹിവസല്ലം. ) സൗന്ദര്യം അന്യരെ കാണിക്കാനുള്ളതല്ല. മാതാപിതാക്കളെ നാളെ പിടിച്ചു നിര്‍ത്തും ഓര്‍ക്കുക' എന്നാണ് വേറൊരാളുടെ കമന്റ്. ഇത്തരം കമന്റുകള്‍ക്ക് ചിലര്‍ തകര്‍പ്പന്‍ മറുപടികളും നല്‍കുന്നുണ്ട്.