രാജ്യത്ത് ഇക്കൊല്ലം പൊലീസിന്റെ മൂന്നാം മുറയിൽ മരിച്ചവർ 97

മോദി ഭരണത്തിൽ കീഴിൽ ഇന്ത്യയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മരണം കൂടിവരികയാണെന്നു കാണിക്കുന്നു ഹ്യൂമൺ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. ആക്ഷൻ ഹീറോ ബിജുമാർ നിരന്നുകൊണ്ടിരിക്കുന്ന കേരള പൊലീസിനും അടുത്ത കൊല്ലം റിപ്പോർട്ടിൽ പരിഗണന കിട്ടിയേക്കും.

രാജ്യത്ത് ഇക്കൊല്ലം പൊലീസിന്റെ  മൂന്നാം മുറയിൽ മരിച്ചവർ 97

മൂന്നാംമുറയ്ക്ക് ഇന്ത്യയിൽ അപ്രഖ്യാപിത നിയമ പ്രാബല്യമായിരിക്കുകയാണെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച്. 2009 മുതൽ ഇക്കൊല്ലം വരെ അറുന്നൂറു പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ഇക്കൊല്ലത്തെ മാത്രം കണക്ക് 97.

മറ്റു മിക്ക രാജ്യങ്ങളും കസ്റ്റഡി മരണങ്ങളുടെ കൃത്യം കണക്ക് കിട്ടുക പ്രയാസമാണെന്നു പറയുമ്പോൾ ഇന്ത്യയിലെ പൊലീസുദ്യോഗസ്ഥർ  മൂന്നാം മുറയെന്നത് കുറ്റം തെളിയിക്കാൻ നിർബന്ധമാണെന്നു കരുതുന്നു. കസ്റ്റഡിയിലിരിക്കെ പീഡിപ്പിക്കുന്നത് നിയമവിരുദ്ധമായ രാജ്യത്താണിത് - ഹ്യൂമൺ റൈറ്റ്സ് വാച്ച് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.


ഇക്കൊല്ലത്തെ ഇന്ത്യൻ കസ്റ്റഡി മരണങ്ങളിൽ 67 എണ്ണവും മൂന്നാംമുറയോടുള്ള പൊലീസിന്റെ അഭിനിവേശം വ്യക്തമാക്കുന്നവയാണ്. ഒന്നുകിൽ, അറസ്റ്റുചെയ്ത് നിയമപ്രകാരം 24 മണിക്കൂറിനകം മജിസ്ട്രേട്ടുമുമ്പാകെ ഹാജരാക്കാത്തവർ. അല്ലെങ്കിൽ, അറസ്റ്റിലായി 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ മരിച്ചവർ. രണ്ടിലും നിയമത്തിനേക്കാൾ പൊലീസ് പ്രിയം കാട്ടിയിരിക്കുന്നത് പിടിയിലായവരെ പീഡിപ്പിക്കുന്നതിനുതന്നെ.

മൂന്നാംമുറക്കാരായ പൊലീസുകാർക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർക്കശമാക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. പീഡനത്തിന്റെ പേരിൽ ശിക്ഷയേൽക്കേണ്ടി വരുമ്പോഴേ പൊലീസുകാർക്ക് പ്രതിയെ തല്ലിക്കൂടാത്തതാണെന്ന് മനസ്സിലാവൂ - റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഹ്യൂമൺ റൈറ്റ്സ് വാച്ച് ദക്ഷിണേഷ്യാ ഡയറക്ടർ മീനാക്ഷി ഗാംഗുലി പറഞ്ഞു. 114 പേജുള്ളതാണ് ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്.

കഴിഞ്ഞ ഏഴു വർഷത്തിൽ നടന്ന കസ്റ്റഡി മരണങ്ങളിൽ 17 കേസുകളെ പ്രത്യേകമായി റിപ്പോർട്ട് അപഗ്രഥിക്കുന്നു. അറസ്റ്റിനുള്ള നടപടിക്രമങ്ങൾ പൊലീസ് പാലിക്കാത്തവയാണ് ഈ 17 കേസുകളുമെന്ന് റിപ്പോർട്ട് എഴുതിത്തയ്യാറാക്കിയ ജയശ്രീ ബജോറിയ പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ് ഹ്യൂമൺ റൈറ്റ്സ് വാച്ച്.

Read More >>