രാജ്യത്തു കറൻസി കരിഞ്ചന്ത; കള്ളപ്പണക്കാർക്കു കോടികളുടെ പുതിയ നോട്ടുകൾ കൈമാറുന്നതു ബാങ്കുകൾ

ഓരോ ബാങ്കിന്റെയും ചെസ്റ്റിൽ റിസർവ് ബാങ്കാണ് നോട്ടുകളെത്തിക്കുന്നത്. ഇപ്രകാരം ചെസ്റ്റിലെത്തിക്കുന്ന രണ്ടായിരത്തിന്റെ ഒരു പെട്ടി നോട്ട് 20 കോടിയുടേതാണ്. അതായത്, ഒരു പെട്ടിയിലുള്ളത് ഒരു ലക്ഷം നോട്ടുകൾ. ചെന്നൈയിൽ പിടിക്കപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്നത് രണ്ടായിരത്തിന്റെ ഒരു ലക്ഷത്തി നാൽപ്പതിനായിരം നോട്ടുകളാണ്. ഏതോ ഒരു ബാങ്കിലെ അത്യുന്നതരുടെ മനസറിഞ്ഞ സഹായമില്ലാതെ ഇത്രയും രൂപ ഇന്ത്യയിൽ ഒരാളുടെ കൈവശവും എത്തുകയില്ല.

രാജ്യത്തു കറൻസി കരിഞ്ചന്ത; കള്ളപ്പണക്കാർക്കു കോടികളുടെ പുതിയ നോട്ടുകൾ കൈമാറുന്നതു ബാങ്കുകൾ

അജയ് ഗോപൻ

നൂറു കണക്കിനു കോടിയുടെ പുതിയ രണ്ടായിരം രൂപാ നോട്ടുകൾ രാജ്യവ്യാപകമായി ആദായനികുതി വകുപ്പു പരിശോധനയിൽ പിടിക്കപ്പെടുമ്പോഴും പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സർക്കാർ ഒളിച്ചു കളിക്കുന്നു. ബാങ്കുകളുടെ സഹായമില്ലാതെ വ്യക്തികളുടെ കൈവശം പുതിയ നോട്ടുകൾ എത്തുകയില്ല എന്നതു പകൽപോലെ വ്യക്തമാണ്. അതുകൊണ്ടാണു പിടിക്കപ്പെട്ടവർക്ക് ഏതു ബാങ്കിലായിരുന്നു അക്കൌണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നത്.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു കോടിക്കണക്കിനു രൂപയുടെ പുതിയ രണ്ടായിരം നോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയിൽ മാത്രം കഴിഞ്ഞ ദിവസം 24 കോടി രൂപയുടെ രണ്ടായിരം നോട്ടുകൾ പിടിച്ചെടുത്തിരുന്നു. കർണാടകയിലെ ചിത്രദുർഗയിൽ പിടിച്ചെടുത്തത് ആറു കോടിയുടെ രണ്ടായിരം നോട്ടുകൾ. ഗുജറാത്തിലും ഹൈദരാബാദിലുമെല്ലാം സമാനമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു കേസിൽ പോലും പിടിക്കപ്പെട്ടവർക്ക് ഏതു ബാങ്കിലാണ് അക്കൌണ്ട് എന്ന വിവരം പുറത്തുവന്നിട്ടില്ല.


ഓരോ ബാങ്കിന്റെയും ചെസ്റ്റിൽ റിസർവ് ബാങ്കാണ് നോട്ടുകളെത്തിക്കുന്നത്. ഇപ്രകാരം ചെസ്റ്റിലെത്തിക്കുന്ന രണ്ടായിരത്തിന്റെ ഒരു പെട്ടി നോട്ട് 20 കോടിയുടേതാണ്. അതായത്, ഒരു പെട്ടിയിലുളളത് ഒരു ലക്ഷം നോട്ടുകൾ. ചെന്നൈയിൽ പിടിക്കപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്നത് രണ്ടായിരത്തിന്റെ ഒരു ലക്ഷത്തി നാൽപ്പതിനായിരം നോട്ടുകളാണ്. ഏതോ ഒരു ബാങ്കിലെ അത്യുന്നതരുടെ മനസറിഞ്ഞ സഹായമില്ലാതെ ഇത്രയും രൂപ ഇന്ത്യയിൽ ഒരാളുടെ കൈവശവും എത്തുകയില്ല. അത്തരമൊരു പഴുതു തുറന്നിട്ടുകൊണ്ടാണ് മോദി കള്ളപ്പണം വേട്ടയാടാൻ ഇറങ്ങിയത്.

ചെന്നൈയിൽ 24 കോടിയുടെ രണ്ടായിരം രൂപ നോട്ടുകൾ കൈവശം വച്ചവർ റിയൽ എസ്റ്റേറ്റ് ബിസിനസുകാരാണ്. അത്തരക്കാരുടെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ബാങ്കുവഴി പുതിയ നോട്ടുകളായി അവരിലേയ്ക്കുതന്നെ മടങ്ങിയെത്തിക്കഴിഞ്ഞു എന്നു വേണം മനസിലാക്കേണ്ടത്. ഏതായാലും സഹകരണ ബാങ്കുകളിൽ നിന്ന് ഇത്തരമൊരു സഹായം ലഭിക്കാൻ ഒരു സാധ്യതയുമില്ല. പൊതുമേഖലാ ബാങ്കു ജീവനക്കാരൊന്നും ഇത്രയും വലിയ റിസ്കെടുക്കാൻ ധൈര്യപ്പെടുകയുമില്ല. അതിനാൽ എല്ലാ സംശയങ്ങളും നീളുന്നത് സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നിയന്ത്രണങ്ങൾ ബാധകമല്ലാത്ത ബാങ്കുകൾക്കു നേരെയാണ്.

ഇത്തരം ബാങ്കുകളിൽ പലതും ഇരട്ട അക്കൌണ്ടുകൾ സൂക്ഷിക്കുന്നുവെന്ന് വിവരമുണ്ട്. കണക്കിൽപ്പെട്ട അക്കൌണ്ടും കണക്കിൽപെടാത്ത അക്കൌണ്ടും. കണക്കിൽപ്പെടാത്ത അക്കൌണ്ടിലെ വിനിമയങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കപെടുന്നു. പണ്ട്, കള്ളപ്പണം ഒളിപ്പിക്കാൻ മൌറീഷ്യസ് പോലുള്ള രാജ്യങ്ങളിലെ നികുതിസൌകര്യങ്ങൾ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഇത്തരം ബാങ്കുകളെയാണ് ആശ്രയിക്കുന്നത് എന്നു സംശയിക്കുന്നവരുണ്ട്.

പ്രസിൽ നിന്നും റിസർവ് ബാങ്കിന്റെ നിലവറകളിലേയ്ക്കാണ് നോട്ടുകളെത്തുന്നത്. പ്രമുഖ ബാങ്കുകൾക്കെല്ലാം ചെസ്റ്റ് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് നിലവറയുണ്ട്. ഇവിടേയ്ക്കെത്തുന്ന നോട്ടുകളാണ് ബാങ്കിന്റെ വിവിധ ശാഖകളിലേയ്ക്കു വീതിച്ചു കൊടുക്കുന്നത്.

ചെസ്റ്റിലേയ്ക്ക് എത്തുന്നതുവരെ നോട്ടുകളുടെ നമ്പർ റിസർവ് ബാങ്ക് രേഖപ്പെടുത്തും. ഏതു നമ്പരിലെ നോട്ട് ഏതു ബാങ്കിന്റെ ചെസ്റ്റിലേയ്ക്കാണ് നൽകിയതെന്ന് അവിടെ അറിയാം.  ഇപ്പോൾ പിടിച്ചെടുത്ത നോട്ടുകൾ റിസർവ് ബാങ്കിലെ ഏതു ചെസ്റ്റിൽ വച്ച്, ഏതു ബാങ്കിനാണു നൽകിയത് എന്നു നിഷ്പ്രയാസം അറിയാം.

നാലായിരം എന്ന നിബന്ധന യഥാർത്ഥത്തിൽ ഒരു പഴുതായിരുന്നോ?


നവംബർ 24 വരെ ഒരാളിനു പരമാവധി 4,000 രൂപ വരെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാറിയെടുക്കാമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ വ്യവസ്ഥ. കോടിക്കണക്കിനു വിനിമയങ്ങൾ ഇപ്രകാരം നടന്നിട്ടുണ്ട്. എന്നാൽ ഇവയൊന്നൊന്നായി തുടർന്നു പരിശോധിക്കുക മനുഷ്യസാധ്യമല്ല. അതുകൊണ്ടുതന്നെ, ബാങ്കു മാനേജുമെന്റ് മനസുവച്ചാൽ അതൊരു സമർത്ഥമായ പഴുതായി മാറ്റാനാവുമെന്ന് ഈ രംഗത്തുള്ളവരിൽ പലർക്കും അഭിപ്രായമുണ്ട്.

പഴയ നോട്ടുകൾ തിരിച്ചു കൊടുക്കുമ്പോൾ, എല്ലാ നോട്ടും ശേഖരിച്ചതു നാലായിരത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നോ എന്നു പരിശോധിക്കാനുള്ള അധികാരമോ സംവിധാനമോ റിസർവ് ബാങ്കിനില്ല. ചെസ്റ്റിലൂടെ തിരിച്ചേൽപ്പിച്ച പണത്തിന്റെ ഉത്തരവാദിത്തം അതതു ബാങ്കിനാണ്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചു ബാങ്കിനു സംശയമുണ്ടെങ്കിൽ മാത്രമേ അവർ ഇൻകംടാക്സ് വകുപ്പിനെയോ എൻഫോഴ്സ്മെന്റിനെയോ അറിയിക്കേണ്ടി വരുന്നുള്ളൂ. സംശയമില്ലെങ്കിലോ...

തങ്ങൾ രേഖകൾ പരിശോധിച്ചു നാലായിരം വച്ചു സമാഹരിച്ച തുകയാണെന്ന് അവകാശപ്പെട്ട് വിവിധ ബാങ്കുകൾ പിൻവലിക്കപ്പെട്ട നോട്ടുകൾ മടക്കിയേൽപ്പിച്ചാൽ, പകരം നോട്ടു വിതരണം ചെയ്യുകയേ റിസർവ് ബാങ്കിനു നിർവാഹമുള്ളൂ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സ്വീകരിക്കുമ്പോൾ തിരിച്ചറിയൽ രേഖ പരിശോധിച്ചോയെന്നും വിരലിൽ മഷി പുരട്ടിയോ എന്നും റിസർവ് ബാങ്ക് പരിശോധിക്കുകയില്ല.

ബാങ്കിനു താൽപര്യമുള്ള കസ്റ്റമർക്ക് എത്ര തുക വേണമെങ്കിലും മാറ്റിക്കൊടുക്കാനുള്ള പഴുത് നിലവിലെ വ്യവസ്ഥകൾക്കുണ്ട്. ആ പഴുതുകൾ ഉപയോഗിച്ചാണ് ഒരു ലക്ഷത്തിലധികം രണ്ടായിരത്തിന്റെ നോട്ടുകൾ വ്യക്തികളുടെ കൈവശമെത്തുന്നത്. ആഘോഷിക്കപ്പെടുന്ന റെയിഡുകൾ മഞ്ഞു മലയുടെ അറ്റം മാത്രമേ ആകുന്നുള്ളൂ. കോടാനുകോടിയുടെ കള്ളപ്പണം ഈ പഴുതിൽക്കൂടി ഇതിനകം വെളുപ്പിച്ചെടുത്തിരിക്കാവുന്ന എല്ലാ സാധ്യതയുമുണ്ട്.

സത്യസന്ധമായി ജോലി ചെയ്തു ജീവിക്കുന്നവരുടെ ജീവിതമാണ് നവംബർ എട്ടു മുതൽ നരകതുല്യമായി മാറിയത്. കള്ളപ്പണക്കാരിപ്പോഴും സ്വർലോകത്തു തന്നെയാണ്.

Read More >>