നാട്ടകം പോളിയില്‍ നഗ്നരാക്കി ക്രൂര റാഗിങ്: വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു; പ്രതികളായ എട്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ആറുമണിക്കൂറോളം നഗ്നരാക്കി പുഷ്അപ്പ് അടക്കമുള്ള വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി അവിനാശ് പറയുന്നു. ഒറ്റക്കാലില്‍ നിര്‍ത്തി മര്‍ദ്ദിക്കുകയും വിഷം കലര്‍ന്ന മദ്യം കുടിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിലെ വിഷാംശമാണ് അവിനാശിന്റെ വൃക്ക തകരാറിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നാട്ടകം പോളിയില്‍ നഗ്നരാക്കി ക്രൂര റാഗിങ്: വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു; പ്രതികളായ എട്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ വൃക്ക തകര്‍ന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അവിനാശിന്റെ വൃക്കയാണു തകര്‍ന്നത്. സംഭവത്തില്‍ പ്രതികളായ എട്ടു വിദ്യാര്‍ഥികളെ കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ചിങ്ങവനം പോലീസ് കേസെടുത്തിട്ടുണ്ട്.

ആറുമണിക്കൂറോളം നഗ്നരാക്കി പുഷ്അപ്പ് അടക്കമുള്ള വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി അവിനാശ് പറയുന്നു. ഒറ്റക്കാലില്‍ നിര്‍ത്തി മര്‍ദ്ദിക്കുകയും വിഷം കലര്‍ന്ന മദ്യം കുടിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിലെ വിഷാംശമാണ് അവിനാശിന്റെ വൃക്ക തകരാറിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനോടകം മൂന്നു തവണ അവിനാശിനെ ഡയാലിസിസിന് വിധേയനാക്കി. മകനെ തടഞ്ഞുവെച്ചാണ് പ്രതികള്‍ മദ്യം കുടിപ്പിച്ചതെന്ന് അവിനാശിന്റെ അമ്മ രാധ പറഞ്ഞു. അതേസമയം, കേസുമായി മുന്നോട്ടുപോവാനാണ് അവിനാശിന്റെ ബന്ധുക്കളുടെ തീരുമാനം.


ശരീരത്തില്‍ നീരു കാണുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്ക തകര്‍ന്ന വിവരം അറിയുന്നത്. തുടര്‍ന്നാണ് റാഗിങ് നടന്ന വിവരം അവിനാശ് വെളിപ്പെടുത്തുന്നത്. അതുവരെ വീട്ടുകാരോട് റാഗിങ് സംബന്ധിച്ച അവിനാശ് ഒന്നുംപറഞ്ഞിരുന്നില്ല. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് ഭയന്നാണ് താന്‍ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും അവിനാശ് പറഞ്ഞു.

ഡിസംബര്‍ രണ്ടിനാണ് സംഭവം. ഹോസ്റ്റല്‍ മുറിയില്‍ രാത്രി ഒമ്പതു മുതല്‍ മൂന്നിന് പുലര്‍ച്ചെ മൂന്നു മണി വരെയായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര റാഗിങ്. അവിനാശ് അടക്കം ഒമ്പത് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയാക്കിയത്. മുറിയിലേക്കു വിളിച്ചുവരുത്തിയ ശേഷം എല്ലാവരുടേയും വസ്ത്രം അഴിപ്പിക്കുകയും പുഷ്അപ്പും മറ്റു വ്യായാമങ്ങളും ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആറുമണിക്കൂറോളം നീണ്ടുനിന്ന പീഡനത്തിനിടെ ഒരു മണിക്കൂറിലധികം സമയം വിദ്യാര്‍ത്ഥികളെ ഒറ്റക്കാലില്‍ നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെയും ക്രൂരമര്‍ദ്ദനമായിരുന്നു പ്രതികള്‍ അഴിച്ചുവിട്ടത്. അതിനുശേഷം നീന്തുന്ന രൂപത്തില്‍ നിലത്ത് ഇഴയാന്‍ ആവശ്യപ്പെടുകയും വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. ചീത്തവിളിയും ഭീഷണിയും കൊണ്ടാണ് ഇതെല്ലാം തങ്ങളെക്കൊണ്ടു ചെയ്യിപ്പിച്ചതെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.

റാഗിങ് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവിനാശിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുവായ അനില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നഗ്ന വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതൊക്കെയറിഞ്ഞിട്ടും കോളജ് അധികൃതര്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും നിസംഗത പുലര്‍ത്തിയെന്നും അനില്‍ ആരോപിച്ചു.

Read More >>