നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മലപ്പുറം എസ്‌പി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ അന്വേഷണം

മലപ്പുറം എസ്‌പി, പെരിന്തല്‍മണ്ണ ആര്‍ഡിഒ ജാഫര്‍ മാലിക്‌, തണ്ടര്‍ബോള്‍ട്ട്‌ നോഡല്‍ ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. പി എ പൗരന്‍ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം.

നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മലപ്പുറം എസ്‌പി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ അന്വേഷണം

മലപ്പുറം: നിലമ്പൂരില്‍ സിപിഐ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ മലപ്പുറം എസ്‌പി ദേവേഷ്‌ കുമാര്‍ ബഹ്‌റ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ ആഭ്യന്തര സുരക്ഷാവിഭാഗമായ ഐഎസ്‌ഐടിയാണ്‌ അന്വേഷിക്കുന്നത്‌.

മലപ്പുറം എസ്‌പി, പെരിന്തല്‍മണ്ണ ആര്‍ഡിഒ ജാഫര്‍ മാലിക്‌, തണ്ടര്‍ബോള്‍ട്ട്‌ നോഡല്‍ ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെ നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നു കാണിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. പി എ പൗരന്‍ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം.


നരഹത്യ, തെളിവു നശിപ്പിക്കല്‍, വ്യാജ തെളിവു ചമയ്‌ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു നവംബര്‍ 30നാണ്‌ പൗരന്‍ ക്രൈംബ്രാഞ്ച്‌ ഐജിക്ക്‌ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്നു പരാതിക്കാരനില്‍ നിന്ന്‌ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാവാത്തതില്‍ ദുരൂഹതയുള്ളതായി പിയുസിഎല്‍ സംസ്ഥാന സെക്രട്ടറിയായ അഡ്വ. പി എ പൗരന്‍ നാരദ ന്യൂസിനോട്‌ പറഞ്ഞു. 158-ാം വകുപ്പ്‌ രജിസ്റ്റര്‍ ചെയ്‌താണ്‌ അന്വേഷണം.

ഏറ്റുമുട്ടല്‍ നടന്നാല്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ്‌ അധികാരികള്‍ക്കെതിരെയും കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന 2014 സെപ്‌തംബര്‍ 23ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ്‌ പൗരന്‍ പരാതി നല്‍കിയത്‌. ഏറ്റുമുട്ടല്‍ നടത്തുന്നതിനു മുമ്പു ദൗത്യസംഘം 16 നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. ഇതില്‍ പല മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നും പൗരന്‍ പറഞ്ഞു.

നവംബര്‍ 24നാണ്‌ കരുളായി റെയ്‌ഞ്ചിലെ പടുക്ക വനമേഖലയില്‍ മാവോയിസ്‌റ്റ്‌ നേതാക്കളായ കുപ്പുദേവരാജ്‌, അജിത എന്നവരെ പൊലീസ്‌ വെടിവെച്ചു കൊന്നത്‌. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന്‌ സംശയിക്കാവുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. ഭരണകൂടം നടത്തിയ കൊലയാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.