കക്കൂസില്‍ കൈയിട്ടുവാരുന്നവര്‍

ഏതു സര്‍ക്കാര്‍ ജോലി കിട്ടിയാലും കൈക്കൂലി വാങ്ങാമെന്നു പണ്ടൊരു വിദ്വാന്‍ വീമ്പിളക്കി. ഇതറിഞ്ഞ രാജാവ് അയാള്‍ക്കു കടലിലെ തിരയെണ്ണുന്ന ജോലി നല്‍കി. കടല്‍ത്തീരത്തെ ഒരു നടവഴിക്കിപ്പുറം രാജസേവക വേഷത്തില്‍ ഇരുന്നു ടിയാന്‍ ഗൗരവത്തില്‍ തിരയെണ്ണല്‍ ആരംഭിച്ചു. ഇതറിയാതെ മുമ്പില്‍ക്കൂടി കടന്നു പോയവരെ രാജകീയ നിര്‍ദ്ദേശ പ്രകാരമുള്ള തന്‍റെ ജോലിക്ക് വിഘ്നം വരുത്തിയെന്നു ഭീഷണിപ്പെടുത്തി വൈകുന്നേരമായപ്പോഴേയ്ക്കും കൈനിറയെ കാശുണ്ടാക്കി. രാജാവു പരാജയപ്പെട്ടു. ഈ കഥ ഇന്നു കേരളത്തിലെ ഏതു സര്‍ക്കാര്‍വകുപ്പിനും അനുയോജ്യമാണ്.

കക്കൂസില്‍ കൈയിട്ടുവാരുന്നവര്‍

ഡോ. എം കുര്യന്‍ തോമസ്

ഇത്തരമൊരു തലക്കെട്ട് ഈ വിഷയത്തിനു നല്‍കുന്നതിന്‍റെ ഔചിത്യത്തെപ്പറ്റി പലപ്രാവശ്യം ചിന്തിച്ചു. അവസാനം ഈ തലക്കെട്ടില്‍ ഉറച്ചുനില്‍ക്കാന്‍ കാരണമായത് സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാര്‍ത്തയാണ്. വളരെ പ്രശസ്തവും കുറ്റമറ്റതുമായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സേവന പ്രസ്ഥാനത്തിനുള്ള സര്‍ക്കാര്‍ സഹായം വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്നു!

കാരണം ലളിതം. ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കൈക്കൂലി നില്‍കുന്നില്ല! സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലന്നു മാത്രമല്ല, ആ സ്ഥാപനം പൂട്ടിക്കാനും, അതു സാധിക്കാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുമാണ് ആ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. നിരാലംബരായ അവിടുത്തെ അന്തേവാസികള്‍ക്ക് ഭക്ഷണംപോലും മുടങ്ങുന്ന സ്ഥിതിവിശേഷമാണ് ഈ മഹാന്‍ സൃഷ്ടിച്ചിരിക്കുന്നത്. കൈക്കുലിക്കുവേണ്ടി! ഇതായിരുന്നു വാര്‍ത്ത.


ബ്യൂറോക്രസി എന്ന ഉദ്യോഗസ്ഥ ദുര്‍ഭരണവും അതിന്‍റെ ഭാഗമായ അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും കേരള സമൂഹത്തെ അടിമുടി ഗ്രസിച്ചുകഴിഞ്ഞു. വന്നു വന്നു 'അഴിമതി അവകാശമാണ്' എന്നു കേരളത്തിലെ സര്‍ക്കാര്‍ സേവകർ പരസ്യമായി പ്രഖ്യാപിക്കുന്ന കാലം ആസന്നമായിരിക്കുന്നു.

രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ ചികഞ്ഞിളക്കി ആഘോഷിക്കുന്ന മാദ്ധ്യമങ്ങളും അത് ആസ്വദിക്കുന്ന മലയാളിയും അതിന്‍റെ എത്രയോ ഇരട്ടി വരുന്നതും അപകടകരവുമായ ഉദ്യോഗസ്ഥതല അഴിമതിയെക്കുറിച്ചു നിശബ്ദരാകുന്നു. കോടികള്‍ മറിക്കുന്ന 'സര്‍വാധികാര്യക്കാരന്മാർ' മുതല്‍ സാദാ ക്ലാസ് ഫോർ ജീവനക്കാർ വരെ ഈ അഴിമതി ചങ്ങലയില്‍ കണ്ണികളാണ്.

ഏതു സര്‍ക്കാര്‍ ജോലി കിട്ടിയാലും കൈക്കൂലി വാങ്ങാമെന്നു പണ്ടൊരു വിദ്വാന്‍ വീമ്പിളക്കി. ഇതറിഞ്ഞ രാജാവ് അയാള്‍ക്കു കടലിലെ തിരയെണ്ണുന്ന ജോലി നല്‍കി. കടല്‍ത്തീരത്തെ ഒരു നടവഴിക്കിപ്പുറം രാജസേവക വേഷത്തില്‍ ഇരുന്നു ടിയാന്‍ ഗൗരവത്തില്‍ തിരയെണ്ണല്‍ ആരംഭിച്ചു. ഇതറിയാതെ മുമ്പില്‍ക്കൂടി കടന്നു പോയവരെ രാജകീയ നിര്‍ദ്ദേശ പ്രകാരമുള്ള തന്‍റെ ജോലിക്ക് വിഘ്നം വരുത്തിയെന്നു ഭീഷണിപ്പെടുത്തി വൈകുന്നേരമായപ്പോഴേയ്ക്കും കൈനിറയെ കാശുണ്ടാക്കി. രാജാവു പരാജയപ്പെട്ടു. ഈ കഥ ഇന്നു കേരളത്തിലെ ഏതു സര്‍ക്കാര്‍വകുപ്പിനും അനുയോജ്യമാണ്.

അഴിമതിരഹിതരായ അനേകം ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. പക്ഷേ അവര്‍ക്കു പ്രവര്‍ത്തിക്കാനാവില്ല എന്നതാണു സത്യം. എന്നു മാത്രമല്ല, ചിലപ്പോള്‍ ജീവന്‍തന്നെ നഷ്ടപ്പെടും. പഴയ പാനൂര്‍ സോമന്‍ വധക്കേസില്‍ അഴിമതിക്കു കൂട്ടു നില്‍ക്കാത്തതിനാണു സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. സമീപകാലത്ത് അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെ വണ്ടി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരാണ്. തനിക്കുള്ള പടി നല്‍കാത്തതിനു കീഴുദ്യോഗസ്ഥനെ കേസില്‍ക്കുടുക്കിയ അഴിമതി വീരന്മാരുമുണ്ട്.

'ഞാന്‍ കൈക്കൂലി വാങ്ങില്ല. പക്ഷേ അതിന്‍റെ വീതം പറ്റും. ഇല്ലങ്കില്‍ ഞങ്ങളുടെ വകുപ്പിന്‍റെ സ്ഥിതിവെച്ച് ഞാന്‍ പെന്‍ഷന്‍ വാങ്ങില്ല' എന്നു റിട്ടയര്‍ ചെയ്യാറായ ഒരു ഉദ്യോഗസ്ഥന്‍ ഈ ലേഖകനോടു നേരിട്ടു പറഞ്ഞതാണ്. വീതം പറ്റിയില്ലങ്കില്‍ ഒറ്റിക്കൊടുക്കുമെന്ന ഭയമാണത്രെ! തീര്‍ത്തുകളയും!

നിന്നോതിക്കോന്‍ മുള്ളുംനേരം ഉണ്ണികള്‍ മരമേറിട്ടും മുള്ളും എന്നു പണ്ടു കുഞ്ചന്‍ നമ്പ്യാര്‍ പാടിയതിന്‍റെ അടിസ്ഥാനത്തില്‍ ഉന്നതതല അഴിമതിയാണ് താഴെ തട്ടിലേയ്ക്കു വ്യാപിക്കുന്നത് എന്നു വാദിക്കുന്നത് നിരര്‍ത്ഥകമാണ്. അവരുടെ അഴിമതിക്കു കൂട്ടുനില്‍ക്കാന്‍ കീഴ്ജീവനക്കാര്‍ നിര്‍ബന്ധിതരായേക്കും. പക്ഷേ ബഹുഭൂരിപക്ഷം അവസരങ്ങളിലും മുകളില്‍ 'പിടിയും പടിയും' ഉള്ളവരില്‍നിന്നു കീഴുദ്യോഗസ്ഥര്‍ക്ക് കിട്ടപ്പോരൊന്നും ഇല്ലാ എന്നതാണ് വാസ്തവം. ചില സാഹചര്യങ്ങളില്‍ മാത്രമാണ് മേല്‍തട്ട് താഴെ തട്ടിലുള്ളവരെ അഴിമതിക്കാരാക്കുന്നത്. താഴെത്തട്ട് അഴിമതി അവിടെത്തന്നെ ഉണ്ടാകുന്നതാണ്. അതിനു ഭക്ഷ്യസുരക്ഷാ വകുപ്പിനെ മാത്രം ഉദാഹരണമാക്കിയാല്‍ മതി.

കഴിഞ്ഞ വേനല്‍ക്കാലത്ത് തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍ പാതയോരത്ത് ഒരു കുലുക്കി സര്‍ബത്ത് കച്ചവടം ആരംഭിച്ചു. ഒന്നു രണ്ട് ആഴ്ച കൊണ്ടു സാമാന്യം തരക്കേടില്ലാത്ത കച്ചവടമായി. ഉടന്‍ ഇതു നിരീക്ഷിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് - അതായത് ഫുഡ് ഇന്‍സ്പക്ടര്‍ സ്ഥലത്തെത്തി. പ്രതിവാരം 500 രൂപ. ഇല്ലങ്കില്‍ പൂട്ടിക്കും, കേസാക്കും. ചെറുപ്പക്കാരന്‍ കരഞ്ഞു പറഞ്ഞ് അവസാനം പ്രതിമാസം 500 എന്ന നിരക്കില്‍ കച്ചവടം ഉറപ്പിച്ചു.

ഇതില്‍ എവിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍? ഒരു പക്ഷേ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണി ഉണ്ടാക്കുന്ന വിധത്തിലുള്ള ഉത്പന്നങ്ങള്‍ വിറ്റതിനു കുറ്റാരോപിതന്‍ കൈക്കൂലി നല്‍കി രക്ഷപെട്ടു എന്ന എതിര്‍വാദം ഉണ്ടായേക്കാം. ഇവിടെ യാതൊരു പരിശോധനയും ഉണ്ടായില്ല. നേരിട്ടുള്ള വിലപേശല്‍ മാത്രം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഹോട്ടല്‍ പരിശോധനാ പ്രഹസനം ഇതിലും വിശേഷമാണ്. ഇടയ്ക്കിടെ നഗരത്തിലെ ഇത്ര ഹോട്ടലുകള്‍ പരിശോധിച്ചു പിഴ ഇടാക്കി/ ലൈസന്‍സ് റദ്ദാക്കി എന്നു പത്രവാര്‍ത്ത വരും. പക്ഷേ ഒരൊറ്റ ഹോട്ടലിന്‍റെ പേരു വെളിപ്പെടുത്തിയ ചരിത്രമില്ല! രണ്ടു ദിവസത്തിനുള്ളില്‍ അവയെല്ലാം തുറന്നു പഴയപടി പ്രവര്‍ത്തിക്കും.

ഇതിന്‍റെ പിന്നാമ്പുറക്കഥ മനസിലാക്കാന്‍ വല്യ പഠിപ്പൊന്നും വേണ്ട. പകരം അത്തരം ഹോട്ടലുകളുടെ പേര് പത്രത്തില്‍ ഇട്ടാലോ? കേവലം രണ്ടു പ്രവശ്യം അപ്രകാരം സംഭവിച്ചാല്‍ ഹോട്ടലുകള്‍ സ്വയം സുരക്ഷാനിയമങ്ങള്‍ പാലിക്കും. അല്ലെങ്കില്‍ അവരുടെ കച്ചോടം പൂട്ടും. പക്ഷേ അതോടെ വിലപേശലും കച്ചവടം ഉറപ്പിക്കലും അവസാനിക്കും. പൊന്മുട്ട ഇടുന്ന താറാവിനെ ആരേലും കൊല്ലുമോ? അതുകൊണ്ട് അതു നടക്കുകയുമില്ല.

അഴിമതിക്കാരെ കുടുക്കാമെന്നൊന്നും ആരും വ്യാമോഹിക്കേണ്ട. അത് ആത്മഹത്യാപരമായിരിക്കും. പരിണിതപ്രജ്ഞനായ ഒരു വ്യവസായിയുടെ വാക്കുകളില്‍ ''നിങ്ങളുടെ ഭാഗം പൂര്‍ണ്ണമായും ശരിയാണെങ്കില്‍ നിങ്ങള്‍ക്കു കൈക്കൂലി കൊടുക്കാതിരിക്കാം. പക്ഷേ കൈക്കൂലി ചോദിക്കുന്നവനെ കുടുക്കാന്‍ ശ്രമിക്കരുത്. ഒരാള്‍ പിടിക്കപ്പെട്ടേക്കാം. പക്ഷേ ഉറപ്പായും നിങ്ങള്‍ക്കു മറ്റൊരു വകുപ്പില്‍ നിന്നും പണി കിട്ടും. അഴിമതി സംരക്ഷിക്കുന്ന കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്''

കൂട്ടത്തില്‍ ഇതുകൂടി. എവിടെയെങ്കിലും ഒരിടത്തെങ്കിലും ചെല്ലാനുള്ളത് ചെന്നിരിക്കണം. ഇല്ലങ്കില്‍ നിങ്ങളുടെ ഫയല്‍ സെക്രട്ടറിയേറ്റിലെ അനന്തവിശാലതയില്‍ എവിടെങ്കിലും അപ്രത്യക്ഷമാകും. അതിനു രാഷ്ട്രീയവും യുണിയനുമൊന്നുമില്ല.  ഇത് ഈ ലേഖകനോട് പറഞ്ഞതു സംസ്ഥാനത്തിന്‍റെ ഒരു മുന്‍ ചീഫ് സെക്രട്ടറി!

നിസഹായരായ പൊതുജനത്തോടു മാത്രമല്ല, സഹസര്‍ക്കാര്‍ സേവകരോടും നിര്‍ബാധം കൈക്കുലി വാങ്ങും. ശമ്പളക്കുടിശിക, പ്രോവിഡന്‍റ് ഫണ്ട് ലോണ്‍ മുതലായവയ്ക്കു ശതമാനക്കണക്കാണ്. അതിനു യാതൊരു ഉളുപ്പുമില്ല. 'പേപ്പര്‍വെയ്റ്റ്' വെച്ചില്ലെങ്കില്‍ ഇതര വകുപ്പുകളിലെ സഹപ്രവര്‍ത്തകരുടെ ഫയലുകളും അനങ്ങാപ്പാറ നയം സ്വീകരിക്കും.

അഴിമതി എന്നതിനു കൈക്കൂലി എന്നു മാത്രമല്ല അര്‍ത്ഥം. കൃത്യവിലോപവും അധികാര ദുര്‍വിനിയോഗവും കടുത്ത അഴിമതി തന്നെയാണ്. സമയത്ത് ജോലിക്കെത്തുക, ജോലി കൃത്യസമയത്തു ചെയ്തുതീര്‍ക്കുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക മുതലായ 'ദുര്‍ഗുണങ്ങൾ' ഉള്ള ഗുമസ്തന്മാരും ശിപായിമാരും കേരളാ സര്‍വീസില്‍ വിരളമല്ലേ? സമയത്തു രേഖകള്‍ ലഭിക്കാതെ വിഷമിക്കുന്നവര്‍, സര്‍വകലാശാലാ ജീവനക്കാരുടെ അനാസ്ഥ കൊണ്ടു സമയത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഉപരിപഠനവും തൊഴിലും നഷ്ടമായവര്‍... അങ്ങിനെ എത്രപേര്‍ ഇന്നു കേരളത്തിലുണ്ട്. ഇവരുടെയൊക്കെ നഷ്ടം ആരു നികത്തും?

അധികാര ദുര്‍വിനയോഗം ഇന്ന് ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ താഴെ തട്ടുവരെ വ്യാപിച്ചിരിക്കുകയാണ്. ഇത് ഏറ്റവും പ്രകടമാകുന്നതു പോലീസിലാണങ്കിലും ഒരു വകുപ്പും ഇതില്‍നിന്നും വിമുക്തമല്ല. കഴിഞ്ഞ ദിവസം ഈ ലേഖകന്‍ ദൃക്സാക്ഷിയായ ഒരു സംഭവം.

സമയം രാത്രി 12.55. ഒരു ദീര്‍ഘയാത്ര കഴിഞ്ഞു വന്നിറങ്ങി ഈ ലേഖകന്‍ ഒരു തട്ടുകടയില്‍ നിന്നും കടുംകാപ്പി കുടിക്കുന്നു. വേറെ ചിലരും ഭക്ഷണം കഴിക്കുന്നുണ്ട്. ഒരു പോലീസ് ജീപ്പ് വന്നുനില്‍ക്കുന്നു. ഉടന്‍ തട്ടുകടയിലെ ലൈറ്റ് അണയ്ക്കുന്നു. ജീപ്പ് യുടേണ്‍ എടുത്ത് തട്ടുകടയുടെ മുമ്പിലെത്തി. ഒരലര്‍ച്ച; 'സ്റ്റൗ കെടുത്തെടാ തെണ്ടി' അലറുന്നത് ഏമാന്‍ സീറ്റിലിരിക്കുന്ന എസ്. ഐ.!

ഇവിടെ പ്രസക്തമായ മൂന്നു ചോദ്യങ്ങളുണ്ട്. ഒന്നാമതായി, തട്ടുകടകള്‍ രാത്രി ഒരു മണിക്ക് അടയ്ക്കണമെന്നു കേരളാ നിയമസഭ പാസാക്കിയ ചട്ടമുണ്ടോ? രണ്ടാമതായി, യാതൊരു പ്രകോപനവും കൂടാതെ ഒരാളെ 'തെണ്ടി' എന്നു വിളിക്കാന്‍ അധികാരമുണ്ടോ? മൂന്നാമതായി, പെട്ടന്ന് ലൈറ്റണക്കുകയും അസഭ്യം വിളിക്കുകയും ചെയ്താല്‍ അവിടെ ഭക്ഷണം കഴിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ സ്ഥിതി?

ആ സ്റ്റേഷന്‍ ചാര്‍ജ്ജുള്ള എസ് ഐ തികഞ്ഞ മാന്യനാണ്. എങ്കില്‍പ്പോലും ജനം തികച്ചും നിസഹായരാണ്. പരതിപ്പെട്ടാല്‍ കഞ്ഞികുടി മുട്ടുമെന്നു മാത്രമല്ല കേസുകളുടെ പെരുമഴയുമായിരിക്കും. എല്ലാ വകുപ്പുകളിലും മുകളില്‍ പറഞ്ഞതുപോലെ 'തിരയെണ്ണല്‍ തടസപ്പെടുത്തിയതിനു' നടപടിയെടുക്കാന്‍ പഴുതിട്ടാണ് നിയമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ആര്‍ക്കും അധികാര ദുര്‍വിനിയോഗം നടത്താന്‍ ഇതില്‍ കൂടുതല്‍ എന്തു സൗകര്യം വേണം?

എന്തുകാട്ടിയാലും ഒന്നും സംഭവിക്കില്ലാ എന്ന ധാര്‍ഷ്ട്യമാണ് ധന മോഹത്തേക്കാളധികം കേരളത്തിലെ സര്‍വാധി മുതല്‍ ശിപായി വരെയുള്ള സര്‍ക്കാര്‍ സേവകരെ അഴിമതിക്കാരാക്കുന്നത്. ഇതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, നട്ടെല്ലില്ലാത്ത സര്‍ക്കാരുകള്‍. ജീവനക്കാരെ നിലയ്ക്കു നിര്‍ത്താനോ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനോ, എന്തിനു അഴിമതിക്കാരെ ഒന്നു സ്ഥലംമാറ്റുവാന്‍ പോലുമോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തയാറല്ല. മുകളില്‍ പറഞ്ഞ സാമൂഹ്യ ക്ഷേമ ഉദ്യോഗസ്ഥന്‍ എല്ലാ ചട്ടവും കാറ്റില്‍പറത്തി അതേ കസേരയില്‍ തുടരുന്നത് ഇതു മൂന്നാമത്തെ സര്‍ക്കാരിന്‍റെ കാലത്താണ്! ഇതിനു എന്തു ന്യായീകരണമുണ്ട്? ആധുനിക സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ത്തന്നെ അഴിമതി ഗണ്യമാംവിധം കുറയ്ക്കാം. അതിനും സര്‍ക്കാരുകള്‍ തയാറല്ല.

സര്‍വീസ് സംഘടനകളുടെ അതിപ്രസരവും അവിഹിത സ്വാധീനവുമാണ് രണ്ടാമത്തെ പ്രശ്നം. സംഘടിത തൊഴിലാളി വര്‍ഗ്ഗശക്തിയുടെ മുഷ്ക്കിനു മുമ്പില്‍ ഇന്നു സര്‍ക്കാരുകള്‍ മുട്ടുമടക്കുകയാണ്. ത്രിതല പഞ്ചായത്തുകളുടെ പ്രാരംഭ കാലത്തു നടന്ന സംഭവം തന്നെ ഇതിനു ഉദാഹരണമായെടുക്കാം.

കൃത്യവിലോപത്തിനു കൈയോടെ പിടികൂടിയ ഒരു ജീവനക്കാരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സസ്പെന്‍റു ചെയ്തു. 24 മണിക്കൂറിനകം സസ്പന്‍ഷന്‍ പിന്‍വലിച്ചെന്നു മാത്രമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനു അതിനു അധികാരമില്ലന്നു സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു! അന്ന് പ്രസിഡന്‍റും സര്‍ക്കാരും ഒരേ പാര്‍ട്ടിക്കാര്‍ ആയിരുന്നു എന്നുകൂടി ഓര്‍ക്കണം! സര്‍ക്കാര്‍ ജീവനക്കാര്‍ - ജനസേവകര്‍ - എങ്ങിനെ സംഘടിത തൊഴിലാളിവര്‍ഗ്ഗം ആകുമെന്ന് ഇന്നുവരെ ഈ ലേഖകന് മനസിലാകാത്ത പ്രഹേളികയാണ്.

മൂന്നാമതായി നിയമത്തിലെ പഴുതുകളാണ്. ഉദ്യോഗസ്ഥര്‍ക്ക് വളച്ചൊടിക്കാന്‍ ആവശ്യത്തിലേറെ പഴുതുകളിട്ടാണ് എല്ലാ നിയമവും കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. നിയമം പാസാക്കുന്ന ജനപ്രതിനിധികള്‍ ഇതു ശ്രദ്ധിക്കുന്നില്ലേ? വാണിജ്യ നികുതിയുമായി ബന്ധപ്പെട്ട ഒരു സുഹൃത്തിന്‍റെ അഭിപ്രായത്തില്‍ ജീവനക്കാര്‍ക്കുള്ള മികച്ച വിശകലനം - വിവേചനാധികാരം (Best of judgment - Discretion power) എടുത്തുകളയണം. ഇതായത്, ഉദ്യോഗസ്ഥര്‍ക്കുള്ള കണ്‍മതി വിലയിരുത്തലും, ഒരേ കുറ്റത്തിനു വിവധതരം ശിക്ഷ നല്‍കാനുള്ള സ്വാതന്ത്ര്യവും (ഉദാ. ഒരേ കുറ്റത്തിനു 100 രൂപ മുതല്‍ 10,000 രൂപവരെ പിഴ) അവസാനിപ്പിക്കണം.

കൃത്യമായ മാനദണ്ഡവും, അവ ലംഘിച്ചാലുള്ള വ്യക്തമായ ശിക്ഷയും നിര്‍വചിച്ചു ചട്ടങ്ങള്‍ നിര്‍മ്മിച്ചു പരസ്യപ്പെടുത്തണം. ശിക്ഷകളിലെ വിവേചനാധികാരം കോടതികള്‍ക്കു മാത്രമായി പരിമിതിപ്പെടുത്തണം. ചട്ടം ലംഘിച്ചോ മറ്റുതരത്തിലോ അഴിമതി കാണിക്കുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ പിരിച്ചുവിടല്‍ എന്ന നിശ്ചയിക്കുകയും നടപ്പാക്കുകയും വേണം. കൂട്ടത്തില്‍ കൃത്യവിലോപംമൂലം ഗുണഭോക്താവിനുണ്ടായ നഷ്ടം - അതെത്ര ഭീമമായാലും - ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നും നിര്‍ദ്ദാക്ഷണ്യം ഈടാക്കണം. അല്ലാതെ സര്‍ക്കാര്‍ ശേവുക്കാരുടെ അഴിമതി ഇല്ലാതാവുകയില്ല.

ഇനി ഈ തലക്കെട്ടിന്‍റെ സാംഗത്യം. ഒരു ദശവര്‍ഷംമുമ്പ് ഒരു ജില്ലാ പഞ്ചായത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു കക്കൂസ് പണിയാന്‍ പദ്ധതി ഉണ്ടാക്കി. ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡുവും നല്‍കി. പണിപൂര്‍ത്തിയാക്കിയ രേഖയുമായി ബാക്കി തുകയ്ക്ക് അപേക്ഷിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും അതു  ലഭിച്ചില്ല. വിവരം തിരക്കിയ ഒരു ജില്ലാ പഞ്ചായത്ത് മെമ്പറോട് ബന്ധപ്പെട്ട ഗുമസ്തന്‍ നേരിട്ടു പറഞ്ഞത്. 'കക്കൂസ് ഒന്നിനു 250 രൂപാ വീതം വേണം. ഇല്ലാതെ തുക പാസാവില്ല. ഇതു ശരിയോ എന്നു ചോദിച്ചപ്പോള്‍ ഗുമസ്തന്‍റെ മറുപടി രസകരമായിരുന്നു. ഒരു 250 വെച്ച് സാറും എടുത്തോ. അവന്മാര്‍ക്കു ചുമ്മാ കിട്ടുന്ന കാശല്ലേ? അവസാനം കക്ഷിഭേദമന്യേ ഗുണഭോക്താക്കള്‍ സംഘടിച്ചു ജില്ലാ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചപ്പോളാണ് തുക പാസായത്! തലക്കെട്ടിനു ഇനി വ്യാഖ്യാനം വേണോ?

വാല്‍ക്കഷണം - ഉണ്ണൂലിയമ്മയുടെ ശാപവാക്കുകള്‍ ചീനപ്പടക്കംപോലെ വന്നു പതിച്ചു... അതാ ഒരു കൊസ്രാക്കൊളളി പാഞ്ഞുവരുന്നു. - ഇനി തണ്ടാസ് ഓരിവയ്ക്കാനായിരിക്കും. ആണ്ടിമയിസ്രേട്ടേ, തണ്ടാസ് മുന്നോരിയാക്കി അടീലത്തെ ഓരി ആ തോട്ടിപ്പറേന്‍ കുഞ്ഞാപ്പുവിനു കൊട്ക്ക്..ڈ (എസ്. കെ പൊറ്റക്കാട്ട്, ഒരു ദേശത്തിന്‍റെ കഥ)