രക്ഷകാ... ഇതു താന്‍ഡാ ആക്ഷന്‍ ഹീറോയിസം; പഴയ ആറുവയസുകാരന്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് ഓഫീസറെ തേടിയെത്തിയപ്പോള്‍

മരണത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുകയായിരുന്ന ക്രിസ് ജോണ്‍സെന്ന അഞ്ചുവയസുകാരനെ ജീവിതത്തിന്റെ തീരത്തേക്ക് വലിച്ചടുപ്പിച്ചത് ജെയിംസ് പൂള്‍ എന്ന പോലീസോഫീസര്‍. 19 വര്‍ഷത്തിനു ശേഷം ക്രിസ് എത്തി നന്ദിയോടെ, ജെയിംസ് പൂളിനെ പുണര്‍ന്നപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

രക്ഷകാ... ഇതു താന്‍ഡാ ആക്ഷന്‍ ഹീറോയിസം; പഴയ ആറുവയസുകാരന്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് ഓഫീസറെ തേടിയെത്തിയപ്പോള്‍

മരണം കണ്‍മുമ്പില്‍ കണ്ട് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുമ്പോള്‍ ക്രിസ് ജോണ്‍സെന്ന ആറ് വയസുകാരന് മുമ്പില്‍ ജീവിതം അവിടെ അവസാനിക്കുകയായിരുന്നു. എന്നാല്‍ ജെയിംസ് പൂളെന്ന പോലീസോഫീസറുടെ കരങ്ങള്‍ അവനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി. 1997ല്‍ അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം നടന്നത്.

ഒരു ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ വീണ് മുങ്ങിത്താഴുകയായിരുന്നു ക്രിസ് ജോണ്‍സണ്‍. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജെയിംസ് പൂള്‍ കുതിച്ചെത്തി വെള്ളം കുടിച്ച് അവശനായ ക്രിസിനെ കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ ചെയ്തതോടെ ക്രിസ് ജീവിതത്തിലേക്ക് തിരിച്ചെത്തി. ഓടിക്കൂടിയ ആളുകള്‍ക്കിടയിലൂടെ ജെയിംസ് പൂള്‍ നടന്നു നീങ്ങി. വര്‍ഷങ്ങള്‍ കടന്നുപോയി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പല രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ള ജെയിസ് ഈ സംഭവമെല്ലാം കാലക്രമേണ മറന്നു. എന്നാല്‍ തന്നെ രക്ഷിച്ചയാളെ തിരഞ്ഞുനടക്കുകയായിരുന്നു ക്രിസ്.
ഒടുവില്‍ 19 വര്‍ഷത്തിന് ശേഷം ക്രിസ് ആളെ കണ്ടെത്തി. പിന്നീട് ജെയിംസിനെ കണ്ട് നന്ദി പറയാനായിരുന്നു ക്രിസിന്റെ തീരുമാനം. തന്റെ രക്ഷകനെ കാണാന്‍ ക്രിസ് എത്തുമ്പോള്‍ ജെയിംസ് പൂള്‍ പത്രസമ്മേളനത്തിലായിരുന്നു. പത്രസമ്മേളനം തടസപ്പെടുത്തി തന്റെയടുത്തേക്ക് നടന്നടുത്ത യുവാവിനെ ജയിംസ് പൂള്‍ കൗതുകത്തോടെ നോക്കി. 'എന്നെ ഓര്‍മയുണ്ടോ? ക്രിസിന്റെ ചോദ്യത്തിന് അമ്പരപ്പ് മാത്രമായിരുന്നു ജയിംസിന്റെ മറുപടി. 'താങ്കളെന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്' അതുകേട്ട ജെയിംസ് ഇരുപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. ഇരുവരും ഗാഢം പുണര്‍ന്നു. ഇടയ്ക്ക് നിറഞ്ഞുവന്ന തന്റെ മിഴികള്‍ ക്രിസ് തുടയ്ക്കുന്നുണ്ടായിരുന്നു. തന്റെ രക്ഷകനെ കാണാനെത്തിയപ്പോള്‍ ക്രിസ് 5 വയസുകാരിയായ മകളേയും കൂടെ കൂട്ടിയിരുന്നു. ദീര്‍ഘമായ ആലിംഗനത്തിന് ശേഷം അവന്‍ ജെയിംസിന് മകളെ ചൂണ്ടിക്കാണിച്ചുകൊടുത്തു. വൈകാരികമായ അപൂര്‍വ കൂടിക്കാഴ്ചയുടെ വിവരം കൊളമ്പസ് ഡിവിഷന്‍ ഓഫ് പോലീസാണ് പുറത്തുവിട്ടത്.