കുട്ടികള്‍ക്കുനേരെയുള്ള ബലാത്സംഗ കേസുകളില്‍ ക്രമാധീതമായ വര്‍ധന; അഞ്ചുവര്‍ഷത്തിനിടെ 3464 കേസുകള്‍

കുട്ടികള്‍ക്കുനേരെ ഈവര്‍ഷം ജനുവരി- ജൂലൈ കാലയളവില്‍ മാത്രം ഉണ്ടായത് 520 ബലാത്സംഗ കേസുകളാണ്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരം. 2010 ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ ഇരട്ടിയാണ് 2011 ലേതെന്നും തുടര്‍ന്നിങ്ങോട്ടുള്ള ഓരോ വര്‍ഷവും ഇതിന്റെ എണ്ണം വര്‍ധിച്ചുവരുന്നതായും പട്ടിക വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കുനേരെയുള്ള ബലാത്സംഗ കേസുകളില്‍ ക്രമാധീതമായ വര്‍ധന; അഞ്ചുവര്‍ഷത്തിനിടെ 3464 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കുനേരെയുള്ള ബലാത്സംഗക്കേസുകളില്‍ ക്രമാധീതമായ വര്‍ധനയെന്ന് കണക്കുകള്‍. 2011 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്തത് 3464 കേസുകളാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളും ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

കുട്ടികള്‍ക്കുനേരെ ഈവര്‍ഷം ജനുവരി- ജൂലൈ കാലയളവില്‍ മാത്രം ഉണ്ടായത് 520 ബലാത്സംഗ കേസുകളാണ്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരം. 2010 ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ ഇരട്ടിയാണ് 2011 ലേതെന്നും തുടര്‍ന്നിങ്ങോട്ടുള്ള ഓരോ വര്‍ഷവും ഇതിന്റെ എണ്ണം വര്‍ധിച്ചുവരുന്നതായും പട്ടിക വ്യക്തമാക്കുന്നു. 423 ബലാത്സംഗക്കേസുകളാണ് കുട്ടികള്‍ക്കുനേരെ 2011 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 2012 ല്‍ 455 കേസുകളും 2013 ല്‍ 637 കേസുകളും രജിസ്റ്റര്‍ ചെയ്തു.


ഈ വിഭാഗത്തില്‍ 709 കേസുകള്‍ 2014 ല്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തപ്പോള്‍ 720 എണ്ണമാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള വിവിധ നിയമങ്ങളുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരായ നടപടികള്‍ കാര്യക്ഷമമല്ലെന്നാണ് ഈ വര്‍ധന തെളിയിക്കുന്നത്. സ്വന്തം കുടുംബത്തില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം, അയല്‍ക്കാര്‍, ബന്ധുമിത്രാധികള്‍, സ്‌കൂളുകള്‍, പരിചയക്കാര്‍, അപരിചിതര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ കുട്ടികള്‍ പീഡനത്തിനിരയാവുന്നു. എറണാകുളം പുത്തന്‍വേലിക്കരയില്‍ പള്ളിമേടയില്‍വച്ച് 14കാരിയെ പീഡിപ്പിച്ച കേസില്‍ പള്ളിവികാരിയായ ഫാ. എഡ്വിന്‍ ഫിഗറസിനെ കോടതി ഇന്ന് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചത് വിവിധ ആരാധനാലയങ്ങളില്‍പ്പോലും കുരുന്നുകള്‍ സുരക്ഷിതരല്ലെന്നതിനു തെളിവാണ്.

അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളിലും അഞ്ചുവര്‍ഷത്തിനിടെ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2011 മുതല്‍ ഈ വര്‍ഷം പകുതിവരെ 774 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2011 ല്‍ 129 ആയിരുന്നത് 2012 ആയപ്പോള്‍ 147 ആയി വര്‍ധിച്ചു. അടുത്ത വര്‍ഷം 136 ആയും 2014 ല്‍ 116 ആയും കുറഞ്ഞെങ്കിലും കഴിഞ്ഞവര്‍ഷം ഇത് 171 ആയി വര്‍ധിക്കുകയാണ് ചെയ്തത്. ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറുമാസത്തിനിടെ മാത്രം 75 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടാപ്പം കുട്ടികള്‍ക്കുനേരെയുള്ള മറ്റു കുറ്റകൃത്യങ്ങളിലും ഞെട്ടിപ്പിക്കുന്ന വര്‍ധനവാണുള്ളത്. 2011 മുതല്‍ ഈ വര്‍ഷം ജൂലൈ അവസാനം വരെ 6281 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 ജനുവരി മുതല്‍ ജൂലൈ 31 വരെ 946 അതിക്രമകേസുകളാണ് കുട്ടികള്‍ക്കുനേരെയുണ്ടായതെന്നും കണക്കുകളിലൂടെ
മനസ്സിലാവുന്നു.

നിയമനടപടികളിലെ പാളിച്ചകളാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ധനയ്ക്കു കാരണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ 2012 ല്‍ പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ്) നിയമം കൊണ്ടുവന്നെങ്കിലും ഇക്കാര്യത്തില്‍ യാതൊരു കുറവുമില്ല. രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിന്റെ പല മടങ്ങാണ് വാസ്തവത്തില്‍ യഥാര്‍ത്ഥ കേസുകള്‍. ചെല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് റഫര്‍ ചെയ്യുന്ന കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നതില്‍ പോലീസും വീഴ്ച വരുത്തുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറയുമ്പോഴും ഇത്തരം കേസുകളിലെ വര്‍ധന ആശങ്കാജനകമാണ്.

Read More >>