അട്ടപ്പാടിയിലെ ശിശുമരണം: മറച്ചു വയ്ക്കുന്ന മരണകാരണങ്ങൾ

കുട്ടിയുടെ മരണകാരണം മാതാപിതാക്കളുടെയും അവരുടെ അജ്ഞതയുടെയും തലയിൽ ചാരി കൈകഴുകുന്ന ഒരു ആരോഗ്യ സംവിധാനമാണ് അട്ടപ്പാടിയിൽ നിലനിൽക്കുന്നത്. ശിശു മരണങ്ങളുടെ യഥാർത്ഥകാരണങ്ങൾ സമർത്ഥമായി മറച്ചു വയ്ക്കപ്പെടുന്നു. - നാരദാ ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു...

അട്ടപ്പാടിയിലെ ശിശുമരണം: മറച്ചു വയ്ക്കുന്ന മരണകാരണങ്ങൾ

അരചന്മാരെ ചിരിപ്പിക്കുന്ന ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം: ഭാഗം 2


മന്ത്രി എ കെ ബാലൻ എണ്ണിപ്പറഞ്ഞ ആ നാലെണ്ണത്തിൽ ഒരു വീട്, പുത്തൂർ പഞ്ചായത്തിലെ ചാളയൂരിലാണ്. മരിച്ചതു രാധാമണി നാഗരാജ് ദമ്പതികളുടെ കുഞ്ഞ്. ജനിച്ചു മൂന്നാം നാൾ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ വച്ചു കുഞ്ഞു മരിച്ചു. എന്തായിരുന്നു ഈ കുഞ്ഞിന്റെ മരണകാരണം?

[caption id="attachment_68426" align="alignleft" width="300"] മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്
[/caption]

മന്ത്രിയുടെ ഫേസ്ബുക്ക് വിശദീകരണത്തിൽ ഈ കുട്ടിയെക്കുറിച്ചും പരാമർശമുണ്ട്. "ജന്മനാ തലച്ചോറില്‍ ഉണ്ടായ നീർക്കെട്ടിന്റെ ഭാഗമായി മൂന്നു ദിവസം പ്രായമുള്ള ഒരു കുട്ടിയും മരിച്ചിട്ടുണ്ടെ"ന്നാണ് വിശദീകരണം. സെപ്തംബർ പതിനഞ്ചിന്റെ പത്രങ്ങളിൽ ഈ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്മനാ തല വളരുന്ന അസുഖത്തോടെയാണു കുട്ടി ജനിച്ചതെന്നാണ്, കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഉദ്ധരിച്ചു പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.

[caption id="attachment_68428" align="alignleft" width="300"] സെപ്തംബർ 15ന്റെ മാധ്യമം റിപ്പോർട്ട്[/caption]

പക്ഷേ വീട്ടുകാരോടു പറഞ്ഞ മരണകാരണം ഇതൊന്നുമല്ല. ബ്രെയിൻ ട്യൂമർ, ഹൃദയത്തിലെ വാൽവിന്റെ പ്രശ്നം തുടങ്ങിയ കാരണങ്ങളാണു കോട്ടത്തറ ആശുപത്രിയിൽ നിന്നു ലഭിച്ചത്. കോയമ്പത്തൂരിലെ ആശുപത്രി പറഞ്ഞ കാരണം ശ്വാസം മുട്ടലെന്നും.

വിദ്യാഭ്യാസം നന്നേ കുറവായവരെ മരണകാരണം എല്ലാ സാങ്കേതിക വിശദീകരണങ്ങളോടും കൂടി അറിയിച്ചിരിക്കണമെന്നു ശഠിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ, മരണത്തിന് ഒരു കാരണമുണ്ടാവും. ഔദ്യോഗിക രേഖകളിൽ അക്കാര്യം വ്യക്തമാവുകയും വേണം. പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ നടക്കുന്ന ശിശുമരണങ്ങളുടെ കാര്യത്തിൽ.

ആ കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ പരിഹാര മാർഗങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയൂ. നിലവിലുളള സംവിധാനങ്ങളുടെ പിഴവുകൾ മനസിലാക്കാനും അത് അനിവാര്യമാണ്. അതുകൊണ്ട് രാധാമണി - നാഗരാജ് ദമ്പതികളുടെ കുഞ്ഞ് ജനിച്ചു മൂന്നാം ദിവസം മരിച്ചതിന്റെ കാരണം ഔദ്യോഗികമായി എങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് വിശദമായി നാരദാ ന്യൂസ് അന്വേഷിച്ചു. ഉദ്യോഗസ്ഥരെഴുതിക്കൊടുക്കുന്ന കാരണമാണല്ലോ മന്ത്രി നിയമസഭയിൽ വായിക്കുന്നത്.

മരണസർട്ടിഫിക്കറ്റും സ്കാൻ റിപ്പോർട്ടും ഇതാ...


[caption id="attachment_68425" align="aligncenter" width="1269"]                                           രാധാമണി - നാഗരാജ് ദമ്പതികളുടെ കുഞ്ഞിന്റെ മരണസർട്ടിഫിക്കറ്റ്
[/caption]

മരണകാരണം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നാണു വ്യവസ്ഥ. കുട്ടിയുടെ ഡെത്ത് സർട്ടിഫിക്കറ്റിൽ പക്ഷേ, സാങ്കേതികപദങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ HIE എന്നു കുറിച്ചിട്ടുണ്ട്. HIE എന്നാൽ hypoxic ischemic Encephalopathy ആണെന്ന്, ഞങ്ങൾ സമീപിച്ച ന്യൂറോളജിസ്റ്റ് വിശദീകരിച്ചു. തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത അവസ്ഥയാണിത്.

HIE എന്നത് 'സ്ട്രോക്കു വന്നു' എന്നു പറയുമ്പോലെ ആണെന്നും അതൊരു ഫലമാണെന്നും കാരണം വേറെയാണെന്നുമാണ് ന്യൂറോളജിസ്റ്റിന്റെ അഭിപ്രായം. അതായത്, മറ്റെന്തോ കാരണം കൊണ്ടുണ്ടായതാണ് HIE. പല കാരണങ്ങൾ മൂലം HIE വരാമെന്നും ന്യൂറോളജിസ്റ്റ് അഭിപ്രായപ്പെടുന്നു. അപ്പോൾ എന്താണു കാരണം?
HIE only means that the child had poor oxygenation to the brain, causing brain to swell up. It is the end result of the death, not clearly a cause of death. Cause of death should be what resulted the death.

- ഇതാണ് ഡോക്ടറുടെ വിശദീകരണം.


അപ്പോൾ കുട്ടിയ്ക്ക് ജന്മനാ തല വളരുന്ന അസുഖം ഉണ്ടായിരുന്നോ? ഡോ. പ്രഭുദാസ് പറയാതെ ഈ മരണം റിപ്പോർട്ടു ചെയ്ത മാദ്ധ്യമങ്ങൾ അങ്ങനെ റിപ്പോർട്ടു ചെയ്യുമോ? മാദ്ധ്യമങ്ങൾക്കു തെറ്റു പറ്റിയതാകാം.

അപ്പോൾ മന്ത്രി എ കെ ബാലന്റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമർശമോ? ജന്മനാ തലച്ചോറിലുണ്ടായ നീർക്കെട്ട് എന്നാണു മരണകാരണം അവിടെ വിശദീകരിച്ചിരിക്കുന്നത്.

സ്കാൻ റിപ്പോർട്ടു നോക്കിയ ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം
:


"രാധാമണിയുടെ ഗർഭകാലഅൾട്രാ സൌണ്ട് സ്കാൻ റിപ്പോർട്ടിൽ ഇടയ്ക്ക് ഒരു ഗർഭകാല അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ കുട്ടിക്ക് തലച്ചോറിൽ ഒരു വളർച്ച/മുഴ ഉണ്ടായിരുന്നു എന്നു കണ്ടതായി പറയുന്നു. ഈ വളർച്ച പക്ഷെ പിന്നീടു സ്കാൻ ചെയ്തപ്പോൾ കാണുന്നില്ല എന്നു സ്ഥിരീകരിച്ചു എന്നും പിന്നീട് എഴുതിയിട്ടുണ്ട്."

"Referred as a case of suspected mass effect compressing Right (R) lateral ventricle for expert neonatal care" എന്നാണ് സ്കാൻ റിപ്പോർട്ടിന്റെ മുകളിൽ കാണുന്നത്.

The bottom circle is around the statement: "no obvious focal intracranial lesions noted sonologically" എന്നു പിന്നീടു കണ്ടെത്തി.

അപ്പോൾ ജന്മനാ തലച്ചോറിൽ നീർക്കെട്ടുണ്ടായിരുന്നു എന്ന് മന്ത്രിയ്ക്കെഴുതിക്കൊടുത്ത മറുപടിയുടെ വൈദ്യശാസ്ത്രപരമായ സാധൂകരണമെന്താണ് ?

രാധാമണിയുടെ ചികിത്സാരേഖകൾ (ലഭ്യമായത്) പരിശോധിച്ച ഗൈനക്ക് നാരദാ ന്യൂസിനോട് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു;
കുഞ്ഞ് ശ്വാസം കിട്ടാതെ മരിച്ചു എന്ന് ഊഹിക്കാനേ (കിട്ടിയ രേഖകൾ പ്രകാരം) കഴിയൂ. അതു വളർച്ചക്കുറവു കൊണ്ടായിരുന്നോ ശ്വാസതടസ്സം കൊണ്ടായിരുന്നോ എന്നൊന്നും അതിൽ നിന്നു ക്ലിയർ അല്ല. അത്തരം കോംപ്ലിക്കേഷനുകൾ ട്രൈബൽ ഏരിയയിൽ നിന്നു വരുന്ന അമ്മമാരുടെ കുട്ടികളിൽ വളരെ കൂടുതൽ ആണ്. പോഷകാഹാര കുറവും ഗർഭകാല അനാസ്ഥകളും കാരണം വരുന്ന പ്രശ്നങ്ങൾ ആണു പലപ്പോഴും ഗർഭം അലസുന്നതിനോ ജന്മസമയത്തെ കോംപ്ലിക്കേഷനോ ആയി മാറുന്നത്.

തല വളരുന്ന രോഗം എന്നൊന്നും ഇതിൽ സൂചന ഇല്ല. ഒരു പക്ഷെ തലയിലെ മുഴ എന്നത് മലയാളീകരിച്ചു കുളമാക്കിയതും ആവാം. പല പത്രസമ്മേളനങ്ങളും അങ്ങനെ ടെക്നിക്കൽ സംഗതികളെ വിശദീകരിച്ച് അസംബന്ധമാക്കുന്നത് സ്ഥിരമാണല്ലോ.

മാവുകണ്ടം ഊരിലെ രേവതി രാജു ദമ്പതിമാർക്കും പറയാനുള്ളത്


ഏതാണ്ട് ഇതേ അനുഭവമാണു മാവുകുണ്ട് ഊരിലെ രേവതി രാജു ദമ്പതിമാർക്കും പറയാനുള്ളത്. രേവതി ഗർഭം ധരിച്ചതും പ്രസവിച്ചതും കുഞ്ഞു മരിച്ചതുമൊക്കെ യുഡിഎഫ് കാലത്താണ്. അതിനാൽ ഒരുത്തരവാദിത്തവും മന്ത്രി എ കെ ബാലൻ പറയേണ്ടതില്ല. എങ്കിലും ആ അനുഭവം അദ്ദേഹം അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

രേവതിയുടെ കുഞ്ഞിന്റെ മരണകാരണങ്ങൾ വിശദീകരിച്ച് 2016 മാർച്ച് 21ന് അട്ടപ്പാടിയിലെ നോഡൽ ഹെൽത്ത് ഓഫീസർ ഡോ. പ്രഭുദാസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ച 15/2016 നമ്പർ റിപ്പോർട്ട് വിവരാവകാശ പ്രകാരം കരസ്ഥമാക്കിയതു രേവതിയുടെ കൈവശമുണ്ട്. ആ റിപ്പോർട്ടിനെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു;
ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഭൂരിഭാഗവും തെറ്റും സ്വന്തം തെറ്റു മറയ്ക്കാന്‍ തട്ടിക്കൂട്ടിയതുമാണ്. ഇത്തരമൊരു അന്വേഷണം നടത്തിയെങ്കില്‍ ആ റിപ്പോര്‍ട്ട് മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളെ കാണിക്കണമായിരുന്നു. എന്നാല്‍ അതിനു തയ്യാറാവാതെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അയക്കുകയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടര്‍ ചെയ്തത്. ഒരു സന്നദ്ധ സംഘടനയാണു വിവരാവാകാശം വഴി ഈ റിപ്പോര്‍ട്ട് സംഘടിപ്പിച്ചു ഞങ്ങള്‍ക്കു തരുന്നത്. ഞങ്ങളെ മനഃപൂര്‍വ്വം കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ട് മറച്ചു വച്ചത് എന്തിനെന്നു മനസ്സിലാകുന്നുണ്ട്.

ഞങ്ങള്‍ക്കു മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ കാണിയ്ക്കാനായിരുന്നു താല്‍പ്പര്യം എന്നു പറയുന്നതു തെറ്റാണ്. ഞങ്ങള്‍ക്കു പൂര്‍ണമനസ്സോടെ തന്നെ കോട്ടത്തറ ആശുപത്രിയില്‍ വരാന്‍ തന്നെയായിരുന്നു താല്‍പ്പര്യം.

ഗര്‍ഭിണിയായ എന്നെ നോക്കുവാന്‍ നിയോഗിച്ചെന്നു പറയുന്ന ജെ.എന്‍. പി. എച്ച് ആശാ വര്‍ക്കര്‍, എസ്.റ്റി പ്രമോട്ടര്‍, ആനിമേറ്റര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയില്‍ ഹാജരായില്ല എന്നു പറയുന്നതു തെറ്റാണ്. അത് അങ്ങിനെ ആവശ്യപ്പെട്ടിട്ടേയില്ല. എന്തെങ്കിലും കാര്യത്തിന് അന്വേഷിച്ചാല്‍ തന്നെ വരാറില്ല.

ആശുപത്രിയില്‍ അഡ്മിറ്റാക്കാനുള്ള ഒരു ശ്രമവും എതിര്‍ത്തിട്ടില്ല. വേദന വന്നപ്പോഴാണ് ആശുപത്രിയില്‍ എത്തിയത് എന്നതു സത്യമാണ്. പക്ഷെ റിപ്പോര്‍ട്ടില്‍ പറയുന്ന പോലെയുള്ള ഡോക്ടര്‍മാരുടെ സംഘം ഒന്നും ഇല്ലായിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ നേഴ്‌സുമാരും. പ്രസവം കഴിഞ്ഞ ശേഷമാണു ഗൈനക്കോളജി ഡോക്ടര്‍ എത്തിയത്. കുട്ടികളുടെ ഡോക്ടര്‍ അന്നു മാത്രമല്ല പിറ്റേന്നു കുഞ്ഞുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോകുന്നതു വരെ വന്നിരുന്നില്ല.

ഈ റിപ്പോര്‍ട്ടില്‍ കുഞ്ഞു മരിക്കാനിടയാക്കിയതായി പറഞ്ഞ ഒരു കാര്യവും തൃശ്ശൂരിലെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. മഷി ഇട്ടതും പൊക്കിള്‍ക്കൊടി അഴുകിയ കാര്യങ്ങളൊന്നും അവര്‍ പറഞ്ഞില്ല. ഇവിടെ നിന്നു പറയുന്ന വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നു തന്നെയാണു പറഞ്ഞത്. കുഞ്ഞു ജനിച്ച ശേഷം കരയാതിരുന്നതും മറ്റും പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍ ആയിരുന്നില്ലെന്ന് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.

[caption id="attachment_68430" align="aligncenter" width="619"]                                                    ഡോ. പ്രഭുദാസിന്റെ റിപ്പോർട്ടിൽ നിന്ന്[/caption]

കുട്ടിയുടെ മരണകാരണം മാതാപിതാക്കളുടെയും അവരുടെ അജ്ഞതയുടെയും തലയിൽ ചാരി കൈകഴുകുന്ന ഒരു ആരോഗ്യ സംവിധാനമാണ് അട്ടപ്പാടിയിൽ നിലനിൽക്കുന്നത് എന്നാണ് ഈ റിപ്പോർട്ടും അതിനോടുള്ള കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണവും തെളിയിക്കുന്നത്.  ശിശു മരണങ്ങളുടെ യഥാർത്ഥകാരണങ്ങൾ സമർത്ഥമായി മറച്ചു വയ്ക്കപ്പെടുന്നു.

പ്ലീസ് മിനിസ്റ്റർ... ആ കുഞ്ഞുങ്ങളുടെ മരണകാരണം അന്വേഷിക്കണം...


എ കെ ബാലൻ നിയമസഭയിൽ മറുപടി പറയേണ്ടി വന്ന ആ നാലു ശിശുമരണങ്ങളുടെയും യഥാർത്ഥ കാരണം അറിയാൻ ഡോ. ഇക്ബാലിനോടെങ്കിലും ആവശ്യപ്പെടേണ്ടതാണ്. അതു ചെയ്തതുകൊണ്ട് മരണപ്പെട്ട കുട്ടികൾ മടങ്ങി വരില്ലെന്നു നമുക്കെല്ലാം അറിയാം. എങ്കിലും സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം ഡോ. ഇക്ബാൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ചങ്കിൽ കൊള്ളുന്ന ഒരു പരാമർശമുണ്ട്; "ഈ വര്‍ഷം ഇതിനകം 19 കുട്ടികളാണ് ഒഴിവാക്കാന്‍ കഴിയേണ്ട കാരണങ്ങളാല്‍ മരിച്ചത്".
ഒഴിവാക്കാവുന്ന കാരണങ്ങളാൽ മരണപ്പെട്ട കുഞ്ഞുങ്ങൾ!

മനുഷ്യപ്പറ്റുള്ളവരുടെ നെഞ്ചു തകർക്കുന്ന നിരീക്ഷണമാണത്. ഒഴിവാക്കാൻ കഴിയുന്ന കാരണങ്ങളാൽ ഒരു പ്രദേശത്തു നിരന്തരമായി കുഞ്ഞുങ്ങൾ മരിക്കുന്ന അവസ്ഥ ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല. ഒരു സ്ഥിതിവിവരക്കണക്കും ഈ നിരീക്ഷണത്തിന്റെ തമോഭാരം താങ്ങുകയില്ല. ഇത്തരം കാരണങ്ങൾ ഒഴിവാക്കാനാണ് എ കെ ബാലന്റെ മന്ത്രിസഭ അധികാരമേറ്റതും. നിയമസഭയിലെ വളിപ്പുകൾ കാലം മറക്കും. പക്ഷേ, ഈ ചുമതല നിറവേറ്റുന്നതിൽ അലംഭാവം കാട്ടിയാൽ മന്ത്രിയുടെ ശിരസിൽ പതിക്കുന്നത് ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങളുടെ കൊടുംശാപമാണ്. അതിനിടയാകരുത്.

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ യഥാർത്ഥ കാരണം അന്വേഷിക്കുക തന്നെ വേണം. ഒഴിവാക്കാൻ കഴിയുന്ന കാരണങ്ങളാൽ ഇനിയൊരു കുഞ്ഞും അട്ടപ്പാടിയിൽ മരിക്കരുതെന്ന ദൃഢനിശ്ചയത്തോടെ അട്ടപ്പാടിയിലെ ആരോഗ്യസംവിധാനം പൊളിച്ചു പണിയണം. ഒക്ടോബർ 21നു നിയമസഭയിൽ നടത്തിയ, എ കെ ബാലനിൽ നിന്ന് ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പരാമർശങ്ങളുടെ കറ അദ്ദേഹം അങ്ങനെ കഴുകിക്കളയണം.

Featured Image - രേവതി - രാജു ദമ്പതികളുടെ വീട്

Photo Credit - Sukesh Imam

അരചന്മാരെ ചിരിപ്പിക്കുന്ന ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം: ഭാഗം 1