മഗ്‌നീഷ്യം ഇറക്കുമതി കേസ്: ടോം ജോസിന് ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ ചിറ്റ്; നടപടി വേണ്ടെന്നുകാട്ടി റിപോര്‍ട്ട് നല്‍കി

ടോം ജോസിനെതിരായ വിജിലന്‍സിന്റെ ശുപാര്‍ശ മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട്. 2014-15 കാലയളവില്‍ കെഎംഎംഎല്‍ എംഡി ആയിരിക്കെ ടോംജോസ് വിവാദ മഗ്നീഷ്യം ഇറക്കുമതിയിലൂടെ സര്‍ക്കാരിന് 1.75 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. പിന്നീട് ടോം ജോസിനെ ഉള്‍പ്പെടുത്തി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ടോം ജോസ് തദ്സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.

മഗ്‌നീഷ്യം ഇറക്കുമതി കേസ്: ടോം ജോസിന് ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ ചിറ്റ്; നടപടി വേണ്ടെന്നുകാട്ടി റിപോര്‍ട്ട് നല്‍കി

തിരുവനന്തപുരം: മഗ്‌നീഷ്യം ഇറക്കുമതി കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ ചിറ്റ്. ടോം ജോസിനെതിരെ നടപടി വേണ്ടെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കി. ടോം ജോസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന നിയമോപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന്റെ റിപോര്‍ട്ട്.

ടോം ജോസിനെതിരായ വിജിലന്‍സിന്റെ ശുപാര്‍ശ മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട്. 2014-15 കാലയളവില്‍ കെഎംഎംഎല്‍ എംഡി ആയിരിക്കെ ടോംജോസ് വിവാദ മഗ്നീഷ്യം ഇറക്കുമതിയിലൂടെ സര്‍ക്കാരിന് 1.75 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. പിന്നീട് ടോം ജോസിനെ ഉള്‍പ്പെടുത്തി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ടോം ജോസ് തദ്സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.

ഇടപാടില്‍ ടോംജോസിനെയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയും തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ടോം ജോസിനെ അനുകൂലിച്ചുള്ള റിപോര്‍ട്ട് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്നത്. ടോം ജോസിനെതിരെ നടപടിയെടുക്കേണ്ടെന്ന് നിയമസെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് ഉപദേശം നല്‍കിയത്.

ടോം ജോസ് എംഡിയായിരിക്കെ കെഎംഎംഎല്ലിന്റെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റില്‍ എയറോസ്പേസ് ക്വാളിറ്റിയില്‍ ടൈറ്റാനിയം ഉണ്ടാക്കാനുള്ള ഹൈ പ്യൂരിറ്റി മഗ്‌നീഷ്യം വാങ്ങിയതിലാണ് നഷ്ടം ഉണ്ടായത്. 250 ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്യാനുള്ള ഇ ടെന്‍ഡറാണ് ആദ്യം വിളിച്ചിരുന്നത്. ടെന്‍ഡര്‍ തുറന്നപ്പോള്‍ ഒരു ടണ്‍ മഗ്നീഷ്യത്തിന് 1.87 ലക്ഷം നിരക്കില്‍ ക്വാട്ട് ചെയ്ത കോത്താരി മെറ്റല്‍സ് ലിമിറ്റഡിനാണ് ടെന്‍ഡര്‍ ലഭിച്ചത്. എന്നാല്‍ ആഗോളതലത്തില്‍ വിലയിലെ വ്യത്യാസം ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മഗ്നീഷ്യം വാങ്ങല്‍ നിര്‍ത്തിവെയ്ക്കാന്‍ ടോംജോസ് നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് അതേവര്‍ഷം ജൂലൈയില്‍ വീണ്ടും ടെന്‍ഡര്‍ തുറന്നെങ്കിലും കോത്താരി മെറ്റല്‍സിന് തന്നെയാണ് ഇതു ലഭിച്ചത്. എന്നാല്‍ 1.87 ലക്ഷം ആയിരുന്ന നിരക്ക് 2.90 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ 1.75 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ് കണ്ടെത്തിയത്. അതേസമയം, മഗ്നീഷ്യം ഇടപാടു കേസിനു പുറമെ അനധികൃത സ്വത്ത് സമ്പാദന കേസിലും ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.