ഇതൊരു പെണ്ണിന്റെ ആടുജീവിതം; ചന്ദ്രലേഖ ഇനി അടിമയല്ല

ഗള്‍ഫില്‍ അടിമപ്പണിക്ക് ആളുകളെ വില്‍ക്കുന്നവരുടെ സംഘത്തിലാണ് താന്‍ ചെന്നു പെട്ടതെന്ന് വളരെ വൈകിയാണ് ചന്ദ്രലേഖ മനസിലാക്കിയത്. അടിമവേലയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേയ്ക്കു തിരിച്ചു പോകാന്‍ ഒന്നര ലക്ഷം രൂപയോളം ചന്ദ്രലേഖയ്ക്ക് കെട്ടി വയ്‌ക്കേണ്ടി വന്നു. വിസിറ്റിങ് വിസയില്‍ യുവതികളെ ദുബൈയിലെത്തിച്ച് പിന്നീട് മസ്‌ക്കറ്റിലേയ്ക്ക് കടത്തി അടിമപ്പണിക്കായി വില്‍ക്കുന്ന സംഘത്തില്‍ നിന്ന് വളരെ നാടകീയമായിട്ടായിരുന്നു ചന്ദ്രലേഖയുടെ രക്ഷപ്പെടല്‍.

ഇതൊരു പെണ്ണിന്റെ ആടുജീവിതം; ചന്ദ്രലേഖ ഇനി അടിമയല്ല

താമസവും മറ്റു ചെലവുകളും കഴിഞ്ഞ് 40000 രൂപ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയാണ് ദുബൈയിലേയ്ക്ക് വിമാനം കയറാന്‍ ആലപ്പുഴ അരൂര്‍ വെളിയില്‍ പറമ്പില്‍ ചന്ദ്രലേഖയെ(42) പ്രേരിപ്പിച്ചത്. ഗള്‍ഫില്‍ അടിമപ്പണിക്ക് ആളുകളെ വില്‍ക്കുന്നവരുടെ സംഘത്തിലാണ് താന്‍ ചെന്നു പെട്ടതെന്ന് വളരെ വൈകിയാണ് ചന്ദ്രലേഖ മനസിലാക്കിയത്. അടിമവേലയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേയ്ക്കു തിരിച്ചു പോകാന്‍ ഒന്നര ലക്ഷം രൂപയോളം ചന്ദ്രലേഖയ്ക്ക് കെട്ടി വയ്‌ക്കേണ്ടി വന്നു.


വിസിറ്റിങ് വിസയില്‍ യുവതികളെ ദുബൈയിലെത്തിച്ച് പിന്നീട് മസ്‌ക്കറ്റിലേയ്ക്ക് കടത്തി അടിമപ്പണിക്കായി വില്‍ക്കുന്ന സംഘത്തില്‍ നിന്ന് വളരെ നാടകീയമായിട്ടായിരുന്നു ചന്ദ്രലേഖയുടെ രക്ഷപ്പെടല്‍. ഇതിനായി വാങ്ങിയ തുകയുള്‍പ്പെടെയുളള സാമ്പത്തിക ബാധ്യതകള്‍ എങ്ങനെ തീര്‍ക്കുമെന്ന കാര്യത്തില്‍ ചന്ദ്രലേഖയ്ക്കും ഭര്‍ത്താവ് രമേശനും യാതോരു എത്തും പിടിയുമില്ല.

ദുബൈയിലെ ഒരു തയ്യല്‍ കമ്പനിയില്‍ താമസവും ഭക്ഷണവും, വിസയും ടിക്കറ്റും ഉള്‍പ്പെടെ ജോലി ലഭിക്കുമെന്ന ചേര്‍ത്തല സ്വദേശിനിയായ ഷീലാ ദേവിയുടെ വാഗ്ദാനത്തില്‍ ചന്ദ്രലേഖ വീണു പോകുകയായിരുന്നു. ജോലി കിട്ടിയിട്ടു മാത്രം പ്രതിഫലം തന്നാല്‍ മതിയെന്നൊക്കെ ഷീലാ പറഞ്ഞപ്പോള്‍ ചന്ദ്രലേഖയും കുടുംബവും വിശ്വസിച്ചു. രത്‌ന നായര്‍ എന്ന സ്ത്രീ ദുബൈയില്‍ സഹായത്തിനുണ്ടെന്നും ഷീല പറഞ്ഞു. ഭര്‍ത്താവെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ശ്രീകാന്തും ഷീലാ ദേവിയും ചേര്‍ന്നാണ് എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. പിന്നീടുളള അന്വേഷണത്തില്‍ ഇയാളുടെ പേര് ശ്രീകാന്ത് എന്നല്ലെന്നും ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരെല്ലെന്ന് മനസിലായത്.

ദുബൈയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിപ്പിച്ചത്. എല്ലാ ദിവസങ്ങളിലും രത്‌നകലയുടെ ഓഫീസില്‍ എത്തിച്ചേരണമായിരുന്നു. അവിടെയുളള സ്ത്രീകള്‍ അവിടെ വീട്ടു ജോലിയ്ക്കാണ് പോകുന്നതെന്ന് അറിഞ്ഞ് രത്‌നകലയെ ചോദ്യം ചെയ്തപ്പോള്‍ ഈ നുണയൊക്കെ നിന്നോട് ആരാ പറഞ്ഞത്. ഇവിടെ തയ്യലൊന്നുമില്ല വീട്ടു ജോലിക്കാണ് നിന്നെയും കൊണ്ടു വന്നതെന്നായിരുന്നു മറുപടി. വീട്ടുജോലിയ്ക്ക് നില്‍ക്കാന്‍ താത്പര്യമില്ലെന്നും എത്രയും വേഗം തന്നെ നാട്ടിലേയ്ക്ക് കയറ്റി വിടണമെന്നും ഞാന്‍ അവരോട് അപേക്ഷിച്ചു. നിനക്ക് വേണ്ടി മുടക്കിയ കാശ് മുതലാക്കാതെ നാട്ടില്‍ വിടില്ലെന്നായിരുന്നു രത്‌ന നായര്‍ പറഞ്ഞത്. ഷീലാ ദേവിയുടെ കമ്മീഷനും ടിക്കറ്റ് ചാര്‍ജ് അടക്കം 19000 രൂപയും മടക്കി നല്‍കിയാല്‍ വിട്ടയ്ക്കാമെന്നായിരുന്നു രത്‌ന നായരുടെ മറുപടി. വീട്ടു ജോലിക്കു നില്‍ക്കുകയോ അല്ലെങ്കില്‍ ഇത്രയും തുക തിരിച്ചു നല്‍കുകയോ ചെയ്യാതെ എനിക്കു നിവൃത്തിയില്ലാതെയായി. അടുത്തു തന്നെയുളള വീട്ടില്‍ ഞാന്‍ വീട്ടുപണിക്കു നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. എനിക്ക് വേറേ വഴികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഗൃഹനാഥനോട് ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

തെറ്റിദ്ധരിക്കപ്പെട്ടാണ് ഞാന്‍ ഇവിടെയെത്തിയതെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്കു ദയവുണ്ടായി. ഞാന്‍ മൂന്ന് ലക്ഷത്തോളം മുടക്കി രണ്ടു വര്‍ഷത്തേയ്ക്ക് നിന്നെ വിലയ്ക്കു വാങ്ങിയിരിക്കുകയാണെന്നും നിന്നെ സഹായിക്കാന്‍ യാതോരു നിവൃത്തിയില്ലെന്നും അയാള്‍ പറഞ്ഞു. ഞാന്‍ വാശി പിടിച്ചപ്പോള്‍ എന്നെ അയാള്‍ രത്‌ന നായരുടെ ഏജന്‍സിയില്‍ കൊണ്ടു വന്നു വിട്ടു.

ഏതാനും ദിവസം ജോലിയില്ലാതെ ഞാന്‍ അവിടെ നിന്നപ്പോള്‍ അല്‍ ഐനിലെ ഒരു ആശുപത്രിയില്‍ ക്ലീനിങ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും 40000 രൂപ ശമ്പളം ലഭിക്കുമെന്നും യൂസഫ് എന്ന ഒരു ഈജിപ്തുകാരന്‍ കൂട്ടാന്‍ വരുമെന്നും രത്‌ന നായര്‍ പറഞ്ഞു. പക്ഷേ വീണ്ടും ഞാന്‍ ചതിക്കപ്പെടുകയായിരുന്നു. ഞാനടക്കമുളള മൂന്ന് സ്ത്രീകളെ വീട്ടുജോലിയ്ക്കായി ഒമാനിലേയ്ക്ക് കടത്തുകയായിരുന്നു യൂസഫിന്റെ ഉദ്ദേശ്യം. സംശയം തോന്നി എതിര്‍ത്തു നോക്കിയെങ്കിലും ഫലം കണ്ടില്ല.
പീഢന പരമ്പരയായിരുന്നു ആ ജോലി. രാവിലെ അഞ്ചു മുതല്‍ രാത്രി 12 മണി വരെ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മെച്ചപ്പെട്ട ഭക്ഷണമോ വിശ്രമമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. നന്നായി കുളിക്കാന്‍ പോലുമുളള സ്വകാര്യത എനിക്കു നഷ്ടപ്പെട്ടു. ആകെ പതിനൊന്നായിരം രൂപയാണ് ശമ്പളമായി കിട്ടിയത്. മൂന്ന് ലക്ഷം രൂപ നിന്റെ ഏജന്‍സിക്കു നല്‍കിയാണ് നിന്നെ ഞങ്ങള്‍ രണ്ടു വര്‍ഷത്തേയ്ക്ക് ജോലിക്കു എടുത്തത്. വലിയ ശമ്പളവും നല്ല ഭക്ഷണവും നല്‍കാന്‍ ഒരു നിര്‍വാഹവുമില്ലെന്ന് അയാള്‍ പറഞ്ഞു. അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകണമെന്നത് ഏജന്‍സിയുമായി ഉണ്ടാക്കിയ കരാരില്‍ ഇല്ലെന്നായിരുന്നു വീട്ടുടമസ്ഥന്റെ മറുപടി.

രത്‌ന നായര്‍ ഞങ്ങളുടെ കൈയ്യില്‍ നിന്ന് പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയിരുന്നു. എന്റെ സ്‌പോണ്‍സറുടെ കാര്‍ വൃത്തിയാക്കുമ്പോള്‍ എനിക്ക് എന്റെ പാസ്‌പോര്‍ട്ട് ലഭിക്കുകയും വീട്ടുകാര്‍ പുറത്തു പോയ സമയം നോക്കി ഞാന്‍ ഒളിച്ചോടുകയായിരുന്നു. പക്ഷേ വഴിയില്‍ വച്ച് ഒരു അറബി കാര്‍ നിര്‍ത്തി എങ്ങോട്ടാണ് പോകണ്ടതെന്ന് ആരാഞ്ഞു. ലൂലുമാളിലേയ്ക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് അയാള്‍ എന്നെ കാറില്‍ കയറ്റി കൊണ്ടു പോയി പോലീസിന് ഏല്‍പ്പിച്ചു കൊടുത്തു.

എന്നെ ജയിലില്‍ അടച്ചോളു... എന്നെ അവര്‍ക്കു വിട്ടു കൊടുക്കരുതെന്നും ഞാന്‍ വാവിട്ടു നിലവിളിച്ചു. അത്തരമൊരു നിയമം ഇല്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. എന്നെ തിരിച്ച് സ്‌പോണ്‍സറിനെ ഏല്‍പ്പിച്ചു. എനിക്കു തിരിച്ചു വരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഈജിപ്ഷ്യന്‍ സ്വദേശിയുടെ റിക്രൂട്ടിങ് ഏജന്‍സിക്ക് കൈമാറി. വളരെ ക്രൂരമായി അയാള്‍ എന്നോട് പെരുമാറി. എന്റെ മുടിക്കുത്തില്‍ പിടിച്ചു എന്നെ അയാള്‍ വലിച്ചിഴച്ചു. എന്റെ ശരീരത്തിലെ ഓരോ ഭാഗവും അയാള്‍ തല്ലി ചതച്ചു. ഭിത്തിയില്‍ എന്റെ മുഖം പലപ്പോഴും ശക്തിയായി ഭിത്തിയില്‍ ഇടിപ്പിച്ചു. പ്രാണന്‍ പിടയുന്ന വേദനയിലും എനിക്കു മറ്റു വഴികള്‍ ഇല്ലെന്നും ഞാന്‍ മനസിലാക്കി.

ഒരാഴ്ചയോളം എന്നെ അവര്‍ പട്ടിണിക്കിട്ടു. അവശയായപ്പോള്‍ കട്ടന്‍ കാപ്പിയും ബണ്ണും മാത്രം നല്‍കി. ജോലിക്കു പോയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുത്തോളാന്‍ അയാള്‍ എന്നോട് ആക്രോശിച്ചു. എന്റെ കൈയ്യിലുളള ഫോണ്‍ അവര്‍ വാങ്ങി വച്ചു. രണ്ടരലക്ഷം നല്‍കുകയോ ജോലിക്കു പോകുകയോ ചെയ്യണമെന്ന് അയാള്‍ വാശി പിടിച്ചു.

ഷീലാദേവി ദുബൈയിലേയ്ക്കു കയറ്റി വിട്ട രണ്ടു പെണ്‍കുട്ടികള്‍ ഒമാനിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം രക്ഷപ്പെട്ടിരുന്നു. അവരാണ് വീട്ടില്‍ വിവരം അറിയച്ചത്. ഒമാനിലെ അല്‍ ഐനിലുളള 12 മലയാളി കുടംബങ്ങളാണ് എന്നെ സഹായിച്ചത്. ഏജന്റ് കാണാതെ അവര്‍ ഭക്ഷണം എത്തിച്ചു. വീട്ടു തടങ്കലില്‍ ആയിരുന്ന എനിക്ക് ഫോണ്‍ ചെയ്യാന്‍ അവസരം ഒരുക്കി തന്നു. മസ്്ക്കറ്റിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ക്ക് എന്നെ കൊണ്ട് ഒപ്പ് വപ്പിച്ച് നിവേദനം തയ്യാറാക്കി അയച്ചു.
ഇന്ത്യന്‍ എംബസിയിലെ അധികൃതര്‍ വന്നു അന്വേഷിച്ചപ്പോള്‍ ചന്ദ്രലേഖയെ അറിയില്ലെന്നാണ് ഏജന്റ് പറഞ്ഞത്. രണ്ടര ലക്ഷം നല്‍കാതെ തന്നെ വിട്ടു നല്‍കില്ലെന്ന് അയാള്‍ വാശി പിടിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പോലീസിലും അല്‍ ഐനിലെ ലേബര്‍ കോടതിയിലും പരാതി നല്‍കി. എംബസി ഉദ്യോഗസഥരുടെ ഇടപെടലോടെ എന്റെ കാര്യം പരുങ്ങലിലായി. പലപ്പോഴും മര്‍ദ്ദന മുറകള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലായി. പലപ്പോഴും ബോധരഹിതയായി. എംബസി ഉദ്യോഗസ്ഥര്‍ എനിക്കു വേണ്ടി സംസാരിച്ചു. ഒടുവില്‍ ഒന്നര ലക്ഷം തന്നാല്‍ വിട്ടയ്ക്കാമെന്ന് അയാള്‍ സമ്മതിച്ചു. കടം വാങ്ങിയും പിരിവെടുത്തുമാണ് ആ തുക കണ്ടെത്തിയത്. കറന്‍സി പ്രശ്‌നവും ബുദ്ധിമുട്ട് ഉണ്ടാക്കി ഒടുവില്‍ അബുദാബിയിലുളള ഒരു ബന്ധുവാണ് ഇത്രയും തുക ട്രാന്‍സ്ഫര്‍ ചെയ്ത് തന്നത്.

കഴിഞ്ഞ വെളളിയാഴ്ചയാണ് ഞാന്‍ മോചിതനായത്. തുടര്‍ന്ന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എനിക്ക് മറ്റു സഹായങ്ങള്‍ ചെയ്തു തന്നു. ഞായറാഴ്ച 4.30 ന് ഞാന്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി. ഞാനും എന്റെ കുടുംബവും അഞ്ച് മാസത്തോളം അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തിന് യാതോരു കയ്യും കണക്കുമില്ല. ഷീലാ ദേവി ഒളിവിലാണ്. അവരെ ഇതു വരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലും ആലപ്പുഴ ഡിവൈഎസ്പിക്കും ഞാന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഹൈദരാബാദില്‍ നിന്നുളള രണ്ട് പെണ്‍കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തത് എനിക്കു നേരിട്ടറിയാം. എന്റെ അടുത്ത് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ മാനസിക നില തെറ്റിയതിന് ഞാന്‍ സാക്ഷിയാണ്. അവളെ എന്തു ചെയ്‌തെന്നോ എങ്ങോട്ടേക്ക് മാറ്റിയെന്നോ ആര്‍ക്കും അറിയില്ല. തൃശൂരില്‍ കോഫി ഹൗസിലാണ് ഭര്‍ത്താവ് രമേശന് ജോലി. എവിയേഷനു പഠിക്കുന്ന മകളും എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും ഇവര്‍ക്കുണ്ട്. ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും വരരുതെന്നും കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും ചന്ദ്രലേഖ പറയുന്നു.