മനോരമയെ പിന്തുണച്ച ബെന്യാമിനെതിരെ സഭ: ഭാര്യ ഗര്‍ഭിണിയായപ്പോള്‍ കടുക്കാവെള്ളം കുടിച്ചോയെന്ന് എഡിറ്ററായ പുരോഹിതന്‍

ഭാഷാപോഷിണി വിവാദത്തില്‍ മനോരമയെ പിന്തുണച്ചു കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരന്‍ ബെന്യാമിന് കത്തോലിക്കാ സഭയുടെ മറുപടി. സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്‍മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നു കൊടുക്കുന്ന കടുക്കാ വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മനോരമയെ പിന്തുണച്ച ബെന്യാമിനെതിരെ സഭ: ഭാര്യ ഗര്‍ഭിണിയായപ്പോള്‍ കടുക്കാവെള്ളം കുടിച്ചോയെന്ന് എഡിറ്ററായ പുരോഹിതന്‍

ഭാഷാപോഷിണി വിവാദത്തില്‍ മനോരമയെ പിന്തുണച്ചു കത്തോലിക്കാസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരന്‍ ബെന്യാമിന് കത്തോലിക്കാ സഭയുടെ മറുപടി. സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ചു തെരുവിലിറങ്ങിയ അച്ചന്‍മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നു കൊടുക്കുന്ന കടുക്കാ വെളളത്തിന്റെ അളവു വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ എഡിറ്റര്‍ ഫാ: ജോസഫ് ഇലഞ്ഞിമറ്റം നല്‍കിയ മറുപടിയാണു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.


കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണെന്നു ഫാ: ജോസഫ് ബെന്യാമിന് അയച്ച കത്തില്‍ പറയുന്നു.

കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതനു താങ്കളുടെ ഒറ്റമൂലി ഉപദേശം ആവശ്യമില്ലെന്നും കത്തില്‍ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.കേരളത്തില്‍ സംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്നാണ് ക്രൈസ്തവ വിരുദ്ധതയെന്നും ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു ആവശ്യമാണെന്നു തോന്നിത്തുടങ്ങിയോയെന്നും ഫാ: ഇലഞ്ഞിമറ്റം ചോദിക്കുന്നു.മനോരമയ്ക്കു ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയര്‍ ഫോഴ്‌സിനു തീയണയ്ക്കാന്‍ പറ്റില്ലെന്ന് അറിയാവുന്നതു കൊണ്ടു ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂവെന്നും ജോസഫ് ഇലഞ്ഞിമറ്റം പറയുന്നു. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണു ക്രൈസ്തവര്‍ പ്രതികരിച്ചത്. സല്‍മാന്‍ റുഷ്ദിയെപ്പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാമെന്ന പരിഹാസവും പോസ്റ്റ് ഉയര്‍ത്തുന്നുണ്ട്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡനവീരന്‍മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്നു മനസിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോയെന്നും ഇലഞ്ഞിമറ്റം ചോദിക്കുന്നു.

ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടതെന്നും ഫാ: ഇലഞ്ഞിമറ്റം പറയുന്നു. പുരോഹിതന്‍മാര്‍ പീഡീപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി എത്ര വിശ്വാസികളാണ് തെരുവിലിറങ്ങിയതെന്ന് ആരായുമ്പോഴാണ് ഇവന്റെ കാപട്യമൊക്കെ പുറത്തു വരികയെന്നും ബെന്യാമീന്‍ കുറിച്ചിരുന്നു.
ഡിസംബര്‍ ലക്കത്തില്‍ ഭാഷാപോഷിണിയില്‍ ഉള്‍പ്പെടുത്തിയിരുന്ന സി ഗോപന്റെ നാടകത്തിനായി ടോം വട്ടക്കുഴി എന്ന ആര്‍ട്ടിസ്റ്റ് വരച്ചചിത്രമായിരുന്നു വിവാദത്തിനു ആധാരം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന അര്‍ദ്ധനഗ്‌നയായ കന്യാസ്ത്രീയും അവര്‍ക്കു ചുറ്റും ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തില്‍. ചിത്രം ക്രൈസ്തവ വികാരത്തെ മുറിപ്പെടുത്തുവെന്നു ആരോപിച്ച് വിശ്വാസികള്‍ രംഗത്തു വന്നിരുന്നു. കത്തോലിക്കാ വിശ്വാസികള്‍ മനോരമയുടെ കോപ്പികള്‍ കത്തിക്കുകയും പത്രത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ആഴ്ചപ്പതിപ്പിന്റെ തപാല്‍ വരിക്കാര്‍ക്കുള്ള കോപ്പികള്‍ മാത്രമാണു പുറത്തു വന്നിരുന്നത്. ചിത്രം ക്രൈസ്തവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന മുന്‍വിധിയോടെയാണു വിതരണം നിര്‍ത്തിവെക്കാന്‍ മനോരമ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നത്. അച്ചടിച്ച മാഗസിനിലെ ഒരു ചിത്രത്തില്‍ തെറ്റുപറ്റിയെന്നു മനോരമ സര്‍ക്കുലേഷന്‍ വിഭാഗം പ്രതികരിക്കുകയും ചെയ്തിരുന്നു.