ശമ്പള വിതരണം രണ്ടാം ദിനവും പ്രതിസന്ധിയില്‍; പറഞ്ഞ തുക ആര്‍ബിഐ തന്നില്ലെന്നു തോമസ് ഐസക്

നോട്ട് പ്രതിസന്ധി കെഎസ്ആര്‍ടിസിയേയും ബാധിച്ചു. വരുമാനത്തില്‍ 30 കോടി രൂപയുടെ നഷ്ടമാണു കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കറന്‍സി ക്ഷാമമാണു കളക്ഷനില്‍ ഇടിവുണ്ടാകാന്‍ കാരണം.

ശമ്പള വിതരണം രണ്ടാം ദിനവും പ്രതിസന്ധിയില്‍; പറഞ്ഞ തുക ആര്‍ബിഐ തന്നില്ലെന്നു തോമസ് ഐസക്

നോട്ടു നിരോധനത്തിനു ശേഷമുള്ള രണ്ടാം ശമ്പള ദിനമായ ഇന്നും ട്രഷറികളിലെ സ്ഥിതി വ്യത്യസ്തമല്ല. ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ കേരളം ഇന്നു റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത് 127 കോടി രൂപ ആയിരുന്നു. എന്നാല്‍ ഇതുവരെ ലഭിച്ചത് 57 കോടി രൂപ മാത്രമാണ്. സബ് ട്രഷറികളിൽ പലതിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ പകുതി തുക പോലും റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എത്ര തുക റിസര്‍വ് ബാങ്ക് തരുമെന്ന് അറിഞ്ഞാല്‍ മാത്രമേ പ്രതിസന്ധിയുടെ ആഴം മനസിലാകൂ എന്നും ധനമന്ത്രി പറഞ്ഞു.


അതേസമയം ബാങ്കുകള്‍ക്കു മുന്നിലും ട്രഷറികളിലും ഇന്നും നീണ്ട ക്യൂ തന്നെയാണുള്ളത്. ഇന്നലെ പണം കിട്ടാതെ മടങ്ങിയ പലരും ഇന്നു പുലര്‍ച്ചെ മുതല്‍ ട്രഷറികളില്‍ എത്തിയിട്ടുണ്ട്. നാലര ലക്ഷം പെന്‍ഷന്‍കാരുള്ളതില്‍ അന്‍പതിനായിരം പേര്‍ക്കു മാത്രമേ ഇന്നലെ പണം ലഭിച്ചിട്ടുള്ളൂ. അതും കുറഞ്ഞ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക്. 24000 രൂപ നല്‍കേണ്ട സ്ഥാനത്ത് ട്രഷറികള്‍ പരമാവധി 5000 രൂപയാണു നല്‍കിയത്. ആദ്യ ദിനം ശമ്പള വിതരണം നടത്തിയ ശേഷം 12 കോടി രൂപ മാത്രമാണു ട്രഷറിയില്‍ അവശേഷിച്ചത്.

നോട്ട് പ്രതിസന്ധി കെഎസ്ആര്‍ടിസിയേയും ബാധിച്ചു. വരുമാനത്തില്‍ 30 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കറന്‍സി ക്ഷാമമാണു കളക്ഷനില്‍ ഇടിവുണ്ടാകാന്‍ കാരണം. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണു കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Read More >>