മക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നു പരാതി; വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ കേസ്

മക്കളെ ഉപദ്രവിച്ചെന്ന പരാതിയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

മക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നു പരാതി; വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ കേസ്

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്. മക്കളെ ഉപദ്രവിച്ചെന്ന പരാതിയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

2006 ജനുവരി മുതല്‍ വടക്കാഞ്ചേരിയില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ മാതാപിതാക്കള്‍ തങ്ങളെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സംരക്ഷിക്കുന്നില്ലെന്നുമാണ് കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതര്‍ ഈ പരാതി പ്രകാരം കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു.


ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പ് ചുമത്തിയാണു കേസ്. കുട്ടികളില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പത്തു വയസുള്ള ആണ്‍കുട്ടിയെ ചട്ടുകം പഴുപ്പിച്ച് ദേഹത്തു വെച്ചതായും ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

നേരത്തെ, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഇരുവര്‍ക്കുമെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചപ്പോള്‍ മാതാപിതാക്കള്‍ മക്കളെ ഉപദ്രവിച്ചെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. മകനും ഭാര്യയ്ക്കുമൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണെന്നും അവര്‍ പറഞ്ഞിരുന്നു. കുട്ടികള്‍ ഇപ്പോഴും മുത്തച്ഛന്റേയും മുത്തശ്ശിയുടേയും സംരക്ഷണയിലാണ്.

Read More >>