ഈ അപമാനം ആല്‍ബര്‍ട്ടിന് സ്തനാര്‍ബുദത്തെക്കാള്‍ കഠിനം!

ലോസ് ആഞ്ചൽസിലെ വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനമാണ് അൽബർട്ട് കുറിച്ചത്. ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് ഈ പ്രയാസം ആല്‍ബര്‍ട്ടിന് നേരിട്ടത്.

ഈ അപമാനം ആല്‍ബര്‍ട്ടിന് സ്തനാര്‍ബുദത്തെക്കാള്‍ കഠിനം!

ഡെന്നീസ് ആൽബർട്ട് എന്ന 42 കാരിയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത് 2015-ൽ ആയിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞതിന് 3 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. കൗമാരക്കാരായ രണ്ടു മക്കളും ആല്‍ബര്‍ട്ടിന്റെ സംരക്ഷണത്തിലുമായി. അങ്ങനെയിരിക്കെയാണ് ക്യാൻസർ ഈ സ്ത്രീയെ പിടികൂടുന്നത്.

സിംഗിൽ പേരന്റിംഗും, രോഗാവസ്ഥയെ അതിജീവിക്കുന്നതുമെല്ലാം ഇവർ സോഷ്യൽ മീഡിയലൂടെ പങ്കു വയ്ക്കുകയും ചെയ്യുക പതിവാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച തനിക്കുണ്ടായ ഒരു തിക്താനുഭവത്തെ അൽബർട്ട് സോഷ്യൽ മീഡിയയിലൂടെ വിവരിക്കുന്നു.


ലോസ് ആഞ്ചൽസിലെ വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനമാണ് അൽബർട്ട് കുറിച്ചത്. ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് ഈ പ്രയാസം ആല്‍ബര്‍ട്ടിന് നേരിട്ടത്.

ചികിത്സയില്‍ കഴിയുന്ന സ്ത്രീയെന്നു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്മാരെ ഞാന്‍ നേരത്തെ അറിയിച്ചിരുന്നു...

സ്തനാർബുദ ചികിൽസയിലായതിനാൽ അൽബർട്ടിന്റെ ഹാൻഡ് ബാഗിൽ ഒരു വലിയ ട്യൂബ് ക്രീം സൂക്ഷിച്ചിരുന്നു. ഇതിനോടൊപ്പം ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷനുമുണ്ടായിരുന്നു. കൂടാതെ ആൽബർട്ടിന്റെ മാറിൽ ഒരു മെറ്റൽ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ട്, ചികിത്സാർഥം രക്തധമനികളിലേക്ക് മരുന്നുകൾ നേരിട്ട് കുത്തിവയ്ക്കുന്നതിനാണ് ഇത്.

കീമോതെറാപ്പി യുടെ ഫലമായി തലമുടി മുഴുവൻ കൊഴിഞ്ഞു പോയതിനാൽ വിഗ്ഗാണ് ഇവർ ഉപയോഗിക്കുന്നത്. കഴിഞ്ഞില്ല, കാൽപാദങ്ങളിൽ കഠിനമായ ഫംഗസ് ബാധയുള്ളതിനാൽ ഷൂസിടാതെ കാല് നിലത്തു ചവിട്ടാനും കഴിയില്ല. ഇക്കാര്യങ്ങൾ എല്ലാം തന്നെ ആൽബർട്ട് എയർപ്പോർട്ട് അധികൃതരെ അറിയിച്ചിരുന്നു. മെറ്റൽ ഡിറ്റക്ടറിൽ കൂടി കടന്നു പോകുമ്പോഴുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുവാനായിരുന്നു ഇത്.

ദുരന്തപർവ്വം...

എയർപ്പോർട്ട് സ്കാനറിൽ കൂടി കടന്നു വന്ന ആൽബർട്ടിനോട് ഇനി ഒരു അഡീഷണൽ പരിശോധന കൂടി ആവശ്യമുണ്ടെന്നറിയിച്ചു എയർപ്പോർട്ട് ജീവനക്കാർ മാറ്റി നിർത്തുകയായിരുന്നു. വിഗ്ഗാണ് എന്നു പറഞ്ഞ തലമുടി അവർ തിരിച്ചും മറിച്ചിട്ടുമിട്ട് പരിശോധിച്ചു. ഷൂസ് ഊരാൻ അവർ ആൽബർട്ടിനോട് ആവശ്യപ്പെട്ടു. ഷൂസില്ലാതെ കാല് നിലത്ത് ചവിട്ടാൻ സാധിക്കില്ല എന്നറിയിച്ചപ്പോൾ അവർ ഒരു ഇരിപ്പിടം ചൂണ്ടിക്കാട്ടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ ആൽബർട്ടിന്റെ ഷൂസ് അഴിപ്പിച്ചു. പിന്നീട് ദേഹമെല്ലാം തടവിയുള്ള പരിശോധനയായിരുന്നു, അതും പരസ്യമായ ഒരിടത്ത് വച്ച്!

തന്റെ മാറിടത്തിലേക്ക് ആ വനിതാ ഉദ്യോഗസ്ഥയുടെ കൈയെത്തിയപ്പോൾ ആൽബർട്ട് അത് തടഞ്ഞു."നിങ്ങൾക്കെന്നെ ഇവിടെ സ്പർശിക്കാൻ കഴിയില്ല..."
എന്ന് ആല്‍ബര്‍ട്ട് അല്പം മുഷിച്ചിലോടെ തീർത്തു പറഞ്ഞു. തന്‍റെ രോഗവിവരങ്ങള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും താന്‍ അറിയിച്ചിട്ടുണ്ടായിരുന്നു എന്നും, തന്‍റെ പക്കല്‍ ചികിത്സാറിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ആല്‍ബര്‍ട്ട് അറിയിച്ചു.


എന്നാല്‍ ഇതെല്ലാം സുരക്ഷാപരിശോധനയുടെ ഭാഗമാണ് എന്ന് അറിയിച്ചു എയര്‍പോര്‍ട്ട് ജീവനക്കാര്‍ വീണ്ടും ആല്‍ബര്‍ട്ടിനെ പരിശോധിക്കുവാന്‍ മുതിര്‍ന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനു കാരണമായി. തുടര്‍ന്ന് സീനിയറായ ഉദ്യോഗസ്ഥരെത്തി ആല്‍ബര്‍ട്ടിനെ അവിടെനിന്നും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവരുടെ സൗമ്യപൂര്‍ണ്ണമായ പെരുമാറ്റം തന്നെ അപ്പോള്‍ ആല്‍ബര്‍ട്ടിനു വളരെ ആശ്വാസം നല്‍കി.

താന്‍ ജീവിതത്തില്‍ ഒരിക്കലും ഇത്രയധികം അപമാനിക്കപ്പെട്ടിട്ടില്ലായെന്നു ആല്‍ബര്‍ട്ട് പറയുന്നു. ഇവരോടോപ്പമുള്ള സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയ വീഡിയോയും ആല്‍ബര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തനിക്കുണ്ടായ തിക്താനുഭവത്തിന് എയര്‍പോര്‍ട്ട് അധികൃതരോട് ആല്‍ബര്‍ട്ട് പരാതിപ്പെട്ടിട്ടുണ്ട്.