കമലിന്റെ വീട്ടുവഴിയില്‍ ദേശീയഗാനം പാടി ബിജെപിയുടെ പ്രതിഷേധം; പ്രതിഷേധക്കാര്‍ ദേശീയതയെ അപമാനിച്ചെന്ന് കമല്‍

ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിലാണ് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായ സമീപനമെന്ന് വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. നിയമവിരുദ്ധമായ നടപടിയ്ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരേയും ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരുടേയും പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ റവല്യൂഷനറി യൂത്ത് രംഗത്തെത്തി.

കമലിന്റെ വീട്ടുവഴിയില്‍ ദേശീയഗാനം പാടി ബിജെപിയുടെ പ്രതിഷേധം; പ്രതിഷേധക്കാര്‍ ദേശീയതയെ അപമാനിച്ചെന്ന് കമല്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷനായ സംവിധാകൻ കമലിന്റെ വീട്ടുവഴിയില്‍ ദേശീയഗാനം പാടി ബിജെപിയുടെ പ്രതിഷേധം. കമലിന്റെ കൊടുങ്ങല്ലൂരിലെ വസതിയിലേക്കുള്ള വഴിയിലാണ്‌ ദേശീയഗാനം ആലപിച്ച് ബിജെപിയും യുവമോർച്ചയും പ്രതിഷേധിച്ചത്.  ദേശീയഗാനത്തെ അനാദരിക്കാൻ കൂട്ടുനിന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വീട്ടിലേക്കു നടത്തിയ മാർച്ച് പോലീസ്‌ തടഞ്ഞതിനെ തുടർന്നായിരുന്നു വഴിയിലെ പ്രതിഷേധം.

ചലച്ചിത്രമേളയില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. ദേശീയഗാനത്തെ അവഹേളിക്കുന്നവര്‍ക്ക് കമല്‍ കൂട്ടുനിന്നെന്നാണ് ആരോപണം. കമാലുദ്ദീന്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്ന്  പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ  പ്രസിഡന്റ് എ നാഗേഷ് ആവശ്യപ്പെട്ടു.


പ്രതിഷേധത്തിനായി ദേശീയഗാനം ആലപിച്ചവരാണ് ദേശീയതയെ അപമാനിച്ചതെന്നായിരുന്നു കമലിന്റെ പ്രതികരണം. ഇത് സര്‍ക്കാരും സുപ്രീംകോടതിയും പരിശോധിക്കണം. ദേശസ്‌നേഹം അവരുടെ കുത്തകയാണെന്ന് കരുതരുത്. എല്ലാവർക്കും  അവകാശപ്പെട്ടതാണെന്നും ആരും നെറ്റിയിലൊട്ടിച്ച് നടക്കേണ്ട കാര്യമല്ലെന്നും കമൽ പറഞ്ഞു.

ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിലാണ് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്ന വിമർശനവും ഉയരുന്നുണ്ട്. നിയമവിരുദ്ധമായ രീതിയിൽ നിലത്തിരുന്നുകൊണ്ടും പാലിക്കപ്പെടേണ്ട നിയമപരമായ മര്യദകൾക്ക് വിരുദ്ധമായിട്ടാണ് ദേശീയഗാനം ആലപിച്ചതെന്നും ആരോപിച്ച് റവല്യൂഷനറി യൂത്ത് രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ നടപടിയ്ക്ക് നേതൃത്വം നൽകിയവരുടേയും ദേശീയഗാനത്തോട് അനാദരവ് കാട്ടിയവരുടേയും പേരിൽ കേസെടുത്ത്  നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവല്യൂഷനറി യൂത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ എ സഫീർ ഇരിങ്ങാലക്കുട എഎസ്പി മെറിൻ ജോസഫിന് പരാതി നൽകി.

Read More >>