കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മല്‍സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി ബിഷപ്പ്

ക്രിസ്തുമസ്സിന് മുന്നോടിയായി പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലാണ് വിശ്വാസികളോടുള്ള ബിഷപ്പിന്റെ ആഹ്വാനം. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.

കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മല്‍സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി ബിഷപ്പ്

തൊടുപുഴ: കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ക്രിസ്തുമസ്സിന് മുന്നോടിയായി പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലാണ് വിശ്വാസികളോടുള്ള ബിഷപ്പിന്റെ ആഹ്വാനം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു.

കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ പതിന്മടങ്ങ് ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്ന ഇവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു.


സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികള്‍ വേണ്ടെന്ന് വെക്കാന്‍ പലരും തീരുമാനിക്കുന്നതിന്റെ കാരണമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരേയും വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്ന ബൈബിള്‍വാചകം പറഞ്ഞുകൊണ്ടാണ് ഇടയലേഖനം അവസാനിക്കുന്നത്.

മിശ്രവിവാഹത്തിനെതിരായ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന മുമ്പ് വിവാദമായിരുന്നു.  ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിനും എസ്എന്‍ഡിപിയുടെ നിഗൂഢ അജണ്ടയ്ക്കും അടിപ്പെട്ട് ഇറങ്ങിപ്പോകുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരമാർശം.

Read More >>