ബെന്നിയെ കൊന്നതു മാവോയിസ്റ്റുകളെന്നു ചെന്നിത്തല; തണ്ടർബോൾട്ടിനെയും സംശയിക്കാമെന്നു ഭാര്യ

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഭവാനി പുഴയിൽ മീൻ പിടക്കാൻ പോയ ബെന്നി വെടിയേറ്റു മരിച്ചത്. മാവോയിസ്റ്റുകളാണ് ബെന്നിയെ കൊലപ്പെടുത്തിയത് എന്നായിരുന്ന ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയുടെ ഭാഷ്യം. എന്നാൽ ഈ വാദം പൂർണമായും ഉൾക്കൊള്ളാൻ ബെന്നിയുടെ ഭാര്യ സുനി തയ്യാറല്ല. തണ്ടർബോൾട്ടിന്റെ വെടിയേറ്റാകാം ബെന്നി കൊല്ലപ്പെട്ടതെന്നാണ് സുനിയുടെ വിശ്വാസം.

ബെന്നിയെ കൊന്നതു മാവോയിസ്റ്റുകളെന്നു ചെന്നിത്തല; തണ്ടർബോൾട്ടിനെയും സംശയിക്കാമെന്നു ഭാര്യ

പാലക്കാട്: അട്ടപ്പാടിയില്‍ വച്ചു ബെന്നി വെടിയേറ്റു മരിച്ചതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന പോലീസ് ഭാഷ്യം പൂർണ്ണമായി വിശ്വസിക്കാനാകില്ലെന്ന് ബെന്നിയുടെ ഭാര്യ സുനി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പന്ത്രണ്ടിനു രാത്രിയാണ്, ഭവാനി പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ബെന്നിയെന്ന യുവാവു വെടിയേറ്റു മരിച്ചത്.

ബെന്നിയെ വെടിവച്ചു കൊന്നതു മാവോയിസ്റ്റുകളാണെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. പിന്നീട് പോലീസും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പോലീസിന്റേതു നുണക്കഥയാണെന്നും ബെന്നിയെ മാവോയിസ്റ്റുകള്‍ വെടിവച്ചു കൊന്നതാണെന്ന് കരുതുന്നില്ലെന്നും, ഒരു പക്ഷേ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റാകാം ബെന്നി മരിച്ചതെന്നും ഭാര്യ സുനി നാരദാ ന്യൂസിനോട് പറഞ്ഞു.


[caption id="attachment_64322" align="alignleft" width="388"]suni ബെന്നിയുടെ ഭാര്യ സുനി[/caption]

അട്ടപ്പാടിയില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാന്‍ വെടിയേറ്റു മരിച്ച ബെന്നിയുടെ ഭാര്യ സുനിയും എത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നതായി കാണിച്ചു പരാതി നല്‍കാനാണ് അവര്‍ എത്തിയത്. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ എന്തിനു വെടിവച്ചു കൊന്നുവെന്നു ചോദിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ച ബെന്നിയുടെ ഭാര്യയെ കൂടി കാണൂ എന്നു പറഞ്ഞു രമേശ് ചെന്നിത്തലയാണ് അവരെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു പരിചയപ്പെടുത്തിയത്. തുടർന്നാണ് നാരദാ ന്യൂസ് ലേഖകൻ അവരെ കണ്ടുസംസാരിച്ചതും മുൻ ആഭ്യന്തര മന്ത്രിയുടേതിനു വിരുദ്ധമായ തന്റെ ധാരണ അവർ പങ്കുവച്ചതും.
അദ്ദേഹം പറഞ്ഞത് പോലീസിന്റെ ന്യായീകരണമാണ്. അവര്‍ക്ക് അങ്ങനെയേ പറയാന്‍ പറ്റൂ. എന്നാല്‍ ബെന്നിയെ വെടിവച്ചു കൊന്നതു മാവോയിസ്റ്റുകളാണെന്നു പറയാന്‍ കഴിയില്ല. മാവോയിസ്റ്റുകള്‍ അങ്ങിനെ ചെയ്യുമെന്നു കരുതുന്നില്ല. സംഭവം നടന്നിട്ടു രണ്ടു വര്‍ഷം ആവാറായി. മാവോയിസ്റ്റുകളാണ് അദ്ദേഹത്തെ കൊന്നതെങ്കില്‍ അവരിൽ ആരാണിതു ചെയ്തതെന്നോ, എന്തിനാണ് ഇതു ചെയ്തതെന്നോ ഇതുവരെ ഒരു സൂചന പോലും നല്‍കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റാവാം അദ്ദേഹം മരിച്ചത്. മാവോയിസ്റ്റുകള്‍ ചെയ്‌തെന്നു പൊലീസ് പറയുന്നു. പക്ഷെ തണ്ടര്‍ബോള്‍ട്ടിനേയും സംശയിക്കുന്ന സാഹചര്യങ്ങളാണ് ഉള്ളത്. ആരെ വേണമെങ്കിലും സംശയിക്കാം

ബെന്നിയുടെ ഭാര്യ പറഞ്ഞു.

ബെന്നി വെടിയേറ്റു മരിച്ചതിനു ശേഷമുള്ള കാര്യങ്ങളും അവര്‍ നാരദാ ന്യൂസിനോടു പങ്കു വച്ചു.
2015 ഫെബ്രുവരി 12 നു രാത്രിയാണ്, ബെന്നി വെടിയേറ്റു മരിക്കുന്നത്. ഞാന്‍ അന്നു കാഞ്ഞിരപ്പുഴയിലുള്ള എന്റെ വീട്ടിലായിരുന്നു. ബെന്നി മുക്കാലിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലും. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ബെന്നിക്കു മീന്‍പിടുത്തം ഹോബിയാണ്. മരിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പു ബെന്നി എന്നെ വിളിച്ചിരുന്നു. മീന്‍ പിടിക്കാന്‍ പോകുകയാണ്, മുക്കാലി ചിണ്ടക്കിയില്‍ നിന്നും നാലു കിലോമീറ്റര്‍ വനത്തിനുള്ളില്‍ കുമ്പളമല - നായ്ക്കുണ്ട് ഭാഗത്താണ് എന്നാണു പറഞ്ഞത്. കൂടെ ഷെല്ലിയെന്ന സുഹൃത്തും ഉണ്ടായിരുന്നു.

ഷെല്ലിയെ മരിക്കുന്നതിനു രണ്ടു മാസം മുമ്പാണ് അദ്ദേഹം പരിചയപ്പെടുന്നത്. ഇടുക്കി സ്വദേശിയായ ഷെല്ലി അട്ടപ്പാടിയില്‍ ഒരു ബന്ധുവിന്റെ ഹോട്ടലില്‍ ജോലിക്കു വന്നതായിരുന്നു. ഷെല്ലി അപ്പുറത്തു മാറി വല വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. റെയ്ഞ്ച് ഇല്ലാത്തതിനാൽ ദൂരെ മാറി നിന്നാണു ഫോണില്‍ സംസാരിച്ചിരുന്നത്. ഈ സമയത്ത് ഒരു ടോര്‍ച്ചിന്റെ വെളിച്ചം കണ്ട് അതെന്താന്നു നോക്കാന്‍ ഷെല്ലി അങ്ങോട്ടു പോയത്രേ... പിന്നാലെ ശബ്ദം കേട്ടു ഷെല്ലി വന്നു നോക്കുമ്പോള്‍ അദ്ദേഹം വെള്ളം കൊടുക്കാൻ ആവശ്യപ്പെട്ടതായാണ് ഷെല്ലി പറയുന്നത്.

എന്താ പറ്റിയതെന്ന് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ല. വലതു കാലില്‍ തുടയ്ക്കാണു വെടിയേറ്റിരുന്നത്. വെടി പ്രധാന ഞരമ്പില്‍ കൊണ്ടു രക്തം വാര്‍ന്നാണു മരിച്ചത്. വനത്തിനുള്ളില്‍ നാലു കിലോമീറ്ററോളം ഉള്ളില്‍നിന്നു പുഴയും പാറക്കെട്ടുകളും കാടും നിറഞ്ഞ ഭാഗത്തു കൂടി ഒറ്റയ്ക്ക് അദ്ദേഹത്തെ എടുത്തു കൊണ്ടു വരാന്‍ കഴിയാത്തതു കൊണ്ട് ആളെ വിളിക്കാന്‍ ഷെല്ലി വനത്തിനു പുറത്തേക്ക് പോയി. രാത്രി പത്തരയ്ക്ക് വെടിയേറ്റെന്നാണു പറഞ്ഞത്. ആളുകളെ വിളിച്ചു കൊണ്ടു വരുമ്പോഴേക്കും ഒന്നര മണിക്കൂറെങ്കിലും ആയിക്കാണും. പിന്നീട് തിരിച്ചെത്തി വെള്ളം കൊടുത്തു കൊണ്ടു പോകുമ്പോഴാണു മരിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്നോട് പറഞ്ഞിട്ടില്ല.

ഇപ്പോള്‍ രണ്ടു വര്‍ഷമാകാറായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ രാസപരിശോധനാ ഫലങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ആയുധം കണ്ടെത്തിയിട്ടില്ല. രണ്ടു മാസം മുമ്പ് ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴും പോലീസ് പറഞ്ഞത് അന്വേഷിക്കുന്നു എന്നു മാത്രമാണ്. മാവോയിസ്റ്റുകളാകാം വെടിവച്ചതെന്ന സാധ്യതയ്ക്കപ്പുറം പോലീസിന് ഒന്നും ഇതില്‍ അറിയില്ലെന്നാണു പറയുന്നത്.

ഈ വര്‍ഷം ജൂലായില്‍ അഞ്ചു ലക്ഷം രൂപ സര്‍ക്കാറില്‍ നിന്നു സമാശ്വാസമായി കിട്ടിയിരുന്നു. അതിനപ്പുറം കേസ് സംബന്ധമായി ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അന്വേഷണം തൃപ്തികരമല്ലാത്തതു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വരുന്ന പത്തു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുനി പറഞ്ഞു.

Read More >>