ആണ്‍കുട്ടി ഉണ്ടാകാന്‍ 'ടിപ്‌സ്‌' കൊടുത്ത മംഗളം ലേഖനത്തെ പരിഹസിച്ച് ബിബിസി വാര്‍ത്ത

ആണ്‍കുട്ടി ഉണ്ടാകാനുള്ള ആറ് 'മാര്‍ഗങ്ങള്‍' ഉള്‍പ്പെടുത്തി മംഗളം നല്‍കിയ ലേഖനത്തെയാണ് ബിബിസി പരിഹസിച്ചിരിക്കുന്നത്.

ആണ്‍കുട്ടി ഉണ്ടാകാന്‍

ആരോഗ്യം, ലൈംഗികത എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ മലയാളികളില്‍ പലരും വെള്ളംതൊടാതെ വിഴുങ്ങുകയാണ് പതിവ്. ഇത് മുതലെടുത്ത് പല മാധ്യമങ്ങളും ഇത്തരത്തിലുള്ള നിരവധി ലേഖനങ്ങളാണ് കൊടുക്കുന്നത്. എന്നാല്‍ ഇത്തരം ലേഖനങ്ങളില്‍ നല്‍കുന്ന വിവരങ്ങളില്‍ പലതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിന് 'സഹായിക്കുന്ന ടിപ്‌സ്' ഉപദേശിക്കുന്ന മംഗളത്തില്‍ വന്ന ഇത്തരത്തിലുള്ള ഒരു ലേഖനത്തെ പരിഹസിച്ച് ബിബിസി വാര്‍ത്ത നല്‍കി.


ബിബിസിയില്‍ വന്ന വാര്‍ത്തയിലെ പ്രസക്ത ഭാഗങ്ങള്‍
പുരുഷന്റെ ശുക്ലത്തിലെ ക്രോമസോമുകളാണ് കുട്ടിയുടെ ലിംഗം നിര്‍ണയിക്കുന്നത്. എന്നാല്‍ മംഗളം എന്ന ദക്ഷിണേന്ത്യയിലെ പത്രം ആണ്‍കുട്ടികളുണ്ടാകാന്‍ ആറ് ടിപ്പുകള്‍ നല്‍കിയിരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് പൊതുവില്‍ ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതാണ് താല്‍പര്യം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ അസംബന്ധമാണെന്ന് ലണ്ടനിലെ ദി പോര്‍ട്‌ലാന്‍ഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷാസിയ പറയുന്നു. ലൈംഗിക ബന്ധത്തിന്റെ സമയത്തോ ഭ്രൂണം രൂപം കൊള്ളുമ്പോഴോ ഒരു തരത്തിലും കുട്ടികളുടെ ലിംഗം നിര്‍ണയിക്കാന്‍ സാധ്യമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
ആണ്‍കുട്ടി ഉണ്ടാകുന്നതിന് സ്ത്രീകളോട് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നും ആഴ്ചയില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം ലൈംഗിക ബന്ധം നടത്താനാണ് മംഗളത്തിന്റെ ആരോഗ്യം വിഭാഗത്തില്‍ വന്ന ലേഖനം പറയുന്നത്. പുരുഷന്റെ ശുക്ലം 'ശക്തമായ' ദിവസങ്ങളിലാണത്രേ ലൈംഗികബന്ധം നടത്തേണ്ടത്. ചില പ്രത്യേക ഭക്ഷണം കഴിച്ചാല്‍ പുരുഷന്‍മാര്‍ക്ക് ശുക്ലത്തിന് ശക്തി വര്‍ധിപ്പിക്കാമെന്നും ലേഖനം പറയുന്നു. എന്നാല്‍ ശുക്ലത്തിന്റെ ശക്തി ആണ്‍കുട്ടി ഉണ്ടാകുന്നതിന് കാരണമാകുന്നില്ല. മറിച്ച് ശുക്ലത്തിലുള്ളത് വൈ ക്രോമസോമാണെങ്കില്‍ ആണ്‍കുട്ടി ഉണ്ടാവുകയാണ് ചെയ്യുന്നത്. ദി ലേഡീസ് ഫിംഗര്‍ എന്ന ഫെമിനിസ്റ്റ് മാസിക മംഗളത്തില്‍ വന്ന ലേഖനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Read More >>