ഷെല്ലിയുടെ വരികള്‍ കൊച്ചിയിലെ പേരാലിനെ രക്ഷിച്ചു: എന്നിട്ടു പേരാലിനോട് പറഞ്ഞു, കൂടപ്പിറപ്പേ... നീ എന്റെ ക്രിസ്തുമസ് ട്രീ

ഇതു ഷെല്ലിയെന്ന യുവാവ്, കൊച്ചി പനമ്പിളളി നഗറിലെ വഴിയരികില്‍ ജീവനോടെ കത്തിച്ച ഒരു പേരാലിനെ രക്ഷിച്ച കഥയാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ ഷെല്ലിയുടെ ഇടപെടല്‍ മണ്ണിലിറങ്ങിയപ്പോള്‍ കൂടെക്കൂടാന്‍ വൃക്ഷസ്നേഹികളുമെത്തി - ഒരു മരത്തെ രക്ഷിക്കുകയായിരുന്നു അവരെല്ലാം ചേര്‍ന്ന്. പണ്ടു ഷെല്ലി കുട്ടിയായിരിക്കെ ഈ പേരാലുമായൊരു കൂട്ടിന്റെ ഓര്‍മ്മ കൂടിയുണ്ട്, കൂടപ്പിറപ്പിനെ പോലെ പേരാലിനെ രക്ഷിച്ചതിനു പിന്നില്‍...

ഷെല്ലിയുടെ വരികള്‍ കൊച്ചിയിലെ പേരാലിനെ രക്ഷിച്ചു: എന്നിട്ടു പേരാലിനോട് പറഞ്ഞു, കൂടപ്പിറപ്പേ... നീ എന്റെ ക്രിസ്തുമസ് ട്രീ

'ഒരു മരം തനിയെ വളര്‍ന്ന് ഒരു നാടിനു തണലാവുകയാണ്, മനുഷ്യനോ? അതിന്റെ കീഴില്‍ ചിതയൊരുക്കുന്നു'

ഷെല്ലിയുടെ ക്രിസ്തുമസ് പേരാലിന്റെ ചുവട്ടിലായിരുന്നു. മറ്റുള്ളവര്‍ ക്രിസ്തുമസ് ട്രീ ഉണ്ടാക്കുവാന്‍ മരം വെട്ടിയെടുക്കുമ്പോള്‍ പകുതി കത്തി മൃതപ്രായമായിരുന്ന പേരാലിനെ ഷെല്ലി ക്രിസ്തുമസ് ട്രീയാക്കി. ഷെല്ലിയുടെ ഒരൊറ്റ ഫെയ്സ്ബുക്ക് പോസ്റ്റാണ് കടവന്ത്ര- പനമ്പിള്ളി നഗര്‍ കനാല്‍ റോഡില്‍ 30 വര്‍ഷത്തിലേറേ പ്രായമുള്ള പേരാലിനു പുതുജീവന്‍ നല്‍കിയത്. ഈ മരത്തിന്റെ ചുവട്ടില്‍ ആറുമാസത്തിലേറേയായി ചവറു കൂട്ടിയിട്ടു കത്തിക്കാന്‍ തുടങ്ങിയിട്ട്. കത്തിച്ചു കത്തിച്ചു മരത്തിന്റെ കനമുള്ള ഒരു വേര് അടര്‍ന്നു തൂങ്ങിയ നിലയിലാണ്.

നിങ്ങള്‍ എനിക്കൊന്നും തരേണ്ട... നിങ്ങള്‍ക്ക് എന്റെ കഴിവിന്റെ പരമാവധി തണലും തണുപ്പും തന്ന്, എങ്ങനെയെങ്കിലും ഞാന്‍ ജീവിച്ചോളാം... ഇഞ്ചിഞ്ചായി എന്നെ കൊല്ലരുതേ എന്ന ഷെല്ലിയുടെ വരികള്‍ക്ക് നൂറുകണക്കിനാളുകളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്നോട്ടു വന്നത്. എല്ലാവര്‍ക്കും തണല്‍ വിരിയ്ക്കുകയല്ലാതെ എന്തു തെറ്റാണ് ഈ മരം ചെയ്തതെന്നു ഷെല്ലി ചോദിക്കുന്നു. അടുത്തുള്ള പാസ്പോര്‍ട്ട് ഓഫീസിന്റെ ഒഴിഞ്ഞ പറമ്പിലേക്കു വരെ കനാലിനെ മുറിച്ചു കടന്നു വേരുകളിറക്കി പടര്‍ന്നു നില്‍ക്കുകയാണ് ഈ വൃക്ഷം.

കൊച്ചി മെട്രോയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന പനമ്പിള്ളി ഗിരിനഗര്‍ സ്വദേശി ഷെല്ലി ജോര്‍ജ്ജിന് മധുരമായ ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട് ഈ പേരാല്‍. തനിക്ക് അഞ്ചു വയസുള്ളപ്പോള്‍ ചേച്ചിയുമായി വന്ന് ഈ പേരാലില്‍ നിന്ന് ഇല പറിച്ച് ഇരുമ്പാണി എഴുത്താണിയാക്കി ഇല താളിയോലയാക്കി എഴുതിയിരുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ ആവേശപൂര്‍വ്വമാണ് ഷെല്ലി ഓര്‍ത്തെടുക്കുന്നത്.ആ മരത്തെ രക്ഷിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാന്‍ സന്തോഷമേയുള്ളുവെന്നും ഷെല്ലി ജോര്‍ജ് പറയുന്നു. കനാല്‍ റോഡില്‍ പടര്‍ന്നു പന്തലിച്ചാണ് ഈ പേരാലിന്റെ നില്‍പ്പ്. എറണാകുളത്ത് ഇത്ര വേരിറങ്ങിയ ഒരു പേരാല്‍ വേറെ കണ്ടിട്ടില്ല . അതിനു കീഴില്‍ തീയിട്ടു നശിപ്പിക്കുന്നത് ആരായാലും കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും ഷെല്ലി പറയുന്നു.

റോഡ് അടിച്ചു വാരുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികളാണ് ഇതിന്റെ ചുവട്ടില്‍ തീയിടുന്നത്. സമീപവാസികള്‍ പലതവണ എതിര്‍ത്തു നോക്കിയെങ്കിലും ഫലം കണ്ടില്ല. അതോടെ അടുപ്പുകല്ലു കൂട്ടിയപോലെ വേരിന്റെ ഉള്ളിലേക്ക് ചവറിനെ തള്ളിയിട്ടു കത്തിക്കലായെന്നു ഷെല്ലി നാരദാ ന്യൂസിനോട് പറഞ്ഞു.ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ ഭീകരമാണ് അവസ്ഥ. കരിഞ്ഞുണങ്ങി നില്‍ക്കുകയാണ് പേരാല്‍. ഷെല്ലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് സ്വാമി സംവിദാനന്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വെയിന്‍ എന്ന സംഘടന ഷെല്ലിയുടെ സഹായത്തിനെത്തുന്നത്. മരം നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഷെല്ലിയുടെയും സുഹൃത്തുക്കളുടെയും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. മരത്തിനു ചുറ്റും സംരക്ഷണത്തിന്റെ കോട്ട കെട്ടി ചുറ്റും തീയിടുന്നവരെ കാത്ത് ഷെല്ലിയും കൂട്ടരും മരത്തിനു കാവലിരുന്നു.

ഗ്രീന്‍വെയിന്‍ കോര്‍ഡിനേറ്റര്‍ ചിത്തിര കുസുമനും സുഹൃത്തുക്കളായ സിജോയ്ക്കും അര്‍ജുനനും ഒപ്പം ഷെല്ലി ക്രിസ്തുമസ് പേരാലിനൊപ്പം ആഘോഷിച്ചു.

ഓരോ ആഴ്ചയും ഷെല്ലിയും കൂട്ടുകാരും പോയി മരം നോക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. പേരാല്‍ സമീപത്തുള്ള വീടുകള്‍ തകര്‍ക്കുമെന്ന ഭയമുള്ളതു കൊണ്ട് സമീപവാസികള്‍ മനഃപൂര്‍വ്വം നശിപ്പിക്കുന്നതാണെന്നാണ് ആദ്യം വിചാരിച്ചിരുന്നതെന്നു ഷെല്ലി പറയുന്നു. ഇനിയും കോര്‍പ്പറേഷന്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ജീവനക്കാരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ കേസിനു പോകാനും ഗ്രീന്‍വെയിനു പരിപാടിയുണ്ട്.

പലതവണ മരത്തിനു ചുറ്റുമുള്ള തീ വെളളം ഒഴിച്ചു കെടുത്തിയിട്ടുണ്ടെന്നു സമീപവാസിയായ രാമചന്ദ്രന്‍ നാരദാന്യൂസിനോടു പറഞ്ഞു. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചെന്നപ്പോള്‍ ആരോ ചവറു കത്തിച്ചപ്പോള്‍ ആളിപ്പടര്‍ന്ന തീ കെടുത്താനായി അടുത്തുള്ള വീട്ടുകാര്‍ ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചതായി പറഞ്ഞുവെന്നും ചിത്തിര പറയുന്നു.

ഈ മരം സംരക്ഷിക്കാന്‍ പനമ്പിള്ളി നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ തന്നെ മുന്‍കൈ എടുക്കേണ്ടതാണ്. മരത്തിന്റെ ചുവട്ടില്‍ തീ കത്തിക്കുന്നതിനു കാരണം വിവരമില്ലായ്മ തന്നെയാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കു വേണ്ടത് ബോധവത്ക്കരണവും മുന്നറിയിപ്പുമാണെന്നും ഷെല്ലി പറയുന്നു. തീ വയ്ക്കുന്നതു മരത്തിന്റെ ചുവട്ടില്‍ അല്ല പ്രകൃതിയുടെ നെഞ്ചത്താണെന്ന ബോധവത്കരണം.ദേശീയപാതയോരത്തു സര്‍ക്കാര്‍ ചെലവില്‍ നട്ടു വളര്‍ത്തുന്ന മരങ്ങളില്‍ ഒന്നാണ് ഈ പേരാല്‍. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണു സര്‍ക്കാര്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നത്. അതു സംരക്ഷിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറത്തു വിടുന്ന വൃക്ഷങ്ങളില്‍ ഒന്നാണ് പേരാല്‍. വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള സവിശേഷമായ കഴിവുണ്ട്. ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി ഈ വൃക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നു. ആല്‍മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. ജലദൗര്‍ലഭ്യം ഇല്ലാതിരിക്കാന്‍ ജലാശയത്തിന്റെ സമീപത്തു പേരാല്‍ നടണമെന്നാണു ശാസ്ത്രം. വായുമലീനീകരണത്തെ തടഞ്ഞു നിര്‍ത്താന്‍ ഏറ്റവും കഴിവുളള മരമാണ് പേരാലെന്ന് അഹമ്മദാബാദില്‍ നടന്ന ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നു ഷെല്ലി പറയുന്നു. കൊച്ചി പോലുള്ള നഗരത്തില്‍ ഇതു പോലെയുള്ള പേരാല്‍ അനുഗ്രഹമാണ്. അറിവില്ലായ്മയുടെ പേരിലുള്ള ഇത്തരം നടപടികളെ ഒരു തരത്തിലും വച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്നും ഷെല്ലി പറയുന്നു.

ഷെല്ലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒരു അനുഗ്രഹമായി മാറുന്നു. പേരാലിനെ അടുത്തറിയാനും സംരക്ഷിക്കാനും ആളുകള്‍ എത്തിത്തുടങ്ങി. ഒടിഞ്ഞു തൂങ്ങിയ വേരുകളില്‍ തലോടി ഷെല്ലിയ്ക്കും ഗ്രീന്‍വെയിന്‍ പ്രവര്‍ത്തകര്‍ക്കുമൊപ്പം നാട്ടുകാരും പറയുന്നു. എന്തു വിലകൊടുത്തും ഈ മരത്തെ സംരക്ഷിക്കുക തന്നെ വേണം.