ബാങ്കുകള്‍ മരവിച്ചു; 32 പേര്‍ തുക പിന്‍വലിച്ചാല്‍ ഓരോ ബ്രാഞ്ചും കാലി

ബ്രാഞ്ചിലെത്തിയതു 32 പേര്‍ക്കു മാത്രം തികയുന്ന നോട്ടുകള്‍. 6500 ബ്രാഞ്ചുകള്‍ക്കായി എത്തിയത് 500 കോടി - ഉച്ചയോടെ ബാങ്കുകളും എടിഎമ്മുകളും നിലച്ചു. ശമ്പളമില്ലാത്ത മാസാവസാനം. രോഷാകുലരായി മാസ ശമ്പളക്കാര്‍. നിക്ഷേപിക്കാന്‍ മടിച്ച് ജനം

ബാങ്കുകള്‍ മരവിച്ചു; 32 പേര്‍ തുക പിന്‍വലിച്ചാല്‍ ഓരോ ബ്രാഞ്ചും കാലി

കൊച്ചി: റിസര്‍വ്വ് ബാങ്ക് അനുവദിച്ചതില്‍ 500 കോടി രൂപയാണ് സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്ന് നല്‍കിയത്. ഈ പണം ബാങ്കുകളുടെ അര ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തികയില്ലെന്നു ബാങ്ക് ജീവനക്കാര്‍ പറയുന്നു. സംസ്ഥാനത്തെ 6500 ബാങ്ക് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം ഉച്ച കഴിയുന്നതോടെ നിലയ്ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരടക്കം മാസശമ്പളക്കാര്‍ ക്യൂവില്‍ തുടരുകയാണ്.

സ്ഥിതിഗതി ഓരോ നിമിഷവും വഷളാവുകയാണ്. രോഷാകുലമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും പോലീസ് കാവല്‍ വേണ്ടി വരുന്ന അവസ്ഥയിലാണ്. നോട്ട് നിരോധിച്ചത് ശമ്പളം കൈപ്പറ്റുന്നതിനെ ബാധിച്ചു കഴിഞ്ഞു. അക്കൗണ്ടുകളില്‍ ശമ്പളം എത്തിയെങ്കിലും പിന്‍വലിക്കാന്‍ ആകുന്നില്ല.


ഭൂരിഭാഗം ബ്രാഞ്ചുകളിലും 2000 രൂപയുടെ കറന്‍സിയാണ് എത്തിരിക്കുന്നത്. രണ്ടായിരം രൂപയില്‍ താഴെ പെന്‍ഷന്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ പണമില്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ടെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.

കേരളത്തിലെ 6500 ബാങ്ക് ബ്രാഞ്ചുകളില്‍ ഇടപാടുകള്‍ക്കനുസരിച്ചാണ് ഈ പണം വീതിച്ചു നല്‍കുന്നത്. തുല്യമായി വീതിച്ചാല്‍ തന്നെ ഓരോ ബ്രാഞ്ചിനും 7.69 ലക്ഷം രൂപയാണു ലഭിക്കുക. ഇടപാടുകാര്‍ പരമാവധി 24000 രൂപ പിന്‍വലിച്ചാല്‍ ഒരു ബ്രാഞ്ചില്‍ നിന്ന് 32 പേര്‍ക്കേ പണം നല്‍കാന്‍ കഴിയൂ. കേരളത്തിലെ ബാങ്ക് ബ്രാഞ്ചുകളില്‍ ചുരുങ്ങിയത് 20 ലക്ഷം രൂപയ്ക്കു മുകളില്‍ ഇടപാടു നടത്തുന്നിടത്താണ് ഇപ്പോള്‍ പത്തു ലക്ഷം രൂപയിലും താഴെയായിരിക്കുന്നത്.

ഗ്രാമീണമേഖലയില്‍ പ്രതിസന്ധി

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ബ്രാഞ്ചുകള്‍ക്കു രണ്ടും മൂന്നും ലക്ഷവുമൊക്കെയാണ് വീതംവെപ്പില്‍ കിട്ടിയത്. കേരള ഗ്രാമീണ്‍ ബാങ്കിന് കേരളത്തില്‍ 603 ബ്രാഞ്ചുകളാണുള്ളത്. 15.75 കോടി രൂപയാണ് ഗ്രാമീണ്‍ ബാങ്കിന് ഇന്ന് നല്‍കിയത്. ഓരോ ബ്രാഞ്ചിനും ശരാശരി 2.61 ലക്ഷം രൂപ വീതം. ഇരുപത് പേര്‍ പതിനായിരം രൂപ വീതം പിന്‍വലിച്ചാല്‍ തന്നെ 26 പേര്‍ക്കേ ഒരു ദിവസം പണം നല്‍കാന്‍ കഴിയൂ.

കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന ഗ്രാമീണ്‍ ബാങ്കിന്റെ കോഴിക്കോട്ടെ ബ്രാഞ്ചുകളില്‍ 2.62 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബ്രാഞ്ചുകള്‍ക്കു നാലു ലക്ഷം രൂപാ വീതം. പതിനാറു പേര്‍ക്ക് 24000 രൂപ വീതം നല്‍കിയാല്‍ ബ്രാഞ്ചുകള്‍ കാലി! സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതോടെ ഗ്രാമ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത് ഗ്രാമീണ്‍ ബാങ്കുകളെയാണ്.

മലബാര്‍ മേഖലയില്‍ ഗ്രാമീണ്‍ ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ പണം തീര്‍ന്നതിനെതുടര്‍ന്ന് അടുത്ത ചൊവ്വാഴ്ചയിലേക്കു ടോക്കണ്‍ നല്‍കിയിരിക്കുകയാണ്.

കളക്ഷന്‍ തുക കുറഞ്ഞു

ചെറുകിട ബിസിനസ്സുകാരടക്കം ദിവസേന ബാങ്കില്‍ കളക്ഷന്‍ തുക നിക്ഷേപിക്കാനെത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്ന് ബെഫി ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ പറയുന്നു. നിക്ഷേപിക്കുന്ന തുക തിരിച്ചു കിട്ടുമോ എന്ന ഭയമാണ് ഇടപാടുക്കാര്‍ക്കുള്ളത്. അസാധുവാക്കിയ 500, 1000 നോട്ടുകളുടെ നിക്ഷേപം മാത്രമാണ് ബാങ്കുകളില്‍ കാര്യമായി നടന്നത്.

ഇതു മുന്‍കൂട്ടി കണ്ടാണ് നിക്ഷേപിക്കുന്നവര്‍ക്ക് ആ തുക മുഴുവനായും പിന്‍വലിക്കാമെന്നു കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയത്. ജന്‍ധന്‍ അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാവുന്ന പണത്തിനും ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ജന്‍ധന്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക പതിനായിരമായും കെവൈസി പാലിക്കാത്ത അക്കൗണ്ടുള്ളവര്‍ക്ക് അയ്യായിരമായും നിജപ്പെടുത്തിയിരുന്നു.

ഇന്നു സൈനികർക്കും പെന്‍ഷന്‍കാര്‍ക്കും ആവശ്യത്തിനനുസരിച്ച് കറന്‍സി കരുതി വെക്കണമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്. കറന്‍സി ക്ഷാമം രൂക്ഷമായതിനാലാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.

Read More >>