ശുഭമുഹൂർത്തം പാഴായി; ആന്ധ്രയിലും തെലങ്കാനയിലും ആയിരക്കണക്കിന് കല്യാണങ്ങൾ മുടങ്ങി

കല്യാണങ്ങൾ മുടങ്ങാൻ ഇടവരുത്തില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. കല്യാണാവശ്യങ്ങൾക്ക് ബാങ്കുകളിൽനിന്ന് പിൻവലിക്കാമെന്നു പ്രഖ്യാപിച്ച രണ്ടര ലക്ഷം രൂപ കിട്ടാൻ വേണ്ട രേഖകൾ ഹാജരാക്കൽ നരകമായതോടെ ഈ വർഷത്തെ മികച്ച ഒരു വിവാഹ മുഹൂർത്തം ആന്ധ്രക്കാർക്ക് പാഴായി.

ശുഭമുഹൂർത്തം പാഴായി; ആന്ധ്രയിലും തെലങ്കാനയിലും ആയിരക്കണക്കിന്  കല്യാണങ്ങൾ മുടങ്ങി

ആന്ധ്രയിലും തെലങ്കാനയിലും ഏറ്റവും മികച്ച വിവാഹ മുഹൂർത്തമുണ്ടായിരുന്ന ദിവസമായിരുന്നു ഈ ഞായറാഴ്ച. ഇന്നേക്ക് നിശ്ചയിച്ച അര ലക്ഷത്തോളം കല്യാണങ്ങളിൽ നല്ലൊരു പങ്കും നോട്ടുപ്രതിസന്ധിയിൽ തട്ടി മാറ്റിവച്ചു. ഇനിയിങ്ങനെയൊരു ശുഭമുഹൂർത്തം ജനുവരി അഞ്ചിനു ശേഷം മാത്രമേയുള്ളൂവെന്നു പറയുന്നു ജ്യോതിഷികൾ.


കല്യാണങ്ങൾ മുടങ്ങാൻ ഇടവരുത്തില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. കല്യാണാവശ്യങ്ങൾക്ക് ബാങ്കുകളിൽനിന്ന് പണം ലഭ്യമാക്കാൻ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപിച്ച രണ്ടര ലക്ഷം രൂപ പിൻവലിക്കാൻ വേണ്ട രേഖകൾ ഹാജരാക്കൽ നരകമായതോടെയാണ് മിക്ക കല്യാണങ്ങളും മാറ്റിവച്ചതെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു.


ആധാറും പാൻ കാർഡും മാത്രമല്ല പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കാൻ വേണ്ട രേഖകൾ. പിൻവലിക്കുന്ന പണം ആർക്കൊക്കെയാണോ കാശായി നൽകുന്നത്, അവരിൽ നിന്നുള്ള സത്യവാങ്മൂലവും കല്യാണം നടത്തുന്നയാൾ ബാങ്കിന് സമർപ്പിക്കണം. ഓൺലൈൻ വഴി പണമിടപാട് നടത്താൻ പറ്റുന്ന ബാങ്ക് അക്കൗണ്ടില്ലെന്നും സ്വൈപ്പ് മെഷീൻ ഉപയോഗിക്കുന്നില്ലെന്നുമാണ് പണം കൈപ്പറ്റുന്നയാൾ സത്യവാങ്മൂലം നൽകേണ്ടത്. ഇത് സംഘടിപ്പിക്കേണ്ട ബാധ്യത കൂടി കല്യാണം നടത്തുന്ന കുടുംബത്തിലെ നാഥൻ/നാഥ ചുമക്കണം.


കല്യാണാവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിന്റെ മറവിൽ കൃത്രിമങ്ങൾ നടക്കുന്നുണ്ടെന്ന പരാതികളുടെ വെളിച്ചത്തിലാണ് പണം കിട്ടാൻ ഹാജരാക്കേണ്ട രേഖകൾക്ക് കേന്ദ്ര സർക്കാർ കനം കൂട്ടിയത്. ഫലമോ, ആരൊക്കെയായി കല്യാണാവശ്യങ്ങൾക്ക് ഇടപാടു നടത്തണോ അവരിൽനിന്നൊക്കെ കെവൈസി രേഖകൾ തയ്യാറാക്കി വാങ്ങിക്കേണ്ട സ്ഥിതിയായി കല്യാണം നടത്തുന്ന കുടുംബങ്ങൾക്ക്. പതിവ് കല്യാണത്തിരക്കുകൾക്കു പുറമെയാണ് ഈ രേഖകളുണ്ടാക്കാനിവർക്ക് നെട്ടോട്ടമോടേണ്ടി വരുന്നത്.


ഇനി, രേഖകൾ മുഴുവൻ ബാങ്കിൽ കൊണ്ടുക്കൊടുത്താലും തലവേദന തീരുമെന്നു കരുതണ്ട. കേന്ദ്ര സർക്കാർ രണ്ടര ലക്ഷം വരെ പിൻവലിക്കാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും അത്ര കൊടുക്കാൻ ബാങ്കുകൾ മിക്കതും തയ്യാറല്ല. പരമാവധി കൊടുക്കുന്നത് 1.2 ലക്ഷം മാത്രം. നോട്ടു ക്ഷാമമുള്ളതിനാൽ ഇത്രയേ പറ്റൂവെന്നാണ് ബാങ്കുകളുടെ നിലപാട്.


ബാങ്കുകളുടെ ഈ നിലപാടുമാറ്റം കൂടി വന്നതാണ് കൂട്ടമായ കല്യാണം മാറ്റിവക്കലിലേക്ക് ആന്ധ്രക്കാരെയും തെലങ്കാനക്കാരെയും എത്തിച്ചത്. ആസൂത്രണം മുഴുവൻ പാളി കല്യാണം മാറ്റിവെക്കേണ്ടി വന്ന കുടുംബങ്ങളുടെ കഥകളാൽ സമൃദ്ധമാണ് ഞായറാഴ്ചത്തെ തെലുഗു പത്രങ്ങൾ.