ഒരു നാള്‍ പോതുമാ- ബാലമുരളീകൃഷ്ണ

ഏതു കച്ചേരിയിലും പല സ്വാദുകള്‍ ഉള്‍പ്പെടുത്തി പല ശ്രേണിയിലുള്ളവരേയും തൃപ്തിപ്പെടുത്തുക എന്നത് സവിശേഷതയായി പരിഗണിക്കാം. ഭക്തിപാരമ്യം ഉള്‍ക്കൊണ്ടേണ്ടിയവര്‍ക്കും ആലാപനസൌരഭ്യം വാരിപ്പൂശേണ്ടിയവര്‍ക്കും സംഗീതസുരാപാനം വേണ്ടവര്‍ക്കും അദ്ദേഹം ധാരാളം വസ്തുവഹകള്‍ കരുതി വച്ചിരുന്നു. നാടന്‍ പാട്ടിന്റെ ഈണങ്ങളില്‍ക്കൂടി ഭക്തിയോ ശൃംഗാരമോ അനുഭവിക്കേണ്ടവവര്‍ക്ക് അതും. അതാകട്ടേ ശുകനോ സനകനോ കൌശികനോ പാനം ചെയ്യാന്‍ പാകത്തിനുള്ളതായിരിക്കും

ഒരു നാള്‍ പോതുമാ- ബാലമുരളീകൃഷ്ണ

എതിരന്‍ കതിരവന്‍

നാദമാ സംഗീതമാ അതൈ നാന്‍ പാട് ഇന്റൊരുനാള്‍ പോതുമാ? കഥാപാത്രത്തിന്റെ അഹന്തയോടെയല്ല ഈ ചോദ്യം ബാലമുരളീകൃഷ്ണ കേള്‍വിക്കാരുടെ മുഖത്ത് എറിയാതെ എറിഞ്ഞത്. ഇന്ന് നമ്മള്‍ നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം- ഒരു ദിവസം മതിയോ ഈ പാട്ട് കേള്‍ക്കാന്‍?

മാനുഷികമായ വ്യവസ്ഥകളില്‍ മാത്രം ആണ് തന്റെ സംഗീതചര്യകളെ ബാലമുരളീകൃഷ്ണ ചിട്ടപ്പെടുത്തിയത്. ഇന്നത്തെ മനുഷ്യനുമായി സംവദിക്കാനുള്ള തന്ത്രങ്ങളൊക്കെ അദ്ദേഹം കച്ചേരികളില്‍ക്കൂടി വിളംബരം ചെയ്തു, അതിന്റെ ന്യായശാസ്ത്രങ്ങളൊക്കെ കൃത്യമായി സ്വരൂക്കൂട്ടിയശേഷം.


ഈ മണ്‍വാസന അദ്ദേഹത്തിന്റെ സംഗീതത്തെ എളുപ്പം പ്രാപ്യമാക്കാന്‍ ഉതകി; രാഗാലാപനങ്ങളിലും സംഗതികളുടെ വിന്യാസങ്ങളിലും വിരസത വന്നുകൂടാതെ, ശൈഥില്യചിന്തകള്‍ക്ക് ഇടം കൊടുക്കാതെ ക്ലാസിക്കല്‍ പരിചയശീലമില്ലാത്ത അനുവാചകരേയും അദ്ദേഹം അടുപ്പിച്ചു നിര്‍ത്തി. സ്ഥായിയില്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ മാജിക് എന്നപോലെ സൃഷ്ടിച്ച് ശ്രോതാക്കളെ വിഭ്രമലോകത്ത് സംതോലകമാക്കി നിലകൊള്ളിച്ചു മുരളീമാധുരി.

1950കളില്‍ ബാലമുരളീകൃഷ്ണ മദ്രാസില്‍ ബസ്സിറങ്ങുമ്പോള്‍ ഗാനസഭകളും ക്ലിക്കുകളും ധാരാളം അവിടെ. ജി.എന്‍. ബാലസുബ്രഹ്മണ്യവും മുസീരിയും തെളിച്ചിട്ട വഴികള്‍ പുതുമയാര്‍ന്നതെങ്കിലും ഓര്‍തഡോക്‌സി ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു ആ തെരുവുകളെ. റേഡിയോ സ്റ്റേഷനില്‍ ഭക്തിഗാന സംപ്രേഷണം വഴി പൊതുജനത്തിന്റെ സംഗീതമിടിപ്പ് അറിഞ്ഞാണ് ഈ ചെറുപ്പക്കാരന്‍ മദ്രാസിലെ കര്‍ണാടകസംഗീത മത്സരലോകത്ത് എത്തിയത് എന്നത് തുണച്ചിട്ടുണ്ടാകണം.

സ്വതഃസിദ്ധമായ സംഗീതപാടവം പിന്നീട് അനിഷേദ്ധ്യസ്ഥാനം കല്‍പ്പിച്ചു നല്‍കിയത് ചരിത്രം. നടപ്പുരീതികളെ തകിടം മറിക്കാനുള്ള താന്‍ പോരിമ അദ്ദേഹം സൃഷ്ടിച്ചെടുത്തത് സാവധാനമാണ്. അത് ഒറ്റയാള്‍ പട്ടാളമായി നേടിയെടുത്തതാണെങ്കിലും ആരോടും പൊരുതിയല്ല, നേടണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചവാനും വഴിയില്ല.

പരിണാമം ഒരു വ്യവസ്ഥയുടെ വഴങ്ങാനുള്ള കൌശലക്ഷമത അനുസരിച്ചാണ് രൂപപ്പെടാറ്. കര്‍ണ്ണാടകസംഗീതം പ്ലാസ്റ്റികത തീരെയില്ലാത്തതാണെന്ന് യാഥാസ്ഥിതികര്‍ ഏതുകാലത്തും വിശ്വസിച്ചു പോന്നിട്ടുണ്ട്. ഓരോ പരിണാമങ്ങളും യാഥാര്‍ത്ഥ്യങ്ങളായി വളരെക്കാലത്തിനു ശേഷമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ജടിലതയോടുള്ള കലഹം ഈയിടെ റ്റിഎന്‍ കൃഷ്ണ തുടങ്ങിയതൊന്നുമല്ല. മുസീരിയും ജിഎന്‍ബിയും ആധുനികതയുടെ വക്താക്കളാണെങ്കില്‍ ആ ആധുനികതയ്ക്ക് പല ശിഖരങ്ങളായി പിരിഞ്ഞ പിന്‍തുടര്‍ച്ച സാദ്ധ്യമാണെന്നും അത് ക്ഷണപ്രഭാചഞ്ചലമാണെ്ന്നും മറ്റൊരു ആധുനികത അതിനു മേല്‍ നവീനതയുടെ ശ്രുതിഭേദങ്ങള്‍ കെട്ടിപ്പടുക്കുമെന്നും യാഥാസ്ഥിതികര്‍ വിശ്വസിക്കാന്‍ തയാറാകാത്തത് കാലം എന്നും കളിയ്ക്കുന്ന കുസൃതി തന്നെ.

ജനസമ്മതി എന്നത് ക്ലാസിക്കല്‍ കലകളുടെ അധോഗതീപ്രയാണസൂചകം ആണെന്ന മൌഢ്യവിചാരത്തിലാണ് ഓര്‍തഡോക്‌സിയുടെ ബാലിശത്വം വേരുറപ്പിക്കാറ്. ബാലമുരളീകൃഷ്ണയെ സംബന്ധിച്ച് ഏവന്റേയും ഹൃദയത്തിനു ഒരു മിടിപ്പുകൂടി സമ്മാനിച്ചിട്ടേ അദ്ദേഹം പാടിത്തീര്‍ക്കാറുള്ളു.

നമുക്കു വേണ്ടി പാടുകയാണ് എന്ന് തോന്നിപ്പിക്കുന്നത് ആയാസമന്യേ അദ്ദേഹം സാധിച്ചെടുത്തു. തനിക്കു മുന്‍പ് നവീനത ആവിഷ്‌ക്കരിച്ചവരില്‍ നിന്നും വേറിട്ട ഈ രീതിവിശേഷം സമ്മതിച്ചുകൊടുക്കാനുള്ള മടി ആയിരിക്കണം പഴമക്കാരുടെ എതിര്‍പ്പിലേക്ക് വഴിവച്ചത്. പക്ഷേ തലച്ചോര്‍ കൊണ്ട് പാടി തലച്ചോറിന്റെ കണക്കു വഴികളെ തൃപ്തിപ്പെടുത്തുന്ന കടുംപിടിത്തത്തില്‍ നിന്ന് അനുവാചകര്‍ മാറിപ്പോയപ്പോള്‍ മനസ്സിലാക്കാതെ പോയത് ഇവരുടെ ബുദ്ധിഹീനത തന്നെ. ആലാപനസുഭഗത ആവോളം കൈമുതലായിരുന്ന അദ്ദേഹത്തോട് മല്ലിട്ട് നില്‍ക്കുന്നത് മൂഢതയാണെന്ന് പൊതുജനം പിന്നീട് ഇവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു.

സമ്മോഹനമായ ശബ്ദതരളിത, ഏകാഗ്രമായി പ്രകമ്പനം കൊള്ളുന്ന ശാരീരം, ഭാവവ്യഞ്ജനത്തിനാവശ്യമായ മൃദുത്വം എന്നാല്‍ ചടുലത ആവോളം കോരി നിറച്ച അക്ഷരവിന്യാസങ്ങള്‍ ഇവയെല്ലാം സാരഭൂതമായാണ് അദ്ദേഹത്തിന്റെ സംഗീതവ്യക്തിത്വം നിലനില്‍ക്കുന്നത്. സൃഷ്ടിപരമായ കല്‍പ്പനാസ്വരങ്ങള്‍ അദ്ദേഹം പല കൃതികളിലും സന്നിവേശിപ്പിച്ച് നൂതനത്വം കൊതിച്ചവരെ ഏറെയാണ് തൃപ്തിപ്പെടുത്തിയത്. ആകസ്മികമായാണ് സംഗതികളും ഗമകങ്ങളും വന്നു കയറുന്നത്, അവയൊക്കെ സ്ഥിരം ശ്രോതാക്കളെ വിസ്മയിപ്പിക്കാന്‍ പോന്നവയും ആയിരുന്നു. അവതരിപ്പിച്ച ഭൃഗകള്‍ മാറിയും മറിഞ്ഞും പഴമയെ അപ്പാടെ തൂത്തുമാറ്റി.

പാട്ട് പാട്ടിനു വേണ്ടി എന്ന് അനുവാചകരെ ബോധിപ്പിച്ച് ഭക്തിയുടെ അംശം കഴിയുന്നതും വേറിട്ടെടുത്ത് സംഗീതത്തിന്റെ മാനവികത സ്പഷ്ടമാക്കിയത് ബാലമുരളീകൃഷ്ണയുടെ ആധുനികതാവേശത്തിന്റെ ഉദാഹരണമായി കാണാം. 1900 ത്തിന്റെ ആദ്യപാദം മുതല്‍ കച്ചേരിയുടെ ഘടനകള്‍ മാറിവന്ന് തുടങ്ങിയിരുന്നു. ആരാധനയുടെ ഭാഗമായ അനുഷ്ടാനങ്ങളും സങ്കീര്‍ത്തനമട്ടിലുള്ള ആലാപനവും സാവധാനം വഴിമാറി സംഗീതത്തിലെ പുതുമകള്‍ അവതരിപ്പിക്കാനും ആലാപനവൈദഗ്ദ്ധ്യം തെളിയിക്കാനുള്ള കൃതികള്‍ തെരഞ്ഞെടുക്കുന്ന പതിവും വന്നതോടെ ഭക്തിയുടെ അംശങ്ങള്‍ കുറഞ്ഞ് വരികയാണുണ്ടായത്. തിരുവയ്യാറിലെ ത്യാഗരാജ ആരാധന ഏകദേശം ഒരു കള്‍ട് സ്വഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും.

വിപ്ലവം സൃഷ്ടിച്ച ജി എന്‍ ബി പ്രഭൃതികളും ''സംഗീത ജ്ഞാനമു ഭക്തി വിനാ...' എന്ന് വിശ്വസിച്ചു പോന്നവരും ഈ നിലപാട് പാടേ വിട്ടുകളയാന്‍ മടികാണിച്ചിരുന്നു. ബാലമുരളീകൃഷ്ണയാകട്ടെ സംഗീതപരതയില്‍ ഊന്നല്‍ കൊടുത്ത് കൃതികളുടെ ആന്തരികഭാവം ഭക്തിയാണെങ്കില്‍ക്കൂടി അതിനു ക്ഷണികമായ പ്രാധാന്യം നല്‍കി പാട്ടിന്റെ സുഭഗതയിലേക്ക് ആവാഹിച്ച് അനുവാചകര്‍ക്ക് സ്വന്തം അനുഭവം പകര്‍ന്നുകൊടുക്കുന്ന പ്രതീതിയാണ് നിര്‍മ്മിച്ചെടുത്തത്.

ത്യാഗരാജകൃതികള്‍ പലതും അദ്ദേഹത്തിന്റെ ആലാപനത്തില്‍ ഭക്തിത്തുടിപ്പിനെ വെന്ന് സംഗീതശില്‍പ്പത്തിന്റെ രൂപാന്തരം അടിമുടി സ്വാംശീകരിക്കുകയായിരുന്നു. ഒരു പ്രേമതരളിതന്‍ അദ്ദേഹത്തില്‍ എന്നും കുടിയിരിക്കുന്നുണ്ടായിരുന്നു, സംശയമില്ല.

''നഗുമോമു ഗനലേ നാ....' കേട്ടു നോക്കുക. റൊമാന്‍സ് ആഴത്തില്‍ കോരി നിറച്ചിരിക്കയാണ്. ''അനിലതരള കുവലയ നയനേനാ........ (യാ രമിതാ വനമാലി നാ) ഭക്തിയും ശൃംഗാരവും സമരരസപ്പെടുത്തിയ അഷ്ടപദിയിലെ ആണെങ്കിലും ആദ്യചരണമായ ആ വരി ആ കണ്ഠത്തില്‍ ഉയിര്‍ക്കൊണ്ടുണരുന്നത് പ്രേമം, പ്രേമം ഒന്നുമാത്രം ആത്മസാക്ഷാത്ക്കാരം കൈവരിച്ചാണ്.. (മറ്റൊരു അഷ്ടപദിയായ ''നിജഗാദസാ യദു നന്ദനേ.........' യില്‍ അദ്ദേഹം ഇതൊക്കെ തന്മയത്വത്തോടെ മാറ്റിപ്പിടിച്ചത് മറക്കുന്നില്ല) ''ജമുനാ കിനാരേ പ്യാരേ...' ഈ നിത്യകാമുകന്‍ തന്നെ പാടി ഫലിപ്പിക്കുന്നത്. വരമരുളാനുള്ള ദീനാര്‍ത്ഥന പ്രേമിയുടെ വിരഹവിലാപമായിട്ടാണ് അവതരിക്കുക ആ ഗളനാളത്തില്‍. ''മരുകേലറാ ഓ രാഘവാ'' കേട്ടുനോക്കുക.

''പലുകേ ബെങ്കാരമയനാ....'' ഭക്തിയുടെ ഉച്ചൈസ്തരഘോഷണരീതികളിലാണ് ആധാരപ്പെടുത്തിയിട്ടുണ്ടെങ്കിലും ആനന്ദഭൈരവിയുടെ സൌഭഗവിളംബരമാണ് അദ്ദേഹത്തിന്റെ ആലാപനത്തില്‍. രാഗാലാപനകളിലും വിരുത്തങ്ങളിലും ഈ റൊമാന്‍സ് തങ്ങി നില്‍ക്കുന്നുണ്ട്. ഭക്തിയുടെ വൈകാരികതയെ രാഗത്തിന്റെ, ആലാപനത്തിന്റെ വൈകാരിതകൊണ്ട് മറയ്ക്കാന്‍ വിദഗ്ദ്ധത കാണിയ്ക്കലാണിത്.

ചടുലമായാണ് അദ്ദേഹം പാട്ടിലേക്ക് പ്രവേശിക്കുക. ആദ്യത്തെ ചില സ്വരങ്ങള്‍ കൊണ്ട് തന്നെ രാഗത്തിന്റെ ആത്മാവ് പിടിച്ചെടുത്ത് നമുക്ക് സമര്‍പ്പിക്കും. ''കൃഷ്ണം കലയ സഖി സുന്ദരം..'' മുഖാരിയിലേക്കുള്ള പെട്ടെന്ന് കുതിപ്പ് തന്നെയാണ്.

''സുന്ദരി നീയെന്‍'' ആദ്യത്തെ ഗമകപ്രയോഗങ്ങള്‍ കൊണ്ട് തന്നെ കല്യാണിയെ പൂര്‍ണ്ണമായി അവതരിപ്പിക്കും, ചാരുത അനന്യമാണ്. 'സാമജവരഗമന' യിലേക്കും ഇതുപോലെ പെട്ടെന്നുള്ള കൂപ്പുകുത്തലാണ്. അക്ഷരങ്ങള്‍ മൊരിഞ്ഞതും മൂര്‍ച്ചയുള്ളതും ആയിരിക്കും, പാട്ടില്‍ ഉടനീളം. പരസ്പരാനുകൂലത എത്ര ദീര്‍ഘമേറിയ കൃതി ആണെങ്കിലും അവസാനം വരേ ഒരേ ഉത്ക്കടതയില്‍ നിലനില്‍ക്കുകയാണ്.

ഈ ചടുലതയുടെ നേര്‍പ്രത്യക്ഷമാണ് അദ്ദേഹത്തിന്റെ പലേ തില്ലാനകളും. സ്വന്തം കോമ്പസിഷനായ 'വൃന്ദാവനി' തില്ലാന നേരേ നൃത്തമണ്ഡപത്തിലേക്ക് കയറിപ്പോയത് ഈ താളക്രമവിന്യാസങ്ങളിലെ തീക്ഷ്ണതയാലാണ്. അക്ഷരങ്ങള്‍ തീര്‍ക്കുന്ന ജാലവിദ്യ (....നീര ക്ഷീര ന്യായമൈ മൈമരചി സകലചരാചര മെല്ല പുലകിഞ്ചി........) തന്നിലെ അദ്വീതീയനായ വാഗ്ഗേയകാരനെ സമര്‍ത്ഥിക്കാന്‍ പോന്നതാണ്. ''ജഗദാനന്ദകാരക.....'' അദ്ദേഹത്തിന്റെ 'സിഗ്‌നേച്ചര്‍' സ്ഥായിയില്‍ തീവ്രതരമായ ഹര്‍ഷോന്മാദം ചമഞ്ഞു വരികയാണ്, മറ്റാര്‍ക്കും പറ്റാത്ത രീതിയില്‍. ഇതിലും കേള്‍വിക്കാരില്‍ അനുഭൂതി നിറയ്ക്കുക എന്ന ദൌത്യം തെളിഞ്ഞു കാണാം.

പാട്ടുവഴികളില്‍ അപായസാദ്ധ്യതയുള്ള ഇടങ്ങളിലേക്ക് സധൈര്യം കയറിക്കൂടിയത് പുതുമക്കാരെ എളുപ്പം ആകര്‍ഷിക്കാനായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ത്തന്നെ കച്ചേരികളില്‍ അപൂര്‍വ്വമായ കൃതികള്‍, സ്വന്തം കൃതികള്‍ ഇവയൊക്കെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ തെല്ലൊന്ന് അമ്പരപ്പിക്കുക അദ്ദേഹത്തിന്റെ ഒരു രീതിയായി മാറി. നാഗനന്ദിനി, പാലമഞ്ജരി, ഗമനാശ്രമ, ചന്ദ്രജ്യോതി, സിന്ധുകന്നഡ സുനാദവിനോദിനി എന്നീ രാഗങ്ങളൊക്കെ തലങ്ങും വിലങ്ങും അദ്ദേഹത്തിന്റെ കച്ചേരികളില്‍ പാടിത്തിമിര്‍ക്കപ്പെട്ടു. രാഗം താനം പല്ലവിയില്‍ ചിലപ്പോള്‍ താളം സങ്കീര്‍ണ്ണ ഗതിയിലുള്ള ഖണ്ഡ ജാതി ത്രിപുടയിലേക്ക് കയറിയെങ്കില്‍ അദ്ദേഹത്തിന്റെ വിനോദമെന്നേ കണക്കു കൂട്ടേണ്ടൂ.

മിക്ക കീര്‍ത്തനങ്ങള്‍ക്കും സ്വന്തം പാഠാന്തരം നിര്‍മ്മിച്ചെടുത്തിരുന്നു ബാലമുരളീകൃഷ്ണ. എന്നും പുതുമ നിലനിര്‍ത്താന്‍ വഴിതുറന്നത് ഈ വ്യതിരിക്തതയാണ്. 'ലയം' എന്നത് അദ്ദേഹത്തിന്റെ തീവ്രനിഷ്ഠയുള്ള ഉള്‍ക്കൊള്ളലിനേക്കാള്‍ താനെ ഉരുത്തിരിഞ്ഞു വരുന്നതാണ് എന്നൊരു തോന്നല്‍ അസ്ഥാനത്തല്ല. ജി എന്‍ ബി സൃഷ്ടിയ്ക്കുന്ന ലയമല്ല ബാലമുരളീകൃഷ്ണ സൃഷ്ടിച്ചത്.

''ബ്രോചേ വാ എവരുരാ'' രണ്ടു പേരും പാടിയത് കേട്ട് നോക്കുക. പാടിപ്പതിഞ്ഞ ''വാതാപി ഗണപതിം'' ഇല്‍ നവവിന്യാസങ്ങള്‍ ചുവടു വയ്ക്കുന്ന ചിട്ടസ്വരപ്രയോഗങ്ങള്‍, സ്വരകല്‍പ്പനകളില്‍ ആയാസരഹിതമായ സ്വാതന്ത്ര്യം ഇവയൊക്കെ ബാലമുരളീകൃഷ്ണയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. അതിവിശാലതയിലേക്ക് വിരിയുന്ന ആലാപനങ്ങളും സ്വരകല്‍പ്പനകളും സൌരഭമേറ്റിയവ ധാരാളം- സാമജവരഗമന (ഹിന്ദോളം), കമലാപ്തകുലാ (വൃന്ദാവന സാരംഗ) നഗുമോമു (ആഭേരി) ചിലവ മാത്രം.

ഏതു കൃതി ആയാലും സാഹിത്യപരതയ്ക്ക് മുറിവേല്‍ക്കാന്‍ പാടേ വിസമ്മതിച്ചിരുന്നു അദ്ദേഹം. താളക്രമങ്ങള്‍ക്കനുസരിച്ച് വാക്കുകളെ മുറിയ്ക്കുന്ന പതിവ് അവഗണിച്ച് സാഹിത്യം ഉളവാക്കുന്ന ഭാവം അതേപടി അവതരിപ്പിക്കുന്നതില്‍ നിഷ്ണാതനായിരുന്നു ഈ വേണുഗാനവിലോലന്‍. പ്രത്യേകിച്ചും ത്യാഗരാജകൃതികള്‍ക്ക് വാഗ്ഗേയകാരന്‍ നിക്ഷിപ്തമാക്കിയ വിചാരവികാരങ്ങള്‍ മറ്റാരും ഉളവാക്കാത്ത ഭാവചാരുതയോടെ ആണ് വന്നണഞ്ഞത് ഈ കടും പിടുത്തം മൂലം.

ചില വാക്കുകള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുത്ത് കൃതിയിലെ ആത്മാവിനെ ഒന്നു തൊട്ടുതലോടിപ്പോവാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'മരുകേലറ...' കൃതിയില്‍ ആ വാക്ക് പല ധ്വനിപ്പിക്കലാണ് വിടര്‍ത്തുന്നത്. എന്നാല്‍ മധുരഗീതങ്ങള്‍ തന്നെ അവ എന്ന് നിരന്തരം സൂചിപ്പിക്കപ്പെടുകയും ചെയ്തു. കര്‍ണ്ണാടകസംഗീതത്തിലെ 'melody king' എന്ന് വാഴത്തപ്പെട്ടാല്‍ അതില്‍ അദ്ഭുതമില്ല.

ഏതു കച്ചേരിയിലും പല സ്വാദുകള്‍ ഉള്‍പ്പെടുത്തി പല ശ്രേണിയിലുള്ളവരേയും തൃപ്തിപ്പെടുത്തുക എന്നത് സവിശേഷതയായി പരിഗണിക്കാം. ഭക്തിപാരമ്യം ഉള്‍ക്കൊണ്ടേണ്ടിയവര്‍ക്കും ആലാപനസൌരഭ്യം വാരിപ്പൂശേണ്ടിയവര്‍ക്കും സംഗീതസുരാപാനം വേണ്ടവര്‍ക്കും അദ്ദേഹം ധാരാളം വസ്തുവഹകള്‍ കരുതി വച്ചിരുന്നു. നാടന്‍ പാട്ടിന്റെ ഈണങ്ങളില്‍ക്കൂടി ഭക്തിയോ ശൃംഗാരമോ അനുഭവിക്കേണ്ടവവര്‍ക്ക് അതും. അതാകട്ടേ ശുകനോ സനകനോ കൌശികനോ പാനം ചെയ്യാന്‍ പാകത്തിനുള്ളതായിരിക്കും- പിബരേ രാമരസം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ആലാപനപ്രതിപാദനത്തിന്റെ അവസാന വരി പോലെ.

പോപുലര്‍ സൈക്കിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിനു തുണയായതു സിനിമാ ബന്ധങ്ങളുമാണ്. ക്ലാസിക്കല്‍ ആണെങ്കില്‍ക്കൂടി പൊതുജനത്തിന്റെ ഹൃത്സ്പന്ദനം അറിഞ്ഞു വേണം സിനിമാപ്പാട്ട് പാടിഫലിപ്പിക്കാന്‍. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ പ്രശോഭിക്കാനുള്ള ത്വര അല്ലാതെ തന്റെ സംഗീതത്തെ ലോകപ്രിയ വിനോദോപാധിയുമായി ബന്ധിപ്പിച്ച് നിറുത്താനുള്ള, സംവദിക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള ഉപകരണമായാണ് അദ്ദേഹത്തിന്റെ സിനിമാ പ്രത്യക്ഷങ്ങളെ നിരീക്ഷിക്കേണ്ടത്.

ഒരു ''ബാലമുരളീകൃഷ്ണ ശൈലി'' ഉരുത്തിരിഞ്ഞത് അദ്ദേഹം പാടുമ്പോള്‍ ഉള്ളില്‍ ഒരു കമ്പോസ്സറും പുതിയ രാഗം കണ്ടുപിടിയ്ക്കുന്ന ഗവേഷകനും വാഗ്ഗേയകാരനും നിറഞ്ഞു പതയുന്നതുകൊണ്ടായിരിക്കണം. ആര്‍ക്കും അത്ര പെട്ടെന്ന് അനുകരിക്കന്‍ സാദ്ധ്യമാവാത്തതിന്റെ കാരണം അവര്‍ക്കൊന്നും ഈ പശ്ചാത്തലം ഇല്ലാതെ പോയതായിരിക്കണം. ഏറെക്കുറെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ അതില്‍ പൂണ്ണമായും വിജയിച്ചില്ല (ഹാവൂ!) എന്നത് നമ്മള്‍ തിരിച്ചറിഞ്ഞതാണ്. പക്ഷേ ശിഷ്യന്മാര്‍ ഏറെയുണ്ടായിരുന്നിട്ടും പിന്‍തുടര്‍ച്ച ഇല്ലാതെ പോയത് ഒരു നഷ്ടമാണെന്ന് കണക്കാക്കാന്‍ വയ്യ, പൈതൃകസമ്പത്ത് പരമ്പരപ്രാപ്തിയായി മൃത്യുപത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടതാണ്.

ഹിന്ദുസ്ഥാനിയിലെ അതിപ്രഗല്‍ഭരോടൊപ്പം പാടാനുള്ള സിദ്ധിയാര്‍ജ്ജിച്ച അപൂര്‍വ്വം കര്‍ണ്ണാടകസംഗീതജ്ഞരില്‍ ഒരാളാണ് ബാലമുരളീകൃഷ്ണ. വടക്കുള്ള വമ്പന്മാരുടെ ഇടയില്‍ കര്‍ണ്ണാടകസംഗീതത്തിനു മേല്‍ വിലാസമുണ്ടെന്ന് തെളിയിച്ച മഹാനുഭാവന്‍. തല്‍ക്ഷണരചനാപാടവം വേണ്ടുവോളമുള്ളവര്‍ക്കു മാത്രം സാധിയ്ക്കുന്ന അപൂര്‍വ്വ ഉപലബ്ധി.

''എനക്കിണയാക ഈ ദര്‍ബാറില്‍ എവരുമുണ്ടോ? '
ഈ ചോദ്യം സംഗതമാണ്.