സർക്കാർ മാറിയിട്ടും വംശഹത്യ തുടരുന്ന അട്ടപ്പാടി ഊരുകളിലൂടെ: നാരദാ ന്യൂസ് ഇൻവെസ്റ്റിഗേഷൻ

അട്ടപ്പാടിയിൽ ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ ശിശുമരണം നടന്ന വീടുകൾ സന്ദർശിച്ചു നാരദാ റിപ്പോർട്ടർ സുകേഷ് ഇമാം തയ്യാറാക്കിയ പരമ്പര... ഇന്നുമുതൽ പ്രസിദ്ധീകരിക്കുന്നു.

സർക്കാർ മാറിയിട്ടും വംശഹത്യ തുടരുന്ന അട്ടപ്പാടി ഊരുകളിലൂടെ: നാരദാ ന്യൂസ് ഇൻവെസ്റ്റിഗേഷൻ

അരചന്മാരെ ചിരിപ്പിക്കുന്ന ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം


2016 ഒക്ടോബർ 21. അട്ടപ്പാടിയിൽ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ചു നിയമസഭയിൽ മന്ത്രി എ കെ ബാലൻ പൊട്ടിച്ച തമാശ കേട്ട് ട്രഷറി ബെഞ്ച് കുടുകുടാ ചിരിച്ച ദിവസം. ഇതായിരുന്നു, ആ തമാശ:
ഒന്ന് അബോർഷനാണ്. അബോർഷനെന്നു പറയുമ്പോ നിങ്ങളുടെ കാലഘട്ടത്തിലാണ് പ്രഗ്നന്റായത്. ഇപ്പോഴാണു ഡെലിവറിയായത്. അയിന് ഞാനുത്തരവാദിയല്ല. രണ്ട്, വാൽവിന്റെ തകരാറാണ്. അതും പ്രഗ്നന്റായതു നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണു പ്രസവിച്ചത്.

തമാശ സഭാനേതാവിനും നന്നേ സുഖിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അമർത്തിച്ചിരിക്കുന്നതും ചിരി പൊത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തം. ആർത്തു ചിരിക്കാൻ മടിച്ചില്ല, സി കെ ശശീന്ദ്രൻ. മന്ത്രി ടി പി രാമകൃഷ്ണനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചിരി മറച്ചുവച്ചതേയില്ല. തമാശ വിവാദമായി വളർന്നു. വിമർശനശരങ്ങൾ എ കെ ബാലനു നേരെ പാഞ്ഞു. മന്ത്രി ഫേസ് ബുക്കിൽ വിശദീകരണമെഴുതി
. സഭയിൽ പരാമർശിക്കപ്പെട്ട ശിശുമരണങ്ങളെക്കുറിച്ച് അവിടെ ഇങ്ങനെ വിശദീകരിച്ചു.
ശിശുമരണത്തിൽ പെടാവുന്ന മൂന്നു മരണങ്ങള്‍ പിന്നീടുണ്ടായി. ജന്മനാ തലച്ചോറില്‍ ഉണ്ടായ നീർക്കെട്ടിന്റെ ഭാഗമായി മൂന്നു ദിവസം പ്രായമുള്ള ഒരു കുട്ടിയും, ഹൃദയത്തിന്റെ വാൽവിന്റെ തകരാറു കാരണം രണ്ടു മാസം പ്രായമായ മറ്റൊരു കുട്ടിയും, അബോർഷന്റെ ഭാഗമായുള്ള മറ്റൊരു മരണവുമായിരുന്നു അത്.

ജനപ്രതിനിധികൾക്കു തമാശ പറഞ്ഞു ചിരിക്കാൻ പാകത്തിനു മരിക്കാൻ, ഭാഗ്യം ചെയ്തവർക്കേ കഴിയൂ! ഷോളയൂരിലെയും ചാളയൂരിലെയും മാവുകണ്ടത്തെയും ആദിവാസിക്കുഞ്ഞുങ്ങൾ അങ്ങനെ ഭാഗ്യം ചെയ്തവരാണ്. ആ വീടുകളന്വേഷിച്ചു നാരദാന്യൂസ് അട്ടപ്പാടിയിലെത്തി.

[caption id="attachment_67931" align="alignleft" width="300"] അട്ടപ്പാടിയിൽ മരണമടഞ്ഞ മണികണ്ഠൻ[/caption]

അവിടെ, യുഡിഎഫ് ഭരണകാലത്തു ഗർഭം ധരിച്ചാൽ അബോർഷനാകും എന്ന തിരിച്ചറിവില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ആദിവാസി സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും ഞങ്ങൾ കണ്ടു. അവരെ മാത്രമല്ല, പ്രസവത്തിൽത്തന്നെ കുഞ്ഞുമരിച്ചുപോയ അഗളി പാലയൂരിലെ സരസയെയും.

ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെടുന്നുവെന്നാണു മന്ത്രി ബാലൻ നിയമസഭയിൽ പറഞ്ഞത്. പോഷകാഹാരക്കുറവല്ല മരണകാരണമെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. അങ്ങനെ സമ്മതിക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതുപോലെ.

പക്ഷേ, പ്രതിപക്ഷത്തിരുന്നപ്പോൾ ഇതായിരുന്നില്ല സമീപനം


2014. അട്ടപ്പാടിയിൽ പത്തൊമ്പതു കുട്ടികൾ മരിച്ച വർഷം. അട്ടപ്പാടിയിലെ വർദ്ധിച്ചു വരുന്ന ശിശുമരണങ്ങളെക്കുറിച്ചു പഠിക്കാൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഡോക്ടർമാരുടെ ആറംഗസംഘം നിയോഗിക്കപ്പെട്ടു. ഡോ. ബി. ഇക്ബാലായിരുന്നു സംഘത്തലവൻ. മെയ് മാസത്തിൽ സംഘം അട്ടപ്പാടി സന്ദർശിച്ചു. പഠനത്തിനു ശേഷം
അട്ടപ്പാടി: വംശഹത്യ തുടരുന്നു
എന്ന തലക്കെട്ടിൽ അദ്ദേഹം 2014 നവംബർ 11ന് ദേശാഭിമാനിയിൽ ലേഖനമെഴുതി. ആ ലേഖനത്തിൽ നിന്ന്:
അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി അക്ഷരാര്‍ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ ഗുരുതരമായ പോഷണവൈകല്യവും വിളര്‍ച്ചയുമാണ് ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞത്. മിക്ക സ്ത്രീകളും ഒന്നിലധികം തവണ ഗര്‍ഭം അലസിപ്പോയവരാണ്. കാലം തികയാത്ത പ്രസവം, തൂക്കം കുറഞ്ഞ നവജാത ശിശുക്കള്‍ തുടങ്ങിയ കാരണങ്ങള്‍മൂലമാണ് ശിശുമരണം കൂടുതലായി സംഭവിക്കുന്നതെന്നു മനസിലാക്കാന്‍ കഴിഞ്ഞു. നവജാത ശിശുക്കളില്‍ മിക്കവരുടെയും തൂക്കം 600 മുതല്‍ 800 ഗ്രാംവരെ മാത്രമാണുണ്ടായിരുന്നത്.

കുട്ടികളുടെയും അമ്മമാരുടെയും പോഷണവൈകല്യം അട്ടപ്പാടിയിലെ യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം പ്രതിപക്ഷത്തിരുന്നപ്പോൾ സിപിഎമ്മിനു ബോധ്യമായതുമാണ്. ഡോ. ബി ഇക്ബാൽ തുടരുന്നു:
അട്ടപ്പാടിയിലെ വര്‍ധിച്ചുവരുന്ന ശിശുമരണങ്ങളുടെ അടിസ്ഥാന കാരണം പോഷകാഹാരക്കുറവാണെന്ന അടിസ്ഥാന വസ്തുതയില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിനും ഇതു പരിഹരിക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പറ്റിയ വീഴ്ച മറച്ചുവയ്ക്കുന്നതിനായുമാണ് എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ കീടനാശിനികള്‍ മൂലമാണു ശിശുമരണം തുടരുന്നതെന്ന വാദവുമായി ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുള്ളത്. കൃഷിഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ കേവലം കൂലിപ്പണിക്കാരായി മാറുകയാണുണ്ടായത്. ആദിവാസിഭൂമി കൈയേറിയ മറ്റു പ്രദേശങ്ങളില്‍നിന്നുള്ളവരാണ് വന്‍തോതില്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത്.

ദേശീയ തൊഴിലുറപ്പു പദ്ധതി വഴിയും അഹാഡ്സ് പദ്ധതി പ്രകാരവുമുള്ള തൊഴിലുകളിലാണ് ആദിവാസികള്‍ ഏര്‍പ്പെട്ടുവരുന്നത്. അതുതന്നെ നിലച്ച മട്ടാണ്. കീടനാശിനികളാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ അത് ആദിവാസി ഇതര ജനസമൂഹത്തെയാണ് കൂടുതലായി ബാധിക്കേണ്ടത്. അങ്ങനെ സംഭവിക്കുന്നതായി അനുഭവങ്ങളൊന്നുമില്ല. ആ സ്ഥിതിക്ക് അടിസ്ഥാനപ്രശ്നങ്ങളില്‍നിന്നു പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനായുള്ള ഇത്തരം അവാസ്തവ പ്രസ്താവനകള്‍ അവസാനിപ്പിക്കേണ്ടതാണ്.

പരമ്പരാഗതമായി റാഗി, ചാമ, ചോളം, കുവരക്, തുവര, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ തനത് ഭക്ഷ്യവിളകള്‍ കൃഷിചെയ്ത് ജീവിച്ചവരായിരുന്നു ആദിവാസികള്‍. ഇരുമ്പും അന്നജവും മാംസ്യവുമെല്ലാം ആവശ്യാനുസരണം അടങ്ങിയിരുന്ന സന്തുലിത പോഷകാഹാരം തനത് ഭക്ഷ്യവിളകളിലൂടെ ആദിവാസികള്‍ക്കു ലഭ്യമായിരുന്നു. പിന്നീടു ഭൂമി കൈയേറ്റത്തിലൂടെ ഫലഭൂയിഷ്ഠമായ ഭൂമി ആദിവാസികള്‍ക്കു നഷ്ടപ്പെട്ടതോടെയാണ് പോഷകാഹാരക്കുറവും അതിന്റെ ഫലമായുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

റേഷന്‍ കടകള്‍ വഴി വിതരണംചെയ്യുന്ന മട്ടയരി ആദിവാസികള്‍ക്കു തീരെ സ്വീകാര്യമല്ല. അവരതു മറ്റു കടകളില്‍ നല്‍കി വെള്ളയരി വാങ്ങി ചില കറികളുമായി ചേര്‍ത്തു കഴിക്കയാണ് പതിവ്. റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും വിതരണംചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ റാഗി, ചാമ, ചോളം, കുവരക്, തുവര, തിന, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ തനത് ഭക്ഷണംകൂടി ഉള്‍പ്പെടുത്തണമെന്നും തനത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന കടകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു.

ജനിച്ചവർക്കും ജനിക്കാനിരിക്കുന്നവർക്കുമുള്ള പോഷകാഹാരക്കുറവ് അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതു പരിഹരിക്കാൻ സമയബന്ധിത പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ് സർക്കാരിന്റെ കടമയും. മരണവീട്ടിൽ സ്ഥിതിവിവരക്കണക്കുകൾ ഉച്ചത്തിൽ പാരായണം ചെയ്തെന്നു വച്ച് ഉറ്റ ബന്ധുക്കൾക്ക് ആശ്വാസമാവുകയില്ല.

ഒഴിവാക്കാന്‍ കഴിയേണ്ട കാരണങ്ങൾ മൂലമാണ് 2014ൽ 19 കുട്ടികൾ മരിച്ചത് എന്നാണ് ഡോ. ബി. ഇക്ബാലിന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നത്. ആ കാരണങ്ങൾ ഒഴിവാക്കാൻ എന്തു നടപടികളാണ് എ കെ ബാലൻ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഭരണമാറ്റത്തിനു വേണ്ടി വോട്ടു ചെയ്തവർക്ക് അറിയേണ്ടത്. ആ നടപടികളിലൂടെയാണ് ഭരണമാറ്റത്തിന്റെ രാഷ്ട്രീയം അട്ടപ്പാടിയിലെ കുടിലുകളിലെത്തുന്നത്.

ഉദാഹരണത്തിന്, ഡോ. ഇക്ബാലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച,
റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും വിതരണംചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ റാഗി, ചാമ, ചോളം, കുവരക്, തുവര, തിന, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ തനത് ഭക്ഷണംകൂടി ഉള്‍പ്പെടുത്തണമെന്നും തനത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന കടകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിക്കണ
മെന്നുമുളള നിര്‍ദേശം പാലിക്കാൻ എന്തു നടപടികളാണ് എ കെ ബാലൻ ഭരണമേറ്റ ശേഷം കൈക്കൊണ്ടത്?

വന്നു കാണൂ, ഷോളയൂരിലെ മണികണ്ഠന്റെ മരണവീട്


ഷോളയൂര്‍ സ്വര്‍ണപിരിവ് ഊരിൽ കൂലിപ്പണിക്കാരനായ രങ്കന്റേയും ഭഗവതിയുടേയും മൂത്തമകനായിരുന്നു മണികണ്ഠൻ. വയസ് പതിമൂന്ന്. മരിക്കുന്നതിന്റെ തലേന്ന് മണികണ്ഠന് വൈകീട്ട് ചെറിയ പനി വന്നു. വയറു വേദനിക്കുന്നതായും അച്ഛനോടു പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടു പോയി ഡോക്ടറെ കാണിച്ചപ്പോള്‍ രക്തം കുറവാണെന്നു പറഞ്ഞു മരുന്നു നൽകി വീട്ടിലേയ്ക്കയച്ചു. രാത്രിയോടെ പനി മാറിയിരുന്നത്രെ. പക്ഷെ പിറ്റേന്നു രാവിലെ ഏഴുമണിയോടെ മണികണ്ഠന്‍ മരിച്ചു. മണികണ്ഠന്റെ രക്തത്തിന്റെ ഹീമോഗ്ലോബിൻ അളവ് 4 g/dl മാത്രമായിരുന്നുവെന്നും ഇതായിരുന്നു മരണകാരണവുമെന്നാണ് അന്വേഷണത്തിൽ മനസിലായത്.

പക്ഷെ മണികണ്ഠന്റെ മരണകാരണം മഞ്ഞപ്പിത്തമാണെന്നായിരുന്നു പ്രചാരണം. രോഗകാരണം വയറുവേദനയായിരുന്നെന്നു മന്ത്രി എ.കെ ബാലനും പറഞ്ഞു. വിളര്‍ച്ച കാരണമാണ് കുട്ടി മരിച്ചതെന്ന് അറിയണമെങ്കില്‍ വീട്ടില്‍ ചെന്ന് അച്ഛനേയും അമ്മയേയും കാണണം. 'കുട്ടി രക്തക്കുറവ് വന്നതു കൊണ്ടാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞ'തായി മണികണ്ഠന്റെ അച്ഛന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ശിശുമരണത്തിന്റെ കണക്കിൽ മണികണ്ഠന്റെ പേരുണ്ടാവില്ല. പക്ഷേ, അട്ടപ്പാടിയിലെ കുട്ടികൾ മരണപ്പെടുന്നത് പോഷകാഹാരക്കുറവു മൂലമല്ലെന്നു വാദിക്കുന്നവർക്കൊക്കെ മണികണ്ഠന്റെ വീട്ടിലെ ഭക്ഷണമെന്തെന്ന് അറിയുമോ ആവോ!

കഞ്ഞിയ്ക്കു കറി തക്കാളിയിട്ട മുളകുവെള്ളം; അട്ടപ്പാടിക്കാരുടെ പോഷകാഹാരം


മണികണ്ഠന്റെയെന്നല്ല, മിക്ക ആദിവാസികളുടെയും വീട്ടിലെ പ്രധാന ഭക്ഷണം റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരി മാത്രമാണ്. കിട്ടുന്നത് മട്ട അരിയാണെങ്കില്‍ ആരും കഴിക്കില്ല. ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുളള ഡോക്ടർമാരുടെ സംഘം കൃത്യമായി റിപ്പോർട്ടു ചെയ്ത വസ്തുത.

മട്ടയരിയാണെങ്കിൽ അവർ കടയില്‍ നിന്നു വാങ്ങുക പോലുമില്ല. വേവാന്‍ മൂന്നു മണിക്കൂറെങ്കിലും വേണം. അരി വേകുന്നതുവരെ കാത്തിരുന്നാൽ ജോലിക്കു പോകാനാവില്ല. മാത്രമല്ല, മട്ടയരി കഴിച്ചാൽ വയറുവേദന വരുമെന്നൊരു വിശ്വാസവും അവർക്കുണ്ട്. വയറ്റുവേദന എടുക്കുന്നതു കൊണ്ടു ജോലിക്കു പോകാന്‍ കഴിയില്ലെന്നും ആദിവാസികൾ കരുതുന്നു.

ഒന്നിടവിട്ട മാസങ്ങളിലാണു മട്ടയരി വരുന്നത്. ആ മാസം ആരും അരി വാങ്ങില്ല. അതിനാൽ 30 കിലോ വെള്ളയരി കൊണ്ടു രണ്ടു മാസം കഴിച്ചു കൂട്ടേണ്ടി വരും. ചോറിനു പകരം കഞ്ഞിയാണു വെക്കുക. കറിയെന്നു പറയുന്നത് തക്കാളിയിട്ടു വെക്കുന്ന മുളകു വെള്ളമാണ്. അമ്മമാരുടെയും കുഞ്ഞുങ്ങളുടേയുമെല്ലാം ഭക്ഷണം കഞ്ഞി മാത്രമാണ്.മറ്റൊരു ഭക്ഷണവും മണികണ്ഠന്റെ കുടുംബത്തെ പോലെ ഈ ഊരിലെ 80 ഓളം വീടുകളില്‍ ഇല്ല. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി കൊണ്ട് ഇറച്ചിയും മീനുമൊന്നും വാങ്ങി കുട്ടികൾക്കു കൊടുക്കാനാവില്ല. മണികണ്ഠനു രണ്ടു സഹോദരങ്ങൾ. രണ്ടര വയസുള്ള വിഷ്ണുവും മൂന്നുമാസം പ്രായമുള്ള പരമേശും. അനിയന്മാരെ ഒക്കത്തെടുത്തു കൊണ്ടുനടന്നു കളിപ്പിക്കേണ്ട ചേട്ടനാണ് ഒരു വയറുവേദനയുടെ പിറ്റേന്നു മരിച്ചുപോയത്.

പത്തു വര്‍ഷം മുമ്പ് ഇ എം എസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നെകാല്‍ ലക്ഷം രൂപ വീടിനു കിട്ടിയതാണ് ഏക സര്‍ക്കാര്‍ സഹായം. അതിന് പേരിന് ഒരു വീടു വച്ചു. പുതിയ വീട് പാസ്സായിട്ടുണ്ട്. കിട്ടുമോ എന്നറിയില്ല. ജനനി ജന്മരക്ഷ തുടങ്ങിയ പദ്ധതികളുടെ സഹായം കിട്ടുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ രങ്കന്‍ പറഞ്ഞു.
"ആദ്യം കുറച്ചു കിട്ടി, പിന്നെ ഒന്നും കിട്ടിയിട്ടില്ല. മണികണ്ഠന്‍ മരിച്ചപ്പോള്‍ ട്രൈബല്‍ ഓഫീസര്‍ വന്ന് അമ്മ ഭഗവതിയുടെ കയ്യില്‍ ആയിരം രൂപ കൊടുത്തതാണ് അടുത്ത കാലത്ത് കിട്ടിയ സര്‍ക്കാര്‍ സഹായം".

(തുടരും)

Featured Image - മണികണ്ഠന്റെ വീടും മാതാപിതാക്കളും

Photo Credit - Sukesh Imam