അത്‌ലറ്റികോ ഡി കൊൽക്കത്ത ഐഎസ്എൽ ഫൈനലിൽ

കൊൽക്കത്തയിൽ നടന്ന ആദ്യപാദ സെമിയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കൊൽക്കത്ത വിജയിച്ചിരുന്നു. രണ്ടാംപാദ മത്സരം ഗോൾരഹിത സമനിലയിലായതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ മുൻതൂക്കം നേടിയ കൊൽക്കത്ത ഫൈനലിന് യോഗ്യത നേടുകയായിരുന്നു

അത്‌ലറ്റികോ ഡി കൊൽക്കത്ത ഐഎസ്എൽ ഫൈനലിൽ

മുംബൈ: മുംബൈ സിറ്റി എഫ്.സിയെ മറികടന്ന് അത്‌ലറ്റികോ ഡി കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മൂന്നാം സീസന്റെ ഫൈനലിൽ ഇടംപിടിച്ചു. രണ്ടാം പാദ സെമി മത്സരം സമനിലയിൽ കലാശിച്ചതിനെ തുടർന്ന് ആദ്യ പാദ മത്സരത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്ത കലാശക്കളിക്ക് യോഗ്യത നേടിയത്.

കൊൽക്കത്തയിൽ നടന്ന ആദ്യപാദ സെമിയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കൊൽക്കത്ത വിജയിച്ചിരുന്നു. രണ്ടാംപാദ മത്സരം ഗോൾരഹിത സമനിലയിലായതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ മുൻതൂക്കം നേടിയ കൊൽക്കത്ത ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ആദ്യ ടൂർണമെന്റിലെ ജേതാക്കളായ കൊൽക്കത്തയ്ക്ക് ഒരിക്കൽ കൂടി കപ്പ് കൈയിലെടുക്കാനുള്ള സുവർണ്ണാവസരമാണ് ഇതിലൂടെ പിറന്നത്.


കേരള ബ്ലാസ്റ്റേഴ്‌സും ഡൽഹി ഡയനാമോസും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാകും കൊൽക്കത്തയ്ക്ക് ഫൈനലിൽ നേരിടേണ്ടി വരിക. ആദ്യപകുതിയുടെ അവസാനം രണ്ടാം മഞ്ഞക്കാർഡ് കൊൽക്കത്തയുടെ റോബർട്ട് ലാൽത്ലാമ്വാനയ്ക്ക് കിട്ടിയ ശേഷം അതിഥികൾ പത്തുപേരുമായാണ് കളിച്ചത്. മുംബൈ താരങ്ങൾക്ക് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും പാഴാക്കിയതാണ് രണ്ടാം പാദ സെമിയിൽ മുംബൈക്ക് വിനയായത്.
ആദ്യപാദ സെമി മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട സൂപ്പർതാരം ഡീഗോ ഫോർലാന്റെ അഭാവവും രണ്ടാം പാദ സെമി മത്സരത്തിൽ മുംബൈക്ക് വിനയായി.