ഐഎസ്എൽ ആദ്യപാദ സെമിയിൽ മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് ജയം; ഫോർലാന് ചുവപ്പുകാർഡ്

ചുവപ്പുകാർഡ് കണ്ടതോടെ മുംബൈയിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ഫോർലാന് കളിക്കാനാകില്ല. 13നാണ് കൊൽക്കത്ത - മുംബൈ രണ്ടാം പാദ സെമി മത്സരം.

ഐഎസ്എൽ ആദ്യപാദ സെമിയിൽ മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് ജയം; ഫോർലാന് ചുവപ്പുകാർഡ്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയും മുംബൈ സിറ്റി എഫ്.സിയും തമ്മിൽ നടന്ന ആദ്യപാദ സെമിയിൽ കൊൽക്കത്തയ്ക്ക് ജയം. മുംബൈ മാർക്വീ താരം ഡിയഗോ ഫോർലാൻ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയ മത്സരത്തിൽ 3-2നാണ് കൊൽക്കത്ത ജയിച്ചത്.

ചുവപ്പുകാർഡ് കണ്ടതോടെ മുംബൈയിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ഫോർലാന് കളിക്കാനാകില്ല. 13നാണ് കൊൽക്കത്ത - മുംബൈ രണ്ടാം പാദ സെമി മത്സരം.

ഇരട്ടഗോളുമായി കളിയിൽ തിളങ്ങിയ ഇയാൻ ഹ്യൂമാണ് കൊൽക്കത്തയുടെ വിജയത്തിന് അടിത്തറയിട്ടത്. ലാൽ റിൻഡികെ റാൾട്ടെയും കൊൽക്കത്തയ്ക്കായി മുംബൈയുടെ വലകുലുക്കി. ലിയോ കോസ്റ്റയും ജർസനുമാണ് മുംബൈയുടെ സ്‌കോറർമാർ. മത്സരത്തിൽ പിറന്ന അഞ്ചു ഗോളുകളും ആദ്യപകുതിയിലായിരുന്നു എന്നതും പ്രത്യേകതയാണ്.


തുടക്കം മുതൽ ആവേശകരമായിരുന്നു മത്സരം. ഇന്ത്യൻ താരം ലാൽ റിൻഡിക റാൾട്ടെയിലൂടെ മൂന്നാം മിനുറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്നും സ്പാനിഷ് താരം ബോർജ ഫെർണാണ്ടസ് തൊടുത്ത പന്ത് റാൾട്ടെയുടെ തല കൊണ്ട് ഗോളാക്കുകയായിരുന്നു.
പത്താം മിനുറ്റിൽ ലിയോ കോസ്റ്റയിലൂടെ മുംബൈ ഗോൾ മടക്കി. ഫോർലാൻ എടുത്ത ഫ്രീകിക്ക് സുനിൽ ഛേത്രി ലിയോ കോസ്റ്റയ്ക്ക് കൈമാറി. കാലിൽ കിട്ടിയ പന്ത് അനായാസം വലയ്ക്കുള്ളിലെത്തിച്ചായിരുന്നു കോസ്റ്റയുടെ ഗോൾ പിറന്നത്.

19-ആം മിനുറ്റിൽ മുംബൈയാണ് രണ്ടാം ഗോൾ നേടിയത്. ഫോർലാന്റെ ഫ്രീകിക്കിൽ നിന്നായിരുന്നു ഈ ഗോളിന്റെയും പിറവി. ഫോർലാന്റെ ബൂട്ടിൽനിന്ന് ബോക്‌സിലേക്ക് പറന്നെത്തിയ പന്ത് തകർപ്പൻ ഹെഡ്ഡിംഗിലൂടെ ജേഴ്‌സൻ വിയേര ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 39-ആം മിനുറ്റിൽ ഹ്യൂമിലൂടെ കൊൽക്കത്ത സമനില കണ്ടെത്തി. റാൾട്ടെയിൽ നിന്ന് സമീഗ് ദൗത്തി വഴിയെത്തിയ പന്ത് മുംബൈ വലയിലെത്തിച്ചായിരുന്നു ഹ്യൂമിന്റെ ഗോൾ.

ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു കൊൽക്കത്തയുടെ മൂന്നാം ഗോൾ. പോസ്റ്റിഗയെ ബോക്‌സിനുള്ളിൽ റാൾട്ടെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്രി ഹ്യൂം പിഴവില്ലാതെ വലയിലാക്കി. തുടർന്ന് തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 74-ആം മിനുറ്റിലാണ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി കളത്തിന് പുറത്തുപോയത്.