ഉരുക്കുമറ ഭേദിച്ചു രഹസ്യങ്ങൾ പുറത്ത്; ആർഎസ്എസിനെ വേട്ടയാടുന്നത് അശ്വിനികുമാറിന്റെ ആത്മാവ്

മുഹമ്മദ് വധക്കേസിൽ ആർഎസ്എസ് ഉന്നത നേതാക്കളടക്കം പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എൻഡിഎഫിന്റെ പ്രതികാരം ഭയന്ന കേസിലുൾപ്പെട്ട ചിലർ അശ്വിനിയെ ബോധപൂർവം ബലികൊടുത്തുവെന്നാണ് ആരോപണം. പകരത്തിനു പകരമായി മറ്റൊരു ജീവനെടുത്തപ്പോൾ, മുഹമ്മദ് വധക്കേസിലെ മറ്റു പ്രതികൾ എൻഡിഎഫിന്റെ പ്രതികാരക്കലിയിൽ നിന്ന് രക്ഷപെടുകയും ചെയ്തു.

ഉരുക്കുമറ ഭേദിച്ചു രഹസ്യങ്ങൾ പുറത്ത്; ആർഎസ്എസിനെ വേട്ടയാടുന്നത് അശ്വിനികുമാറിന്റെ ആത്മാവ്

കണ്ണൂർ : സിപിഐഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്താൽ പത്തു കൊല്ലം മുമ്പു നടന്ന ഫസൽ വധത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന നിർണായക വിവരം പോലീസിനു ലഭിച്ചത് ആർഎസ്എസിനുള്ളിൽ നിന്നായിരുന്നു. ധൻരാജിന്റെ കൊലപാതകം ആസൂത്രണം ചെയ്ത കണ്ണൻ എന്ന തിരുവനന്തപുരം സ്വദേശിയായ പ്രചാരകൻ ആറ്റിങ്ങലിലെ കാര്യാലയത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരവും ചോർന്നത് സംഘടനയ്ക്കുള്ളിൽ നിന്നായിരുന്നുവത്രേ.

അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തു വരികയാണ്. എട്ടും പത്തും വർഷം മുമ്പു നടന്ന കൊലപാതകങ്ങളിലെ യഥാർത്ഥ പ്രതികൾ നിയമത്തിനു മുന്നിലെത്തുന്നു. വഴിയൊരുക്കുന്നത് കണ്ണൂർ ആർഎസ്എസിനുള്ളിൽ രൂക്ഷമാകുന്ന ആഭ്യന്തരകലഹവും. ഉരുക്കു ശിക്ഷണത്തിലൂടെ കെട്ടിയിട്ട നാവുകൾ പലതും അഴിയുന്നതിനു കാരണം, ഇരുപത്തഞ്ചാം വയസിൽ അതിദാരുണമായി കൊല്ലപ്പെട്ട സുസമ്മതനായ പഴയ ബൌദ്ധിക് പ്രമുഖിന്റെ ഗതികിട്ടാത്ത ആത്മാവാണെന്നു ചിന്തിക്കുന്നവർ സംഘപരിവാറിനുള്ളിൽ ഏറെയുണ്ട്.

കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പാതയിലായിരുന്നില്ല ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന അശ്വിനികുമാറിന്റെ സഞ്ചാരം. വേദങ്ങളും പുരാണങ്ങളും സാഹിത്യവും ഹൃദ്വിസ്ഥമാക്കിയ ഈ ചെറുപ്പക്കാരൻ വളരെ വേഗമാണു മലബാറിലെ ക്ഷേത്രാങ്കണങ്ങളുടെ പ്രിയങ്കരനായത്. അറിവിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിക്കാൻ ഏറെപ്പേരുള്ള സംഘടനയല്ല സംഘപരിവാർ. അതുകൊണ്ട് വേദേതിഹാസങ്ങൾ മനപ്പാഠമാക്കി പ്രസംഗിക്കുന്ന അശ്വിനികുമാറിന് ആരാധകർ ധാരാളമായി.

ഇരിട്ടി പ്രഗതി കോളജിലെ അധ്യാപകനായിരുന്ന അശ്വിനികുമാറിനെ കുട്ടികൾക്കും ജീവനായിരുന്നു. എതിർ ചേരിയിലും ഉറ്റ സുഹൃത്തുക്കളുണ്ടായി, അവരുടെ എണ്ണവും നാൾക്കുനാൾ കൂടി.

അങ്ങനെയൊരാളിനെയാണു ബസിനുള്ളിൽ വച്ച് 2005 മാർച്ച് അഞ്ചിന് എട്ടംഗ മുഖംമൂടി സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായത് എൻഡിഎഫുകാർ. 2004 ൽ എൻഡിഎഫ് അനുഭാവിയായ മുഹമ്മദിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് പ്രോസിക്യൂഷൻ.

പതിവുപോലെ പാരലൽ കോളജിലേയ്ക്കുള്ള യാത്രയിലായിരുന്നു അശ്വിനി. ബസ് പയഞ്ചേരിമുക്കിലെത്തിയപ്പോൾ ജീപ്പിൽ പിന്തുടർന്നെത്തിയ സംഘം ബസു തടഞ്ഞു ബോംബെറിഞ്ഞു. യാത്രക്കാർ പ്രാണരക്ഷാർത്ഥം പുറത്തേയ്ക്കോടി. എട്ടംഗ മുഖം മൂടി സംഘം ബസിനുളളിൽ ഇരയെ ക്രൂരമായി വെട്ടിയരിഞ്ഞു. വാളുകൊണ്ട് പലതവണ വെട്ടിയാണ് അശ്വിനികുമാറിന്റെ ജീവനെടുത്തതെന്ന് ദൃക്‌സാക്ഷികൾ നൽകിയ മൊഴിയിലുണ്ട്.

ആളിപ്പടർന്നതു കലാപം; നടന്നതു തീവെട്ടിക്കൊള്ള

ആർഎസ്എസ്സിനുള്ളിലും പൊതുസമൂഹത്തിലും ഒരുപോലെ പ്രിയങ്കരനായ അശ്വിനികുമാറിന്റെ കൊലപാതകം വൻപ്രത്യാഘാതമുണ്ടാക്കി. വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. പുന്നാട്, ഇരിട്ടി പ്രദേശങ്ങളിലെ തെരുവുകൾ കലാപകലുഷിതമായി.

പ്രതിഷേധം അതിവേഗം വർഗീയമായി. മുസ്ലിം മതസ്ഥരുടെ വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഭീതി പടർന്നതോടെ മട്ടന്നൂർ, ഇരിട്ടി മേഖലകളിലെ ബഹുഭൂരിപക്ഷവും വീടുവിട്ട് ഓടിപ്പോയി. ആക്രമിക്കപ്പെട്ട വീടുകളിലുണ്ടായിരുന്ന വിലപിടിപ്പുള്ളതെല്ലാം കവർന്നു. പൊന്നും പണവും ഇലൿട്രോണിക് സാധനങ്ങളും ഫർണിച്ചറുമെല്ലാം കൊള്ളയടിക്കപ്പെട്ടു. പട്ടാപ്പകൽ പരസ്യമായി ലോറികളിലാണ് കൊള്ളമുതൽ കവർന്നത്.

84 വീടുകൾ, 42 കടകൾ എന്നിവ കൊള്ളയടിക്കുകയും തകർക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തു. മൂന്നു പള്ളികൾക്കുനേരെ ആക്രമണമുണ്ടായി. ഇരിട്ടി, കീഴൂർ പ്രദേശങ്ങളിലാണു വ്യാപക കൊള്ള നടന്നത്. കലാപത്തിനു ശേഷം റവന്യൂ വകുപ്പ് കണക്കാക്കിയത് 4.77 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ്. കൊലപാതകത്തെത്തുടർന്നുണ്ടായ കലാപ സംഭവങ്ങളിൽ നൂറോളം കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്. പ്രദേശത്തെ ഏതാണ്ടെല്ലാ ആർഎസ്എസ് പ്രവർത്തകരും ക്രിമിനൽ കേസുകളിൽ പ്രതികളായി.

കൊള്ള മുതൽ എത്തേണ്ടിടത്ത് എത്തി... അതോടെ പ്രതിഷേധവും അണഞ്ഞു

ഈ വർഷം മാർച്ച് പത്തിന് ബിജെപി മുഖപത്രമായ ജന്മഭൂമി അശ്വിനി കുമാറിന്റെ അനുസ്മരണം പ്രസിദ്ധീകരിച്ചു. അച്ചടിച്ചു വന്നത് പത്രത്തിന്റെ പ്രാദേശിക പേജിൽ. അനുസ്മരണം തയ്യാറാക്കിയത് ബിജെപിയുടെ പ്രാദേശിക നേതാവ് സതീശൻ ഇരിട്ടി. പക്ഷേ, അശ്വിനികുമാറിനെ കൊന്നത് എൻഡിഎഫുകാരാണെന്ന വിവരം മാത്രം ആ കുറിപ്പിൽ ഉണ്ടായിരുന്നില്ല. പ്രദേശത്തെ സാധാരണ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിന് ഈ അനുസ്മരണം ഇടയാക്കി. അശ്വിനികുമാറിനെപ്പോലെ മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ബലിദാനിയുടെ സ്മൃതി ദിനത്തിൽ സംസ്ഥാന നേതാക്കളുടെ അനുസ്മരണക്കുറിപ്പുപോലും പ്രാധാന്യത്തോടെ ജന്മഭൂമി പ്രസിദ്ധീകരിക്കാറില്ല.

അശ്വിനി കുമാറിന്റെ കൊലപാതകത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സംഘപരിവാർ പ്രവർത്തകരും നേതൃത്വവും തമ്മിലുള്ള കടുത്ത അഭിപ്രായ സംഘർഷങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മേൽപ്പറഞ്ഞ അനുസ്മരണം. കേസിലുടനീളം സംഘപരിവാർ നേതൃത്വം അശ്വിനിയുടെ ഓർമ്മകളോടു കൊടുംക്രൂരതയാണു കാട്ടിയത് എന്നു പലരും രഹസ്യമായി അഭിപ്രായപ്പെടുന്നുണ്ട്.

ഒരു അഭിഭാഷകൻ ഉൾപ്പെടെ 15 എൻഡിഎഫ് പ്രവർത്തകരെയാണ് അശ്വിനികുമാർ വധക്കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് എസ്‌പി രാംദാസ് പോത്തന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം നടന്നത്. അന്നത്തെ ഡിജിപി രമൺ ശ്രീവാസ്തവ അശ്വിനികുമാറിന്റെ വീടും അക്രമം നടന്ന പ്രദേശങ്ങളും നേരിട്ടു സന്ദർശിക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീടിങ്ങോട്ടു കേസ് നടത്തുന്നതിൽ പൊലീസോ ആർഎസ്എസ് നേതൃത്വമോ യാതൊരു വിധ ശ്രദ്ധയും കൊടുത്തില്ല. കേസിലെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി മുങ്ങുകയും പലരും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറത്ത് കണ്ണൂർ നാറാത്ത് തീവ്രവാദപരിശീലനത്തിനു നേതൃത്വം നൽകിയതിന് അശ്വിനികുമാർ വധക്കേസിലെ മുഖ്യപ്രതി ശിവപുരം സ്വദേശി അസീസ് പൊലീസിന്റെ പിടിയിലാവുകയും ആ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു.

നേതൃത്വം ഉത്തരം പറയാത്ത ചോദ്യങ്ങൾ

[caption id="attachment_67213" align="alignleft" width="300"]

അശ്വിനികുമാറിന്റെ വീട്[/caption]

ഗുരുതരമായ ആരോപണങ്ങളാണ് ആർഎസ്എസ് നേതൃത്വത്തിനെതിരെ ഉയർന്നത്. അശ്വിനി കുമാറിന്റെ കൊലപാതകത്തിൽപ്പോലും ഉന്നതരിൽ ചിലരുടെ അറിവുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മുഹമ്മദ് വധക്കേസിൽ അശ്വിനി കുമാറിന്റെ പേര് ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. എതിരാളികൾക്കു സ്കെച്ചു ചെയ്യാൻ വേണ്ടി അശ്വിനി കുമാറിനെ ഒരുക്കി നിർത്തുകയായിരുന്നു എന്നായിരുന്നു ആരോപണം.

മുഹമ്മദ് വധത്തിനുള്ള പ്രതികാരം ഏതു നിമിഷവും ആർഎസ്എസ് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചുള്ള കരുതൽ പലരും എടുത്തെങ്കിലും ഹിന്ദു ഐക്യ വേദിയുടെ ജില്ലാ കൺവീനർ ആയിരുന്നിട്ടുപോലും അശ്വിനി കുമാറിനു വേണ്ടത്ര സുരക്ഷയൊരുക്കാൻ ആർഎസ്എസ് തയ്യാറായില്ല.

മുഹമ്മദ് വധക്കേസിൽ ആർഎസ്എസ് ഉന്നത നേതാക്കളടക്കം പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എൻഡിഎഫിന്റെ പ്രതികാരം ഭയന്ന കേസിലുൾപ്പെട്ട ചിലർ അശ്വിനിയെ ബോധപൂർവം ബലികൊടുത്തുവെന്നാണ് ആരോപണം. പകരത്തിനു പകരമായി മറ്റൊരു ജീവനെടുത്തപ്പോൾ, മുഹമ്മദ് വധക്കേസിലെ മറ്റു പ്രതികൾ എൻഡിഎഫിന്റെ പ്രതികാരക്കലിയിൽ നിന്നു രക്ഷപെടുകയും ചെയ്തു.

ഈ ആരോപണത്തെ ശരിവയ്ക്കും വിധമാണു തുടർ സംഭവങ്ങളുമെന്ന് ഈ അഭിപ്രായമുള്ളവർ ചൂണ്ടിക്കാട്ടുന്നു. അശ്വിനികുമാറിന്റെ കൊലപാതകത്തെ തുടർന്നു നടന്ന കലാപത്തിൽ അനേകം ആർഎസ്എസ് പ്രവർത്തകർ കേസിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ എൻഡിഎഫ് നേതൃത്വവുമായി ധാരണയുണ്ടാക്കി അശ്വിനികുമാറിന്റെ കേസ് ഉഴപ്പിയെന്നാണ് ഒരു വിഭാഗം ആർഎസ്എസുകാർ വിശ്വസിക്കുന്നത്.

അശ്വിനികുമാറിനെപ്പോലൊരാളിന്റെ കൊലപാതകം നേതാക്കൾ വിലപേശലിന് ഉപയോഗിക്കുന്നു എന്നു സംഘം പ്രവർത്തകർ തന്നെ ആരോപിച്ചിട്ടും നേതൃത്വത്തിന് മറുപടിയില്ല. മുഹമ്മദ് വധക്കേസിന്റെ കോടതി വിധി നേതാക്കൾക്ക് ആശ്വാസവും പ്രവർത്തകർക്കു നിരാശയും സമ്മാനിച്ചു. പ്രതിപ്പട്ടികയിലെ നേതാക്കളെ തെളിവില്ലെന്നു കണ്ടു കോടതി വിട്ടയച്ചു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 9 ആർഎസ്എസുകാരെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

പക്ഷേ, അശ്വിനികുമാറിന്റെ കേസു മാത്രം എങ്ങുമെത്തിയില്ല. കേസു നടത്താനും കൃത്യമായി പിന്തുടരാനും ആരുമില്ല. കേസിലെ പ്രതികൾക്ക് വിധിപോലെ ജാമ്യം ലഭിച്ചു; ജാമ്യത്തിലിറങ്ങിയ പലരും മുങ്ങി. അശ്വിനികുമാറിന്റെ കൊലപാതകശേഷം വലിയ തുകയുടെ പിരിവു നടത്തിയെന്നും എന്നാൽ അശ്വിനികുമാറിന്റെ കുടുംബത്തിന് ഒരു ചെറിയ വീടു നിർമിച്ചു നൽകിയതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പരാതിയുയർന്നു. എന്നാൽ മൌനമാണു നേതൃത്വത്തിന്റെ മറുപടി.

നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയ അശ്വിനിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മൌനത്തിലാണ്. ആഴമേറിയ ആ മൌനം വാചാലമാണ്. അശ്വിനിയുടെ സഹപ്രവർത്തകരായ പലരും സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു. സമീപകാലത്ത് അശ്വിനികുമാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണം നടന്നിരുന്നുവെങ്കിലും നേതൃത്വം ഇടപെട്ട് അതും ഒതുക്കി.

ഓർമ്മകളിലും അവഗണന

[caption id="attachment_67214" align="alignleft" width="300"] അശ്വിനികുമാർ സ്മൃതി മണ്ഡപം[/caption]

ജില്ലയിലെ മറ്റേതൊരു ബലിദാനിയേക്കാളും ആർഎസ്എസ് പ്രാധാന്യം നൽകേണ്ട വ്യക്തിയാണ് അശ്വിനികുമാർ എന്നു സംഘം പ്രവർത്തകർ പറയുന്നുണ്ടെങ്കിലും ദിനാചരണങ്ങളിലൊന്നും ആ പ്രാധാന്യം കാണാനാവില്ല.

അശ്വിനിയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സംഘപരിവാർ ഇടയ്ക്ക് ഉയർത്തിയെങ്കിലും പിന്നീടു വിഴുങ്ങി. കെ ടി ജയകൃഷ്ണന്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വിനികുമാര്‍ തുടങ്ങിയവരുടെ വധക്കേസുകളുടെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് 2012 ജൂണിൽ ബിജെപി ജില്ലാ കമ്മിറ്റി ജനകീയ പ്രക്ഷോഭ ജാഥകൾ സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം അന്വേഷണം സിബിഐയ്ക്കു വിടണമെന്നു സർക്കാരിന് അന്ത്യശാസനം നൽകുന്നുവെന്നാണ് ജാഥ ഉദ്ഘാടനം ചെയ്ത് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പ്രസംഗിച്ചത്. എന്നാൽ അതിനുശേഷം ഒരിക്കൽ പോലും അശ്വിനികുമാർ വധക്കേസിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം സംഘടന ഉന്നയിച്ചില്ല.

ശിക്ഷാ വിധി വന്ന കെ ടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം സാധ്യമാവില്ലെന്ന് ഉറപ്പുണ്ടായിട്ടും കേന്ദ്രത്തിൽ മോഡി ഭരണം നിലവിൽ വന്നതിനു ശേഷം ആ ആവശ്യം നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്നു. ഇനിയും വിചാരണ പോലും തുടങ്ങാത്ത അശ്വിനികുമാർ കേസിൽ സിബിഐ അന്വേഷണം അസാധ്യമൊന്നുമല്ല. പ്രത്യേകിച്ചും കേന്ദ്രം ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ. എന്നാൽ ഈ കേസിൽ പുനരന്വേഷണം ബിജെപിയുടെയും ആർഎസ്എസിന്റെയും അജണ്ടയിലില്ല.

അശ്വിനി വളർന്നതും അംഗീകരിക്കപ്പെട്ടതും അതിവേഗത്തിൽ...

ദേശീയതലത്തിൽ തന്നെ ആർഎസ്എസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ഗീതാഗ്രാമം' എന്ന ആശയത്തിന്റെ ഉപജ്ഞാതാവായിരുന്നു അശ്വിനികുമാർ. പുന്നാട് ഗ്രാമത്തെയൊന്നാകെ ഭഗവത് ഗീത പഠിപ്പിച്ചുകൊണ്ടാണ് ആദ്യ 'ഗീതാഗ്രാമം' സ്ഥാപിക്കപ്പെട്ടത്. പുന്നാട് വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ സാംസ്കാരിക പ്രവർത്തനങ്ങളും രാഷ്ട്രീയഭേദമെന്യേ അശ്വിനിയെ സ്വീകാര്യനാക്കിയിരുന്നു. പുന്നാട് നിവേദിതാ വിദ്യാലയത്തിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു അശ്വിനി കുമാർ. ജില്ലയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്റെ വളർച്ചയുടെ ഏക അവകാശിയും അശ്വിനികുമാറാണ്.

ഇരുപതുകൾ പിന്നിടും മുമ്പേ, ഹിന്ദു ഐക്യവേദിയുടെ ജില്ലാ കൺവീനർ, സംസ്ഥാനത്തെ അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകൻ, ആർഎസ്എസിന്റെ ബൌദ്ധിൿ പ്രമുഖ്... ഈ വളർച്ച സംഘടനയ്ക്കുള്ളിൽ ചിലരെയെങ്കിലും അരക്ഷിതരാക്കിയിരുന്നോ? ഒരുപക്ഷേ, ദേശീയതലത്തിൽത്തന്നെ ശ്രദ്ധേയമായ ചുമതലകൾ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ബുദ്ധിശാലിയും സംഘാടകനുമായ ഒരു ചെറുപ്പക്കാരനെ ഭൂമിയിൽ നിന്ന് എന്നെന്നേയ്ക്കുമായി ഒഴിവാക്കാൻ ആസൂത്രണം ചെയ്തതാണോ മുഹമ്മദ് വധം?

ജൂൺ ഏഴ്, 2004... മുഹമ്മദിനെ കൊന്നത് എന്തിനായിരുന്നു?

[caption id="attachment_67215" align="alignleft" width="322"]

ആർഎസ്എസുകാർ കൊലപ്പെടുത്തിയ പി വി മുഹമ്മദ്[/caption]

കണ്ണൂർ ജില്ലയിലാണെങ്കിലും ഇരിട്ടി രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രദേശമല്ല. തൊട്ടു ചേർന്നുകിടക്കുന്ന കൂത്തുപറമ്പ്, തലശ്ശേരി മേഖലകളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ 'ചെയിൻ റിയാക്ഷൻ' ആയി തുടരുമ്പോഴും ഇരിട്ടിയിൽ ചോരയൊഴുകിയ ചരിത്രമില്ല. തികച്ചും സമാധാനപരമായി ജീവിച്ചു വന്ന ജനത.

അവിടെയാണ് 2004 ജൂണ്‍ ഏഴിനു പുലര്‍ച്ചെ നിസ്കരിക്കാന്‍ വീട്ടില്‍നിന്നു പള്ളിയിലേക്കു പുറപ്പെട്ട പുന്നാട്ടെ മുഹമ്മദിനെ ആര്‍എസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊന്നത്.

എൻഡിഎഫ് ഇരിട്ടി സബ് ഡിവിഷൻ മുൻ കൺവീനറും പുന്നാട് ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്നു മീത്തലെ പുന്നാട് സ്വദേശിയായ പിവി മുഹമ്മദ്. മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന മകൻ ഫിറോസിനും പരിക്കേറ്റു. എന്തിനായിരുന്നു ഈ കൊലപാതകം? ഒരു സംഘർഷവുമില്ലാത്ത പ്രദേശം. ഒരു കേസിലും പ്രതിയായിരുന്നില്ല മുഹമ്മദ്. എന്നിട്ടും മുഹമ്മദിനെ വെട്ടിക്കൊന്നു. അതും പളളിയിൽ പോകുന്ന വഴിയ്ക്ക്. തിരിച്ചടി ഉറപ്പിക്കും വിധമുളള പ്രകോപനം. മനഃപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിത്തന്നെ നടത്തിയ കൊലപാതകമായിരുന്നുവെന്ന് അന്നേ പലരും നിരീക്ഷിച്ചു.

കേസന്വേഷണത്തിന്റെ ആദ്യദിനങ്ങളിൽ അശ്വിനി കുമാറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ അശ്വിനികുമാറിന്റെ പേര് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, വിലങ്ങേരി ശങ്കരൻ എന്നിവർ അടക്കം 26 പേരായിരുന്നു പ്രതികൾ.

ഏതാണ്ട് ഒരു വർഷം തികയുന്ന സമയത്ത് 2005 മാർച്ച് 5ന് അശ്വിനികുമാറിനെ കൊലപ്പെടുത്തി. പ്രത്യാഘാതം കലാപവും കൊള്ളയുമായിരുന്നു. നോക്കി വച്ചിരുന്ന വീടുകൾ ആസൂത്രിതമായി കൊള്ളയടിക്കപ്പെട്ടു. കൊള്ള മുതൽ എത്തേണ്ട സ്ഥലത്ത് എത്തിയപ്പോൾ സ്വിച്ചിട്ടതുപോലെ കലാപം നിന്നു. പിന്നെ പ്രതികാരവും പകരം വീട്ടലും സംഘർഷവും തമ്മിലടിയുമൊന്നും ഉണ്ടായില്ല. അശ്വിനികുമാറിന്റെ ഘാതകരെ നിയമം ശിക്ഷിക്കണമെന്ന നിർബന്ധം പോലും സംഘപരിവാറിനുണ്ടായിരുന്നില്ല.

അശ്വിനി കുമാർ കെട്ടിയുയർത്തിയ സ്ഥാപനങ്ങളും എത്തിച്ചേരേണ്ട കൈകളിൽ എത്തിച്ചേർന്നു. അതോടെ അശ്വിനി കുമാറിനെ സംഘപരിവാർ മറന്നു. ഇതെല്ലാം കൂട്ടി വായിക്കുന്ന സംഘപരിവാറുകാർ തന്നെയാണ്, മുഹമ്മദ് വധം വെറുതേയായിരുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നതും ഇപ്പോൾ പതിയെ പറയുന്നതും.

പുന്നാട്ടെ വീട്ടിൽ ഇപ്പോൾ അശ്വിനികുമാറിന്റെ അമ്മയും സഹോദരനും കുടുംബവുമാണ് താമസം. അമ്മയുടെ കണ്ണീരിനോടു കഴിഞ്ഞ വർഷം അച്ഛനും വിടപറഞ്ഞു. വീടിനോടു ചേർന്ന് അശ്വിനിയെ സംസ്ക്കരിച്ച സ്ഥലത്ത് സ്മാരകം പണിതിട്ടുണ്ട്. ആണ്ടിലൊരിക്കൽ അവിടെ വീരബലിദാനം ആഘോഷിക്കും. നേതാക്കൾ കുറച്ചുപേരെത്തും. അവർ പൂക്കളെറിയും. നിസംഗതയോടെ ആ സ്മാരകം അതേറ്റു വാങ്ങും.അധികവായനയ്ക്ക്:
പയ്യന്നൂരിലെ സിപിഎമ്മുകാരന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നത് നെയ്യാറ്റിൻകരക്കാരൻ… ഇതു താനെടാ ആർഎസ്എസ്…


കണ്ണൂരിലെ രാഷ്ട്രീയ കൊലകളെക്കുറിച്ച് ഒരു സാധാരണ പോലീസുകാരന് പറയാനുള്ളത്…


ഭരണം കിട്ടിയപ്പോൾ പാർടി വേണ്ട; പിണറായിയ്ക്കെതിരെ
കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുന്നു