വരന്‍ വരച്ച വരയില്‍ വധു: കല്യാണ മണ്ഡപത്തില്‍ ആശ്ചര്യം

ക്യാന്‍വാസില്‍ തന്റെ ജീവിത സഖിയെ നിമിഷങ്ങള്‍ക്കകം വരച്ചു വരന്‍ വിവാഹ വേദിയെ കൈയ്യിലെടുത്തു. നിറമുളള ജീവിതത്തിലേയ്ക്കു നിറങ്ങള്‍ ചാലിച്ചെഴുതി ഗംഭീര തുടക്കം. ആദ്യം നടുങ്ങിയെങ്കിലും സ്വന്തം രൂപം ക്യാന്‍വാസില്‍ തെളിഞ്ഞപ്പോള്‍ വധുവിന്റെ മുഖത്ത് ചിരിത്തിളക്കം.

വരന്‍ വരച്ച വരയില്‍ വധു: കല്യാണ മണ്ഡപത്തില്‍ ആശ്ചര്യം

വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി കാരണവന്‍മാരുടെ അനുഗ്രഹം വാങ്ങിയിട്ടും വരന്‍ കതിര്‍ മണ്ഡപം വിടാന്‍ കൂട്ടാക്കിയില്ല. ബന്ധുക്കളില്‍ ആശ്ചര്യവും പരിഭവവും. പുതുമയുളള എന്തെങ്കിലും കലാപരിപാടികള്‍ പ്രതീക്ഷിച്ച് അതിഥികള്‍. പെട്ടെന്നു വരന്റെ രണ്ടു സുഹൃത്തുക്കള്‍ ചാര്‍ട്ട് പേപ്പറും പെന്‍സിലുമായെത്തി. ക്യാന്‍വാസില്‍ തന്റെ ജീവിത സഖിയെ നിമിഷങ്ങള്‍ക്കകം വരച്ചു വരന്‍ വേദിയെ കൈയ്യിലെടുത്തു. നിറമുളള ജീവിതത്തിലേയ്ക്കു നിറങ്ങള്‍ ചാലിച്ചെഴുതി ഗംഭീര തുടക്കം. ആദ്യം നടുങ്ങിയെങ്കിലും സ്വന്തം രൂപം ക്യാന്‍വാസില്‍ തെളിഞ്ഞപ്പോള്‍ വധുവിന്റെ മുഖത്ത് ചിരിത്തിളക്കം.


കുറുത്തിക്കാട് നിറക്കൂട് വീട്ടില്‍ അനീഷ്(30) വിവാഹ ജീവിതത്തിലേയ്ക്കുളള ചുവടു വയ്പ്പ് ക്യാന്‍വാസിലാണ് വരച്ചിട്ടത്. വധു ചെങ്ങന്നൂര്‍ പെണ്ണുക്കര കുനംമോടി കിഴക്കതില്‍ സന്തോഷിന്റെയും വിലാസിനിയുടെയും മകള്‍ സന്ധ്യയ്ക്ക് (21) ചിത്രം സമ്മാനിച്ചതിനു ശേഷം മാത്രമാണ് അനീഷ് കതിര്‍ മണ്ഡപം വിട്ടത്. മാവേലിക്കര ചെങ്ങന്നൂര്‍ എസ്എന്‍ഡിപി ശാഖാ മന്ദിരത്തിലായിരുന്നു വിവാഹം.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് അനീഷ് നാരദാ ന്യൂസിനോട് പറഞ്ഞു. മുന്‍പില്‍ വന്നുപ്പെടുന്നതിനെയെല്ലാം ചിത്രങ്ങളാക്കാന്‍ പണ്ടേ മുതല്‍ വിരുതുളള അനീഷിന് വധുവിന്റെ ചിത്രം വരച്ചു കതിര്‍ മണ്ഡപത്തില്‍ കൈമാറണമെന്നായിരുന്നു ആഗ്രഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളോടു മാത്രമാണ് ഈ കാര്യം പറഞ്ഞിരുന്നത്. നിറങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം തന്റെ വീടിന് നിറക്കൂട് എന്നാണ് അനീഷ് പേരു നല്‍കിയത്.

നിരവധി വേദികളില്‍ അംഗീകാരം ഏറ്റു വാങ്ങിയിട്ടുളള പ്രവാസി മലയാളിയായ അനീഷ് വ്യത്യസ്തമായ പരീക്ഷണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുളള ചിത്രകാരനാണ്. ഋഷിരാജ് സിംഗ്, കലാഭവന്‍ മണി, യേശുദാസ് , മഹാത്മാഗാന്ധി തുടങ്ങിയവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അനീഷിന്റെ ശേഖരത്തിലുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന അനീഷ് ചിത്രകാരനെന്ന നിലയില്‍ അവിടെയും പ്രശസ്തനാണ്.

https://www.youtube.com/watch?v=KfDgzJk5LMc&feature=youtu.be

ചിത്രകാരനാണെന്ന് അറിയാമെങ്കിലും കതിര്‍ മണ്ഡപത്തില്‍ ഇരുന്നു ലൈവായി വരയ്ക്കുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നു സന്ധ്യ പറയുന്നു. എട്ടു മാസമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടെങ്കിലും ഒരിക്കല്‍ പോലും ഈ മോഹം തന്നോടു പറഞ്ഞിട്ടില്ലെന്നും എഞ്ചിനീയര്‍ ബിരുദധാരിയായ സന്ധ്യ പറയുന്നു.

എട്ടു വര്‍ഷമായി അനീഷ് ദുബൈയില്‍ ജോലി ചെയ്യുന്നു. വലിയൊരു ചിത്രകാരനാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പ്ലസ്ടു കഴിഞ്ഞു ജീവിത സാഹചര്യങ്ങള്‍ മൂലം ഫയര്‍ ആന്റ് സേഫ്ടി കോഴ്‌സ് പഠിച്ച് ദുബൈയില്‍ ജോലിക്കു പോകുകയായിരുന്നു.

ആര്‍ട്‌സ് ക്ലബുകളിലും സ്‌കൂള്‍ , ജില്ലാ തലങ്ങളിലുളള മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് അനീഷ്. ജോലി കഴിഞ്ഞുളള സമയം ഉപയോഗപ്പെടുത്തി വരച്ച ചിത്രങ്ങള്‍ യുഎഇയില്‍ പ്രദര്‍ശിപ്പിക്കണമെന്ന അതിയായ ആഗ്രഹവും ഈ കലാകാരനുണ്ട്. യുഎഇയുടെ ചരിത്രമാണ് തന്റെ ചിത്ര പ്രദര്‍ശനത്തിനായി അനീഷ് തെരഞ്ഞെടുത്തിരിക്കുന്നത്.പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പെയിന്റിങ്, ഇനാമല്‍ പെയിന്റിങ്, വാട്ടര്‍ കളര്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിച്ചു ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവാണ് അനീഷിനെ ശ്രദ്ധേയനാക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രമായ മൗഗ്ലിയുടെ ഓയില്‍ പെയിന്റിങ്ങാണ് കൂടുതല്‍ അംഗീകാരങ്ങള്‍ കൊണ്ടു വന്നത്.

വ്യക്തിരേഖാ ചിത്രങ്ങളിലെ പകരം വയ്ക്കാനാകാത്ത പേരുകളില്‍ ഒന്നാണ് ആനന്ദന്‍- മണിയമ്മ ദമ്പതികളുടെ ഇളയമകനായ അനീഷിന്റേത്. ദുബൈ രാഷ്ട്രപിതാവ് ഷേയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവന്‍ തുടിക്കുന്ന ചിത്രം പെന്‍സില്‍ ഉപയോഗിച്ച് വരച്ചു കമ്പനി ബോസിന്റെ സഹായത്തോടെ ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനു നല്‍കാന്‍ കഴിഞ്ഞതു സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണെന്ന് അനീഷ് പറയുന്നു. ഷെയ്ഖ് ഉപഹാരം നല്‍കി അഭിനന്ദിച്ചതോടെ പ്രവാസി ലോകത്തും അനീഷ് അറിയപ്പെടുന്ന ചിത്രകാരനായി പേരെടുക്കാന്‍ തുടങ്ങി. ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ശ്രീനാരായണഗുരു, ഇഎംഎസ് നമ്പൂതിരിപ്പാട്, ഉമ്മന്‍ ചാണ്ടി, കെജെ യേശുദാസ് തുടങ്ങി മുന്നൂറിലധികം ചിത്രങ്ങള്‍ അനീഷ് വരച്ചിട്ടുണ്ട്. ഇവ പ്രദര്‍ശിപ്പിക്കാന്‍ സ്വന്തമായി സ്ഥിരം ആര്‍ട് ഗാലറി സജ്ജമാക്കണമെന്നാണ് ആഗ്രഹം.കലാഭവന്‍ മണിയുടെ ചിത്രം പലതവണ വരച്ചുവെങ്കിലും 2012 ല്‍ ദുബൈയില്‍ വച്ചാണ് ആദ്യമായി കൈമാറുന്നത്. മണിച്ചേട്ടന്‍ ആലിംഗനം ചെയ്തു ചുംബിച്ചതു വലിയ അംഗീകാരമായി കാണുന്നുവെന്നും അനീഷ് പറയുന്നു. വൈക്കം ജയലക്ഷ്മിയുടെ ചിത്രവും കൈമാറാന്‍ സാധിച്ചതും തനിക്കു സന്തോഷം നല്‍കുന്നുവെന്നും അനീഷ് പറയുന്നു. ഷേയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രത്തില്‍ ആകൃഷ്ടനായി ദുബൈയിലെ യൂസഫ് അലിയെന്ന പോലീസ് ഓഫീസര്‍ തന്റെ ചിത്രം വരയ്ക്കണമെന്നു ആവശ്യപ്പെട്ടു മുന്നോട്ടു വന്നതും മറക്കാനാകാത്ത അനുഭവമാണെന്ന് അനീഷ് പറയുന്നു. സ്‌പോണ്‍സേഴ്‌സ് ഒത്തു വന്നാല്‍ യുഎഇയിലെ ചിത്രപ്രദര്‍ശനമെന്ന അനീഷിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടും. വരക്കൂട്ടുകളുടെ നിറമുളള സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കാനുളള ശ്രമങ്ങള്‍ക്കു തന്റെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നു ഭാര്യ സന്ധ്യ പറയുന്നു. വരകളാല്‍ തുടക്കമിട്ട ദാമ്പത്യവും ക്യാന്‍വാസില്‍ കോറിയിട്ട ജീവിതങ്ങളും പൊതിഞ്ഞു പിടിച്ചു സന്ധ്യയുടെ കൈയ്യും പിടിച്ചു അനീഷ് മുന്നോട്ടു നടക്കുന്നു നിറമുളള സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുവാന്‍.