സൈന്യത്തെ വിന്യസിച്ച നടപടി; വിമര്‍ശനത്തിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് ഗവര്‍ണര്‍; ഗവര്‍ണറുടേത് കേന്ദ്രസര്‍ക്കാരിന്റെ സ്വരമെന്ന് മമത

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയാണ് സൈന്യത്തിന്റെ നടപടിയെ അനുകൂലിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെയും രംഗത്തെത്തിയത്. സൈന്യം പോലുള്ള ഉത്തരവാദിത്വപ്പെട്ട ഏജന്‍സികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വേണ്ടത്ര ശ്രദ്ധയോടെയും രണ്ടുവട്ടം ആലോചിച്ചുമാകണമെന്ന് അദ്ദേഹം പറഞ്ഞു.

സൈന്യത്തെ വിന്യസിച്ച നടപടി; വിമര്‍ശനത്തിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് ഗവര്‍ണര്‍; ഗവര്‍ണറുടേത് കേന്ദ്രസര്‍ക്കാരിന്റെ സ്വരമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സംസ്ഥാന ഗവര്‍ണര്‍ രംഗത്ത്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയാണ് സൈന്യത്തിന്റെ നടപടിയെ അനുകൂലിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെയും രംഗത്തെത്തിയത്. സൈന്യം പോലുള്ള ഉത്തരവാദിത്വപ്പെട്ട ഏജന്‍സികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വേണ്ടത്ര ശ്രദ്ധയോടെയും രണ്ടുവട്ടം ആലോചിച്ചുമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെ, ഗവര്‍ണറുടെ പ്രതികരണം കേന്ദ്രസര്‍ക്കാരിന്റെ സ്വരമാണെന്ന് ചൂണ്ടിക്കാട്ടി മമത ബാനര്‍ജി രംഗത്തുവന്നു. കഴിഞ്ഞ എട്ടുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ടായിരുന്നില്ല. പ്രസ്താവന നടത്തുന്നതിനു മുമ്പ് ഗവര്‍ണര്‍ വിശദാംശങ്ങള്‍ പരിശോധിക്കണമായിരുന്നെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയും പോലീസിന്റെ അനുമതിയില്ലാതെയുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലേതടക്കമുള്ള ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചത്. ഇത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണെന്നു വ്യക്തമാക്കി മമതയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.

നോട്ടുനിരോധനത്തെ തുടര്‍ന്ന് താനും സര്‍ക്കാരും കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടികളാണ് ഇതൊക്കെയെന്നും മമത ആരോപിച്ചിരുന്നു. സൈന്യത്തെ വിന്യസിച്ച നടപടിയില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ 36 മണിക്കൂര്‍ മമത സെക്രട്ടേറിയറ്റിനുള്ളില്‍ സമരം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അവരുടെ ഓഫീസിനടുത്തുള്ള ടോള്‍പ്ലാസയില്‍ നിന്ന് സൈന്യം പിന്‍വലിഞ്ഞിരുന്നു.